കൊച്ചിയില്‍ മകനെയും 26 വളര്‍ത്തുനായ്ക്കളെയും വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു: കുട്ടിയെ രക്ഷപ്പെടുത്തി

രാത്രിയായിട്ടും അച്ഛനെ കാണാതായതോടെ പരിഭ്രാന്തനായ മകന്‍ വിദേശത്തുളള അമ്മയെ വിളിച്ചു. തുടര്‍ന്ന് അമ്മ പൊലീസിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു

കൊച്ചി: കൊച്ചിയില്‍ മകനെയും 26 വളര്‍ത്തുനായ്ക്കളെയും വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു. തൃപ്പൂണിത്തുറ എരൂര്‍ അയ്യംപിളളിച്ചിറ റോഡിലാണ് സംഭവം. സുധീഷ് എസ് കുമാര്‍ എന്നയാളാണ് മുന്തിയ ഇനം നായ്ക്കള്‍ക്കൊപ്പം മകനെയും വീട്ടിലാക്കി നാടുവിട്ടത്. വിദേശത്ത് ജോലി ചെയ്യുന്ന അമ്മ പൊലീസിന്റെ സഹായം തേടി കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടി നിലവില്‍ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ്. മൂന്നുദിവസമായി വെളളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ നായ്ക്കളെ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സ് (എസ്പിസിഎ) പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

നായ്ക്കളുടെ ശല്യത്തെക്കുറിച്ച് സമീപവാസികളുടെ പരാതിയില്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ച്ച യുവാവ് നാടുവിട്ടത്. രാത്രിയായിട്ടും അച്ഛനെ കാണാതായതോടെ പരിഭ്രാന്തനായ മകന്‍ വിദേശത്തുളള അമ്മയെ വിളിച്ചു. തുടര്‍ന്ന് അമ്മ പൊലീസിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. യുവാവ് എവിടെയാണ് എന്നത് സംബന്ധിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

നായ്ക്കളുടെ നിർത്താതെയുളള കുര കേട്ട് സമീപവാസികള്‍ കൗണ്‍സിലര്‍ പി ബി സതീശനെ വിവരമറിയിക്കുകയും അദ്ദേഹം എസ്പിസിഎ പ്രവര്‍ത്തകരെ വിളിക്കുകയുമായിരുന്നു. മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ വില വരുന്ന നായ്ക്കളെയാണ് യുവാവ് വീട്ടിലാക്കി പോയത്. ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി കെ സജീവ് അറിയിച്ചു.

Content Highlights: Man fled leaving his son and 26 dogs in home, child and dogs rescued

To advertise here,contact us