കൊച്ചി: ട്രാഫിക് പെറ്റി കേസുകളില് ഈടാക്കിയ പിഴത്തുകയില് ക്രമക്കേട് നടത്തിയതിന് സസ്പെന്ഷനിലായ വനിതാ സീനിയര് സിവില് പൊലീസ് ഓഫീസര് ശാന്തി കൃഷ്ണന് അറസ്റ്റില്. കിടങ്ങൂരിലുളള ബന്ധുവീട്ടില് നിന്ന് തിങ്കളാഴ്ച്ച രാത്രിയോടെയാണ് ശാന്തി കൃഷ്ണനെ പൊലീസ് പിടികൂടിയത്. ഹൈക്കോടതി ഇവരുടെ മുന്കൂര് ജാമ്യാപേക്ഷ തളളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് ഹാജരാകാന് കോടതി നിര്ദേശിച്ചിരുന്നെങ്കിലും ശാന്തി കൃഷ്ണന് അതിനു തയ്യാറായിരുന്നില്ല.
വഞ്ചന, വ്യാജരേഖയുണ്ടാക്കി പണം തട്ടല്, സര്ക്കാര് രേഖകള് തിരുത്തല്, അഴിമതി നിരോധന നിയമം തുടങ്ങിയ കുറ്റങ്ങളാണ് വനിതാ പൊലീസ് ഓഫീസര്ക്കുമേല് ചുമത്തിയിരിക്കുന്നത്. സര്ക്കാര് ഉദ്യോഗസ്ഥ നടത്തിയ സാമ്പത്തിക തട്ടിപ്പുകേസ് ആയതിനാല് കേസ് വിജിലന്സ് കോടതിയാണ് പരിഗണിക്കുന്നത്. വിശദമായി ചോദ്യംചെയ്യുന്നതിന് ഇന്ന് കസ്റ്റഡി അപേക്ഷ നല്കുമെന്ന് പൊലീസ് അറിയിച്ചു.
2018 ജനുവരി മുതല് 2022 ഡിസംബര് വരെ ഗതാഗത നിയമലംഘനത്തിന് പിഴത്തുകയായി മുവാറ്റുപുഴ പൊലീസ് പിരിച്ചെടുത്ത തുകയില് കൃത്രിമം കാണിച്ച് ശാന്തി കൃഷ്ണന് 20 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ബാങ്കില് അടയ്ക്കേണ്ട തുക അടയ്ക്കാതെ ട്രഷറി രസീതുകളും വൗച്ചറുകളും തിരുത്തിയും മായ്ച്ചുമാണ് തട്ടിപ്പ് നടത്തിയത്. മറ്റ് അടവുകള് കഴിഞ്ഞ് പരമാവധി 35,000 രൂപ ശമ്പളത്തുക കയ്യില് കിട്ടാവുന്ന ഉദ്യോഗസ്ഥ ഒരുലക്ഷം മുതല് ഒന്നേകാല് ലക്ഷം വരെ മാസംതോറും വിവിധ ബാങ്കുകളിലും ചിട്ടി കമ്പനികളിലും അടച്ചിരുന്നതായി പൊലീസ് അന്വേഷണത്തില് കണ്ടെത്തിയിരുന്നു.
Content Highlights: Senior Civil Police Officer Shanthi Krishnan arrested for irregularity in fines collected in traffic petty cases