തൃപ്പൂണിത്തുറ ബിവറേജ് ഷോപ്പില്‍ ഷട്ടര്‍ കുത്തിപ്പൊളിച്ച് കള്ളന്‍ കയറി; കവര്‍ന്നത് രണ്ട് കുപ്പി മദ്യം

ബിവറേജ് ഷോപ്പിന്റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ തെക്കുഭാഗം ചൂരക്കാട് ബീവറേജ് ഷോപ്പില്‍ മോഷണം. രണ്ട് കുപ്പി മദ്യം നഷ്ടപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. 5570 രൂപ വിലവരുന്ന മദ്യമാണ് മോഷ്ടാവ് കൊണ്ടുപോയത് എന്നും ബിവറേജ് അധികൃതര്‍ പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച്ച പുലര്‍ച്ചെ 12.45നും 1.05നും ഇടയ്ക്കാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഷോപ്പിന്റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.

ബിവറേജ് ഷോപ്പില്‍ കയറിയ മോഷ്ടാവ് ആദ്യം പണം സൂക്ഷിച്ചിരിക്കുന്ന ഭാഗത്ത് തിരച്ചില്‍ നടത്തുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ പണം കിട്ടാതെ വന്നതോടെ ഇയാള്‍ വില കൂടിയ രണ്ട് ഫുള്‍ മദ്യക്കുപ്പികളെടുത്ത് കടന്നുകളയുകയായിരുന്നു. സിസിടിവിയില്‍ പെടാതിരിക്കാന്‍ ഇയാള്‍ തലചെരിച്ച് നടക്കുന്നതായും ചില ദൃശ്യങ്ങളില്‍ കാണാം. ബുധനാഴ്ച്ച രാവിലെയാണ് മോഷണ വിവരം ജീവനക്കാര്‍ അറിയുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹില്‍പ്പാലസ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Content Highlight; Thief breaks into Tripunithura beverage shop; steals two bottles of liquor

To advertise here,contact us