കോഴിക്കോട്: താമരശ്ശേരി ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ. വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരിയിൽ നിന്നും തിരിഞ്ഞ് പോകണമെന്ന് പൊലീസ്. വാഹനങ്ങൾ പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ജെസിബികൾ ഉപയോഗിച്ചാണ് മണ്ണ് മാറ്റുന്നത്. പാറ പൊട്ടിച്ച് നീക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഒരു നിരയായി വയനാട് ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾ ചുരത്തിലൂടെ കടത്തിവിട്ടു തുടങ്ങി. വയനാട്ടിലേക്ക് പോകുന്നതും തിരിച്ചുവരുന്നതുമായ നിരവധി വാഹനങ്ങളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. അതേസമയം ഗതാഗതം നിരോധിച്ചതോടെ താമരശ്ശേരി ചുരം വഴി കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
മണ്ണ് വീണ്ടും ഇടിയാനുള്ള സാധ്യതയുണ്ടെന്നും കളക്ടറും ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയതായും മന്ത്രി ഒ ആർ കേളു നേരത്തെ റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. രാത്രിയിലെ മണ്ണുനീക്കം പ്രതിസന്ധിയാണെങ്കിലും പരമാവധി വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒരു ഭാഗം ഗതാഗതം പുനഃസ്ഥാപിച്ച് ഗതാഗതകുരുക്ക് ഒഴിവാക്കാനാണ് ശ്രമമമെന്നും മന്ത്രി പറഞ്ഞു. അതേസമയം വാഹനങ്ങൾ റോഡുകളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ സംഭവസ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമാണെന്നും മന്ത്രി പറഞ്ഞു.
Content Highlights: Landslide near Thamarassery Churam View Point; Traffic Restriction