വാതില്‍ തുറന്നിട്ട് ഓടിയ ബസുകള്‍ക്ക് പൂട്ട്; ഈടാക്കിയത് 12.69 ലക്ഷം

വാതിലുകള്‍ തുറന്നിട്ട് ബസ് ഓടിക്കുന്നത് യാത്രക്കാര്‍ വീഴാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ച് വാതിലുകള്‍ അടയ്ക്കാതെ സര്‍വീസ് നടത്തിയ 4099 ബസുകളില്‍ നിന്നായി 12,69,750 രൂപ പിഴ ഈടാക്കി. ബസുകളുടെ വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയാനായി ഓഗസ്റ്റ് 20 മുതല്‍ 26 വരെ റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐജിയുടെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത്.

വാതിലുകള്‍ തുറന്നിട്ട് ബസ് ഓടിക്കുന്നത് യാത്രക്കാര്‍ വീഴാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും ഇത് ഒഴിവാക്കാനാണ് വാതില്‍ നിര്‍ബന്ധമായും അടച്ചിരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് പൊലീസ് അറിയിപ്പ്.

മുപ്പതിനായിരത്തിലധികം ബസുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പിഴ ചുമത്തിയതിന് പുറമെ ബസ് ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസും നടത്തിയിരുന്നു. പതിവായി പരിശോധനകള്‍ നടത്താന്‍ ഹൈവേ പട്രോള്‍ യൂണിറ്റുകള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

നിയമങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്‌സ്ആപ്പ് നമ്പറില്‍ (9747001099) എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം.

Content Highlight; Kerala buses fined for driving with open doors

To advertise here,contact us