'രാഹുലിനെതിരെയുള്ള അവന്തികയുടെ പരാതി വ്യാജം; ബിജെപി ആണ് ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നത്'

ബിജെപി ആണ് അവന്തികയെ കൊണ്ട് ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നതെന്നും അന്ന

കൊച്ചി: ട്രാന്‍സ് ജന്‍ഡര്‍ അവന്തികയ്‌ക്കെതിരെ ട്രാന്‍സ് ജന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന. മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ അവന്തിക നടത്തിയ ആരോപണം വ്യാജമാണെന്ന് അന്ന പറഞ്ഞു. മോശം സന്ദേശം അയച്ചെന്ന് പറഞ്ഞ് അവന്തിക പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അന്ന കൂട്ടിച്ചേര്‍ത്തു.

'കേസ് കൊടുക്കുമെന്ന് കാണിച്ച് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അവന്തിക ഭീഷണിപ്പെടുത്തിയിട്ടുണ്ട്. രാഹുലും അവന്തികയും അടുത്ത സുഹൃത്തുക്കളാണ്. ഞാനും അവന്തികയും വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുന്നവരാണ്. മോശം മെസ്സേജ് അയച്ചു എന്ന് അവന്തിക തെളിയിക്കട്ടെ. രാഹുലിനോട് അവന്തികയ്ക്ക് ക്രഷ് ആണെന്ന് പറയുന്ന ഓഡിയോ ക്ലിപ് ഉണ്ട്', അന്ന പറഞ്ഞു.

ബിജെപി നേതാവ് പ്രശാന്ത് ശിവനോട് ക്രഷ് ആണെന്നും അവന്തിക പറഞ്ഞിട്ടുണ്ടെന്നും അന്ന കൂട്ടിച്ചേര്‍ക്കുന്നു. രാഹുലിനെതിരായ പരാതികള്‍ കോടതിയില്‍ തെളിയട്ടെ. കോണ്‍ഗ്രസ് എടുക്കുന്ന നടപടിക്കൊപ്പം ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അന്ന കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലുമായി അവന്തികയാണ് അങ്ങോട്ട് ചാറ്റ് ചെയ്യാന്‍ തുടങ്ങിയതെന്നും അന്ന പറഞ്ഞു.

'ഇങ്ങോട്ട് അതുപോലെ പെരുമാറുമ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് അവന്തികയുടെ സ്ഥിരം പരിപാടിയാണ്. ബിജെപി ആണ് അവന്തികയെ കൊണ്ട് ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. ബിജെപിയില്‍ നില്‍ക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം ഉണ്ടെന്ന് പറഞ്ഞിരുന്നു. രാഹുല്‍ അത് സ്വാഗതം ചെയ്തിരുന്നു', അന്ന വ്യക്തമാക്കി.

നിരവധി ആരോപണം ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിയിരുന്നു. പിന്നാലെ അവന്തികയും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അയാള്‍ പറഞ്ഞെന്നുമായിരുന്നു അവന്തികയുടെ ആരോപണം. ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള്‍ തനിക്ക് അയച്ചതെന്നും അവന്തിക പറഞ്ഞു. ഡിബേറ്റ് വിത്ത് ഡോ. അരുണ്‍കുമാറിലായിരുന്നു അവന്തികയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ അവന്തികയുടേത് വ്യാജ ആരോപണമാണെന്ന് പറഞ്ഞ് രാഹുല്‍ രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അവന്തിക തന്നെ വിളിച്ചിരുന്നുവെന്നും രാഹുലിനെ കുടുക്കാന്‍ ശ്രമം ഉള്ളതായി തോന്നിയെന്നും അവന്തിക പറഞ്ഞിരുന്നെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഓഗസ്റ്റ് ഒന്നിന് അവന്തികയും മാധ്യമ പ്രവര്‍ത്തകനും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ഓഡിയോ മാധ്യമങ്ങളെ കേള്‍പ്പിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ഭീഷണി നേരിട്ടുവെന്ന് പറയുന്നയാള്‍ എന്തിന് ഇങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ പറയണം. ഇപ്പോള്‍ വന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ഗൂഢാലോചനയുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.

പിന്നാലെ രാഹുലിനെതിരായ ആരോപണം ആവര്‍ത്തിച്ച് അവന്തിക വീണ്ടും രംഗത്തെത്തി. ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ ടെലഗ്രാം ചാറ്റുകള്‍ പുറത്തുവിടണമെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചത് പഴയ ശബ്ദ സന്ദേശമാണെന്നുമായിരുന്നു അവന്തികയുടെ പ്രതികരണം. രാഹുലിനെതിരായ ആരോപണങ്ങള്‍ ഉയരുന്നതിന് മുന്‍പ് ആഗസ്റ്റ് ഒന്നിന് അയച്ച ശബ്ദ സന്ദേശമാണിതെന്നും അവന്തിക വ്യക്തമാക്കി.

Content Highlights: Trans Gender congress Gen secretary against Avanthika on allegation against Rahul Mamkootathil

To advertise here,contact us