കണ്ണൂര്: ഡിറ്റനേറ്റര് പൊട്ടിച്ച് യുവതിയെ കൊന്ന സംഭവത്തില് കൂടുതല് പേര്ക്ക് പങ്കുണ്ടോ എന്ന് സംശയം. കൊലപാതകത്തിന് ശേഷം പ്രതി നടത്തിയ ഫോണ്കോള് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. ശനിയാഴ്ച്ച മൂന്നുമണിയോടെയാണ് ദര്ശിതയുടെ കൊലപാതകം നടന്നത്. പ്രതി സിദ്ധരാജു ഈ സമയം മറ്റൊരു സുഹൃത്തിനെ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ആറുവര്ഷമായി ദര്ശിതയും സിദ്ധരാജുവും സുഹൃത്തുക്കളായിരുന്നു. എന്നാല്, മോഷണക്കേസിലെ പങ്ക് എന്താണെന്ന് കണ്ടെത്താന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വെളളിയാഴ്ച്ച കണ്ണൂര് കല്യാട്ടെ ദര്ശിതയുടെ ഭര്ത്താവിന്റെ വീട്ടില് നിന്നു 30 പവന് സ്വര്ണവും നാലുലക്ഷം പണവും മോഷണം പോയിരുന്നു. അന്നേദിവസം ദര്ശിത മകളുമൊത്ത് തന്റെ കര്ണാടകയിലുളള വീട്ടിലേക്ക് പോയതായിരുന്നു. സ്വര്ണം നഷ്ടമായ വിവരം അറിഞ്ഞതിനുപിന്നാലെ പൊലീസ് ദര്ശിതയെ ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ദര്ശിത മകളെ വീട്ടിലാക്കി കര്ണാടക സ്വദേശിക്കൊപ്പം പോയി എന്ന വിവരം പൊലീസിന് പിന്നീട് ലഭിച്ചു. അതിനുപിന്നാലെയാണ് യുവതിയെ ലോഡ്ജ് മുറിയില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. അവരുടെ മുഖം വികൃതമായ നിലയിലായിരുന്നു. മുറിയില് രക്തം തളംകെട്ടി കിടക്കുകയായിരുന്നു.
സാലിഗ്രാമിലെ ലോഡ്ജില്വെച്ച് ദര്ഷിതയും സുഹൃത്തും തമ്മില് വാക്കു തര്ക്കമുണ്ടാവുകയും തുടര്ന്ന് സിദ്ധരാജു ദര്ശിതയുടെ വായില് ഇലക്ട്രിക് ഡിറ്റനേറ്റര് തിരുകി ഷോക്കേല്പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. എന്നാല് കൊലപാതകത്തില് തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് കര്ണാടക പൊലീസിന് അറസ്റ്റിലായ യുവാവ് നല്കിയ മൊഴി. രാവിലെ ഒന്നിച്ച് അമ്പലത്തില് പോയിരുന്നെന്നും അതിനുശേഷമാണ് ലോഡ്ജില് മുറിയെടുത്തത്, പിന്നീട് ഭക്ഷണം വാങ്ങാന് താന് പുറത്തുപോയി. തിരികെ വന്നപ്പോള് ദര്ശിത മുറി തുറന്നില്ലെന്നും ലോഡ്ജ് ജീവനക്കാരെത്തി വാതില് തകര്ത്ത് അകത്തുകയറിയപ്പോഴാണ് ദര്ശിതയെ മരിച്ച നിലയില് കണ്ടതെന്നുമാണ് യുവാവിന്റെ മൊഴി. എന്നാല് ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
Content Highlights: Woman killed by detonator explosion: Doubts over involvement of more people