കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സണായി കലാ രാജു; എൽഡിഎഫിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയെന്ന് പ്രതികരണം

കലാ രാജുവിന് 13 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥിയായ വിജയ ശിവന് 12 വോട്ടുകൾ ലഭിച്ചു

കൊച്ചി: കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സണായി കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച കലാ രാജുവിനെ തെരഞ്ഞെടുത്തു. കലാ രാജുവിന് 13 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥിയായ വിജയ ശിവന് 12 വോട്ടുകളാണ് ലഭിച്ചത്. നേരത്തെ യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ കലാ രാജു പിന്തുണച്ചതിനെ തുടർന്ന് എൽഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായിരുന്നു.

സിപിഐഎം കൗൺസിലർ ആയിരുന്ന കലാ രാജുവിനെ പാർട്ടി പ്രവർത്തകർ തട്ടിക്കൊണ്ടുപോയത് മുതൽ നാടകീയ രംഗങ്ങളായിരുന്നു കൂത്താട്ടുകുളം നഗരസഭയിൽ അരങ്ങേറിയത്. എൽഡിഎഫിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയാണ് തന്റെ വിജയമെന്ന് കലാ രാജു പ്രതികരിച്ചു.

സിപിഐഎമ്മിന്റെ വിപ്പ് ലംഘിച്ച് മത്സരിച്ചതോടെ കലാ രാജുവിന് അയോഗ്യത നടപടികൾ നേരിടേണ്ടി വരും. ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിന് മുൻപ് നഗരസഭയ്ക്ക് മുന്നിൽ കലാ രാജുവിനെതിരെ പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകർ രംഗത്തെത്തി. കലാരാജു സിഡിഎസ് ചെയർപേഴ്സണായിരുന്ന കാലത്ത് 13 ലക്ഷത്തിലേറെ രൂപ തിരുമറി നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

Content Highlights: kalaraju elected as koothattukulam chairperson

To advertise here,contact us