കൊച്ചി: ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും പി കെ ഫിറോസിനെയും രൂക്ഷമായി വിമർശിച്ച് കെ ടി ജലീൽ. സൈബർ ഗുണ്ടകളെ ചുറ്റും നിർത്തി തിമർത്താടുന്ന "ത്രിമൂർത്തികൾ" എന്നാണ് ജലീൽ ഇവരെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്. സൈബർ ഗുണ്ടകളെ ഇറക്കി മഹാപരാധങ്ങളെ പ്രതിരോധിക്കാമെന്നും റീൽസെടുത്ത് കൃത്രിമ ജനകീയത ഉണ്ടാക്കിയെടുക്കാമെന്നും പുതുതലമുറയെ തെറ്റിദ്ധരിപ്പിച്ച ക്രിമിനൽ രാഷ്ട്രീയത്തിൻ്റെ വക്താക്കളാണ് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പി കെ ഫിറോസും എന്നാണ് കെ ടി ജലീലിൻ്റെ വിമർശനം. ഈ മൂവർ സംഘം യുഡിഎഫിന് ഭാരമാകുമെന്ന് ഉറപ്പാണെന്നും റീലൻമാരുടെ ഈ അവിശുദ്ധ കൂട്ടുകെട്ടിനെ കേരളം കരുതിയിരിക്കണമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
അധികാരത്തിൻ്റെയും പണത്തിൻ്റെയും മറവിൽ എന്തു തോന്നിവാസവും നടത്താമെന്നാണ് ഇവരുടെ വിചാരം. ആഢംബരഭ്രമവും കുതികാൽ വെട്ടും ചട്ടമ്പി മുതലാളിമാരുമൊത്തുള്ള ബിസിനസ് പങ്കാളിത്തവും ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധവുമുണ്ടായാൽ ഏതു ഗർഭവും അലസിപ്പിക്കാമെന്നും ഗർഭം പേറുന്നവരെ കൊന്നു കളയുമെന്ന് ഭീഷണി മുഴക്കാനും സാധിക്കുമെന്നാണ് ഇവരുടെ വിചാരമെന്നും കെ ടി ജലീൽ വിമർശിച്ചിട്ടുണ്ട്.നിരവധി സംശുദ്ധരായ ചെറുപ്പക്കാർ യൂത്ത് കോൺഗ്രസ്സിൽ ഉണ്ടായിരിക്കെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് കാളകെട്ടിച്ച് കൊണ്ടുവന്ന് തൻ്റെ പിൻഗാമിയായി ഷാഫി പറമ്പിൽ വാഴിച്ചത്. മനുഷ്യരെന്ന നിലയിൽ തെറ്റുകൾ പറ്റുക സ്വാഭാവികം. എന്നാൽ തെറ്റുകളും കടന്ന് ക്രൂരവൈകൃതങ്ങളിൽ അഭിരമിക്കുന്ന ഒരാളെ എന്തിനാണ് പാലക്കാട് പോലുള്ള നല്ല മനുഷ്യർ താമസിക്കുന്ന സ്ഥലത്തേക്ക് ഷാഫി ആനയിച്ച് കൊണ്ടുവന്നതെന്നും കെ ടി ജലീൽ ചോദിക്കുന്നുണ്ട്.
ചാരിറ്റിയുടെ മറവിൽ ഇപ്പോൾ പോലും ലക്ഷങ്ങൾ വിഴുങ്ങുന്ന മാഫിയാ തലവനെ കേരള രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന് കോൺഗ്രസ് ടിക്കറ്റിൽ തവനൂരിൽ മത്സരിപ്പിച്ചതും ഇതേ ഷാഫിയല്ലെയെന്ന ചോദ്യവും കെ ടി ജലീൽ ഉന്നയിക്കുന്നുണ്ട്. ഏതെങ്കിലും ഒരു നല്ല ആളെ രാഷ്ട്രീയത്തിൽ കുടിയിരുത്തിയ ഇന്നലെകൾ ഷാഫിക്കുണ്ടോ? കൊടും ക്രിമിനലിസവും തനി തട്ടിപ്പും ജന്മനാ രക്തത്തിൽ അലിഞ്ഞു ചേർന്ന 'രാഷ്ട്രീയ ഭീകരൻമാരെ' പൊതുപ്രവർത്തനത്തിലേക്ക് എഴുന്നള്ളിച്ച ഷാഫി പറമ്പിൽ, കേരള രാഷ്ട്രീയത്തിലെ മഹിതമായ കോൺഗ്രസ് പാരമ്പര്യത്തെയാണ് ദുർഗന്ധം വമിക്കുമാറ് മലീമസമാക്കി മാറ്റിയതെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറ്റപ്പെടുത്തുന്നുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം രാഹുൽ മാങ്കൂട്ടവുമൊത്ത് പി കെ ഫിറോസ് വിയറ്റ്നാമിലേക്ക് വിദേശയാത്ര നടത്തിയതായി ലീഗ് പ്രവർത്തകർ തന്നെ ആരോപിക്കുന്നതിൽ വല്ല സത്യവുമുണ്ടോയെന്നും കെ ടി ജലീൽ ചോദിക്കുന്നുണ്ട്. പി കെ ഫിറോസാണ് അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ലീഗ് നേതൃത്വം അറിഞ്ഞാണോ ഇത്തരമൊരു യാത്ര നടന്നിട്ടുണ്ടെങ്കിൽ അത് സംഭവിച്ചിട്ടുണ്ടാവുക? യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് മാങ്കൂട്ടത്തിലിൻ്റെ കൂടെയുള്ള ഫിറോസിൻ്റെ യാത്രയെ കുറിച്ച് വല്ലതും അറിയുമോ? ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബാദ്ധ്യതപ്പെട്ടവർ മൗനത്തിൻ്റെ ഇരുട്ടറകളിൽ നിന്ന് പുറത്തു വന്ന് സംശയ നിവാരണം വരുത്തണമെന്നും കെ ടി ജലീൽ ആവശ്യപ്പെടുന്നുണ്ട്. അന്വേഷണ ഏജൻസികൾ ഇക്കാര്യങ്ങൾ കൂടി പരിശോധിച്ചാൽ നന്നാകുമെന്നും രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും പി കെ ഫിറോസിൻ്റെയും സാമ്പത്തിക വളർച്ചയുടെ പിന്നാമ്പുറ രഹസ്യങ്ങൾക്ക് സാമ്യതകൾ ഏറെയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Content Highlights: K T Jaleel criticizes Shafi Parambil, Rahul Mamkootathil and PK Feroz