കൽപറ്റ: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട സാഹചര്യത്തിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീട് വെച്ച് നൽകുമെന്ന് പറഞ്ഞ് പിരിച്ച കോടികളുടെ ഉത്തരവാദിത്വം ഇനി ആർക്കാണെന്ന് കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കണമെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ജനങ്ങളെ മാത്രമല്ല വയനാട്ടിലെ ഒരു കൂട്ടം ആളുകളെ കൂടിയാണ് കോൺഗ്രസ് നേതൃത്വം പിന്നിൽ നിന്ന് കുത്തിയിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അടിമുടി വ്യാജനാണ് എന്ന് ബോധ്യമുള്ള ഒരാളെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീട് വെച്ച് നൽകുന്നതിനായി പണപ്പിരിവിന് അവസരം നൽകിയത് കോൺഗ്രസ് നേതൃത്വമായിരുന്നു. കോടികൾ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടി പിരിച്ചുവെന്നതിൽ യൂത്ത് കോൺഗ്രസുകാർക്ക് പോലും തർക്കമുണ്ടാകില്ല. പണം അടിച്ച് മാറ്റിയത് ചോദ്യം ചെയ്ത വയനാട്ടിൽ നിന്നുള്ളവർ അടക്കം നിരവധി കോൺഗ്രസ് നേതാക്കളെ സംഘടനയിൽ നിന്ന് പുറത്താക്കായതും നമുക്ക് മുന്നിലുണ്ട്. സ്ത്രീപീഡനം ഉൾപ്പെടെയുള്ള പരാതിയിൽ മുഖം നഷ്ടപ്പെട്ട നേതാവിനെ വെളുപ്പിച്ചെടുക്കാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന പി ആർ പണിക്ക് ലക്ഷങ്ങൾ തന്നെ ചെലവിടുന്നുണ്ടെന്നത് വ്യക്തമാണ്. ഈ പണം എവിടെ നിന്ന് വന്നതാണെന്നും റഫീഖ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ജനങ്ങളെ മാത്രമല്ല വയനാട്ടിലെ ഒരു കൂട്ടം ആളുകളെ കൂടിയാണ് കോൺഗ്രസ് നേതൃത്വം പിന്നിൽ നിന്ന് കുത്തിയിരിക്കുന്നത്.അടിമുടി വ്യാജനാണ് എന്ന് ബോധ്യമുള്ള ഒരാളെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീട് വെച്ച് നൽകുന്നതിനായി പണപ്പിരിവിന് അവസരം നൽകിയത് കോൺഗ്രസ് നേതൃത്വമായിരുന്നു. 8 ലക്ഷം രൂപ ചെലവിൽ 30 വീടുകൾ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വച്ച് നൽകുമെന്ന് പ്രഖ്യാപിച്ചായിരുന്നു കോടികളുടെ പണപ്പിരിവ്. ഏതാണ്ട് നാലു കോടിയോളം രൂപ പിരിച്ചെന്നാണ് യൂത്ത് കോൺഗ്രസുകാർ തന്നെ പറഞ്ഞതായി വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. എന്നാൽ 88 ലക്ഷം രൂപ മാത്രം പിരിഞ്ഞ് കിട്ടിയെന്നാണ് ലൈംഗീകാരോപണമുൾപ്പെടെയുള്ള ഗുരുതരമായ തെളിവുകൾ പുറത്ത് വന്നതിനെ തുടർന്ന് സ്ഥാനം രാജിവച്ച, പണപ്പിരിവിന് നേതൃത്വം നൽകിയ മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് പരസ്യമായി പറഞ്ഞത്. എന്തായാലും കോടികൾ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടി പിരിച്ചുവെന്നതിൽ യൂത്ത് കോൺഗ്രസുകാർക്ക് പോലും തർക്കമുണ്ടാകില്ല. പണം അടിച്ച് മാറ്റിയത് ചോദ്യം ചെയ്ത വയനാട്ടിൽ നിന്നുള്ളവർ അടക്കം നിരവധി കോൺഗ്രസ് നേതാക്കളെ സംഘടനയിൽ നിന്ന് പുറത്താക്കായതും നമുക്ക് മുന്നിലുണ്ട്.
ലൈംഗികാതിക്രമണമുൾപ്പെടെയുള്ള ഒരുപാട് ക്രിമിനൽ പ്രവർത്തികളുടെ ഗുരുതരമായ തെളിവുകൾ ഓരോന്നായി പുറത്ത് വന്നതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട സാഹചര്യത്തിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീട് വച്ച് നൽകുമെന്ന് പറഞ്ഞ് പിരിച്ച കോടികളുടെയും വാഗ്ദാനം ചെയ്യപ്പെട്ട 30വീടുകളുടെയും ഉത്തരവാദിത്വം ഇനി ആർക്കാണെന്ന് കെപിസിസി പ്രസിഡൻ്റ് വ്യക്തമാകേണ്ടതുണ്ട്. കോടികൾ പിരിച്ചിട്ടും അക്കൗണ്ടിൽ ബാക്കിയുണ്ടെന്ന് പറയുന്ന 88ലക്ഷം ഇപ്പോഴും അക്കൗണ്ടിൽ ഉണ്ടോ എന്നതിലും കോൺഗ്രസ് നേതൃത്വം വ്യക്തത വരുത്തണംമുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പേരിൽ പിരിച്ച കോടികളുടെ ഒരു പങ്ക് എവിടെ പോയി എന്നത് ഇപ്പോൾ വ്യക്തമാകുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട കോൺഗ്രസിലെ വനിതാ നേതാക്കൾക്കെതിരെ സൈബർ അറ്റാക്ക് നടത്താൻ ഈ പണത്തിൻ്റെ പങ്ക് ഉപയോഗിച്ചു എന്ന് വേണം കാണാൻ. സ്ത്രീപീഡനം ഉൾപ്പെടെയുള്ള പരാതിയിൽ മുഖം നഷ്ടപ്പെട്ട നേതാവിനെ വെളുപ്പിച്ചെടുക്കാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന പി ആർ പണിക്ക് ലക്ഷങ്ങൾ തന്നെ ചെലവിടുന്നുണ്ടെന്നത് വ്യക്തമാണ്. ഈ പണം മറ്റെവിടെ നിന്ന് വന്നതാണ്?. ദുരന്ത ബാധിതരുടെ പേരിൽ പിരിച്ച, കണക്കിൽ വരാത്ത കോടികളുടെ ഒരു പങ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്ത്രീകളോട് ലൈംഗിക വൈകൃതത്തോടെ പേരുമാറിയതിൻ്റെ പേരിൽ മുഖം നഷ്ടപ്പെട്ട മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ പുട്ടിയിട്ട് വെളുപ്പിക്കാൻ ചെലവഴിച്ച് കൊണ്ടിരിക്കുന്നത്.
എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കൾ പലരും ഒരു നേരം ഇരുട്ടി വെളുക്കുന്നതിന് മുമ്പ് നിലപാട് തിരുത്തിയത് എന്തിനാണെന്നതിൽ കോൺഗ്രസിലെ മൂന്നംഗ കറക്ക് കമ്പനി ടീമിൻ്റെ കൗശലം വ്യക്തമാണ്. പാലക്കാട് എംഎൽഎയെ കൈവിട്ടാൽ മറ്റ് കാര്യങ്ങൾക്കൊപ്പം ദുരന്ത ബാധിതരുടെ പേരിൽ പിരിച്ച, കണക്കിൽ വരാത്ത കോടികളുടെ ഷെയർ ആർക്കൊക്കെ കിട്ടിയെന്നതും പുറത്ത് വരുമെന്ന് നിശ്ചയമാണ്. രാജിവേണ്ടെന്ന തീരുമാനത്തിന് പിന്നിലും ഈ കൊടുക്കൽ വാങ്ങലുകൾ ഉണ്ടെന്നതിൽ ആർക്കാണ് സംശയമുള്ളത്.ഈ നിലയിൽ വയനാട്ടുകാരെ കൂടി പിന്നിൽ നിന്ന് കുത്തിയാണ് രാഹുലിൻ്റെ വിഷയത്തിൽ കോൺഗ്രസ് നിലപാട്. ദുരന്ത ബാധിതരുടെ പേരിൽ പിരിച്ച, കണക്കിൽ വരാത്ത കോടികളുടെ ഉത്തരവാദിത്തം ആരേറ്റെടുക്കും എന്ന ചോദ്യത്തിന് കോൺഗ്രസ് നേതൃത്വം മറുപടി പറഞ്ഞേ മതിയാകു. വാഗ്ദാനം ചെയ്ത 30 വീടുകളുടെ ഉത്തരവാദിത്വം ആർക്കാണെന്നും കെപിസിസി നേതൃത്വം ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്.
വയനാട്ടിലെ ദുരന്തബാധിതരുടെ പേരിൽ കേരളത്തിലെ ബഹുജനങ്ങളെ വഞ്ചിച്ച നേതാവിൻ്റെ മേൽ കോൺഗ്രസിന് ഇനി ഉത്തരവാദിത്വം ഇല്ലെന്ന് പറയുമ്പോൾ അതിനാൽ തന്നെ പാലക്കാടുകാരും വയനാട്ടുകാരും ഒരുപോലെ വഞ്ചിതരായിരിക്കുകയാണ്. എന്ത് പ്രശ്നത്തിന് പരിഹാരം കണ്ടു എന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത് എന്ന് എന്തായാലും മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് കൂടി ബോധ്യപ്പെടേണ്ടതുണ്ട്. അത് വ്യക്തമാക്കേണ്ട ബാധ്യത കെ പി സി സി നേതൃത്വത്തിനും ഉണ്ട്.കെ റഫീഖ്
Content Highlights: k rafeeq's fb post against rahul mamkootathil