പ്രവാചക കേശം 1500 വർഷം കൊണ്ട് എത്ര കിലോമീറ്റർ വളർന്നു കാണും? കാന്തപുരത്തിനെതിരെ ഡോ. ഹുസൈൻ മടവൂർ

പ്രവാചക കേശം ഒരു വർഷം കൊണ്ട് അര സെന്റീമീറ്റർ വളർന്നുവെന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കിൽ 1500 വർഷം കൊണ്ട് എത്ര കിലോമീറ്റർ വളർന്നു കാണുമെന്ന് ഹുസൈൻ മടവൂർ ചോദിച്ചു

കോഴിക്കോട്: പ്രവാചക കേശവുമായി ബന്ധപ്പെട്ട കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനക്കെതിരെ മുജാഹിദ് നേതാവ് ഡോ. ഹുസൈൻ മടവൂർ. പ്രവാചക കേശം ഒരു വർഷം കൊണ്ട് അര സെന്റീമീറ്റർ വളർന്നുവെന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കിൽ 1500 വർഷം കൊണ്ട് എത്ര കിലോമീറ്റർ വളർന്നു കാണുമെന്ന് ഹുസൈൻ മടവൂർ ചോദിച്ചു. പണം ഉണ്ടാക്കാൻ മതത്തെ ഉപയോഗിക്കുന്നു. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് മുസ്ലിം വിശ്വാസികളോട് ചെയ്യുന്ന തെറ്റാണ്. അതിൽ നിന്ന് കാന്തപുരം പിൻമാറണം. വിവാദം അവസാനിച്ച് വരുമ്പോൾ വീണ്ടും എടുത്തിടുന്നു. പ്രസ്താവന സമസ്ത നേതാക്കൾ തന്നെ തള്ളി പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാചക കേശം കൊണ്ടുവെച്ചതിനേക്കാൾ വലുതായി എന്ന അവകാശവാദമായിരുന്നു കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉന്നയിച്ചത്. കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കവെയായിരുന്നു പരാമർശം. ശഅ്റ് മുബാറക് (പ്രവാചക കേശം)നമ്മൾ കൊണ്ടുവന്ന് വെച്ചതിനേക്കാൾ അര സെന്റീമീറ്ററോളം വളർന്നിട്ടുണ്ട്. അതിനു പുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയിൽ നിന്നുള്ള വെള്ളവും മദീനയിലെ റൗളാ ഷരീഫിൽ നിന്ന് വടിച്ചെടുക്കുന്ന പൊടികളുമുണ്ട്. അവിടുത്തെ കൈവിരലുകൾ ഭൂമിയിൽ കുത്തിയപ്പോൾ പൊങ്ങി വന്ന വെള്ളവും ഉൾപ്പെടെ എല്ലാം ചേർത്ത വെള്ളമാണ് നിങ്ങൾക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങൾ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്. വൃത്തിയില്ലാത്ത സ്ഥലത്ത് കൊണ്ടുവെക്കരുത്. ബഹുമാനത്തോടെ മാത്രമേ ആ വെള്ളത്തെ കാണാവൂ എന്നുമായിരുന്നു കാന്തപുരം പറഞ്ഞത്.

പിന്നാലെ കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീൻ നദ്‌വി രംഗത്തെത്തിയിരുന്നു. പ്രവാചക കേശം എന്ന കാന്തപുരത്തിന്റെ വാദം വ്യാജമാണെന്ന് ബഹാഉദ്ദീൻ നദ്‌വി പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് കൊണ്ടുവന്നപ്പോൾ തന്നെ അത് വ്യാജമാണെന്ന് തെളിഞ്ഞതാണ്. ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി പദവി എന്നതും വ്യാജമാണ്. നബിദിനം അടുക്കുമ്പോഴുള്ള കച്ചവടമാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നും നദ്‌വി ആരോപിച്ചു. റിപ്പോർട്ടറിനോടായിരുന്നു നദ്‌വിയുടെ പ്രതികരണം.

Content Highlights:Hussain Madavoor against kanthapuram

To advertise here,contact us