ഉദയകുമാറിനെ ഉരുട്ടിക്കാെന്ന കേസ്: പ്രതികളായ അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെവിട്ടു

അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ഹൈക്കോടതി

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്. നിയമപരമായി മുന്നോട്ട് പോകുമെന്നും മകന് നീതി കിട്ടണമെന്നും വിധിക്ക് പിന്നാലെ ഉദയകുമാറിൻ്റെ അമ്മ പ്രഭാവതി അമ്മ പ്രതികരിച്ചു.

2005 സെപ്റ്റംബര്‍ 27നാണ് ഉദയകുമാര്‍ ലോക്കപ്പില്‍ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെടുകയായിരുന്നു. സ്റ്റേഷനില്‍ പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉദയകുമാറിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകളുണ്ടെന്നും വ്യക്തമായിരുന്നു.

ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. പൊലീസുകാരായ കെ ജിതകുമാര്‍, എസ് വി ശ്രീകുമാര്‍, കെ സോമന്‍ എന്നിവര്‍ ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍. ഇ കെ സാബു, ടി കെ ഹിരദാസ്, ടി അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനും വ്യാജ രേഖകള്‍ നിര്‍മിച്ചതിനും കേസ് ചുമത്തുകയായിരുന്നു.

Content Highlights: Udayakumar murder case High Court acquits all five accused policemen

To advertise here,contact us