തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്ഡ് മെമ്പര് ശ്രീജയുടെ മരണത്തില് സിപിഐഎമ്മിനെതിരെ രൂക്ഷവിമര്ശനവുമായി കോണ്ഗ്രസ് നേതാവും മുന് എംഎല്എയുമായ കെ എസ് ശബരീനാഥന്. സ്ത്രീ സംരക്ഷകര് എന്ന് പ്രഖ്യാപിക്കുന്ന സിപിഐഎമ്മുകാര് തന്നെയാണ് ശ്രീജയുടെ മരണത്തിന് ഉത്തരവാദിയെന്ന് ശബരീനാഥന് ആരോപിച്ചു. ഒരു വഴിമുന്നില്ത്തെളിഞ്ഞ് സാമ്പത്തിക ബാധ്യതകള് തീര്ക്കാന് ശ്രീജ തുടങ്ങുമ്പോഴാണ് ഇല്ലാക്കഥകള് പറഞ്ഞ് സിപിഐഎം അവരെ തേജോവധം ചെയ്തതെന്നും കെ എസ് ശബരീനാഥന് ആരോപിച്ചു.
ശ്രീജ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് ശ്രീജയെ വീട്ടില് മരിച്ച നിലയില് കണ്ടെത്തിയത്. പെണ്മക്കളുടെ വിവാഹ ആവശ്യത്തിന് പലരില് നിന്നായി വാങ്ങിയ 20 ലക്ഷത്തോളം രൂപയുടെ കടം ശ്രീജക്ക് ഉണ്ടായിരുന്നു. കെഎസ്എഫ്ഇയില് നിന്ന് ലോണ് എടുത്ത് കടം വീട്ടാന് കുടുംബം തീരുമാനിച്ചിരുന്നു. എന്നാല് കോണ്ഗ്രസ് വാര്ഡ്മെമ്പറായ ശ്രീജയെ ഈ കടത്തിന്റെ പേര് പറഞ്ഞ് സിപിഐഎം പണം തട്ടിപ്പ് കാരിയായി ചിത്രീകരിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നുമാണ് ആരോപണം. ഇന്നലെ ശ്രീജയ്ക്കെതിരെ ആര്യനാട് ജംഗ്ഷനില് വച്ച് സിപിഐഎം പ്രതിഷേധ യോഗം നടത്തിയിരുന്നു. ഇതില് മനം നൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണരൂപം-
ശ്രീജ മെമ്പറുടെ മരണ വാര്ത്ത കേട്ടാണ് ഇന്ന് ഉണര്ന്നത്. ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്ഡ് മെമ്പറും മഹിളാ കോണ്ഗ്രസ് നേതാവുമായിരുന്ന ശ്രീജ ഒരു പക്ഷേ ജില്ലയിലെ ഒരു വാര്ഡിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ച് ജനപ്രതിനിധിയായത്. നല്ലൊരു ജനപ്രതിനിധി എന്ന നിലയില് എല്ലാവര്ക്കും സ്വീകാര്യയായി മുന്നോട്ടുപോകുമ്പോളാണ് ചില സാമ്പത്തിക ബാധ്യതകള് വന്നത്. ഈ ബാധ്യതകള് അവസാനിപ്പിക്കാനുള്ള പരിശ്രമങ്ങള് കഴിഞ്ഞ കുറെ കാലമായി നടക്കുകയായിരുന്നു.
ഏകദേശം ഒരു വഴി മുന്നില് തെളിഞ്ഞിട്ട് ബാധ്യതകള് തീര്ക്കാന് തുടങ്ങുമ്പോഴാണ് ഇല്ലാക്കഥകള് പറഞ്ഞു സിപിഎം അവരെ തേജോവധം ചെയ്തത്. കള്ള പ്രചാരണവും സോഷ്യല് മീഡിയയിലെ അപവാദങ്ങളും കഴിഞ്ഞു അടുത്ത ഘട്ടമായി ഇന്നലെ ആര്യനാട് ജംഗ്ഷനില് ഇന്നലെ സിപിഎം നടത്തിയ പൊതുയോഗത്തില് ഹീനമായ കഥകള് കെട്ടിച്ചമക്കുകയും പൊതുമധ്യത്തില് വാക്കുകളാല് വിചാരണചെയ്യുകയും ചെയ്തു. ഇതു കൂടിയായപ്പോള് അപമാനം സഹിക്കാന് കഴിയാതെ ശ്രീജ മെമ്പര് മരണത്തിലേക്കുള്ള പാത സ്വയം തിരഞ്ഞെടുത്തു .സ്ത്രീ സംരക്ഷകര് എന്ന് പ്രഖ്യാപിക്കുന്ന സിപിഎംകാര് തന്നെയാണ് ഈ മരണത്തിന് ഉത്തരവാദി. ഉയര്ന്ന സ്ഥാനങ്ങള് വഹിക്കുന്ന സിപിഎം നേതാക്കള്ക്ക് എതിരെ ശക്തമായ നടപടികള് എടുക്കാന് സര്ക്കാര് തയ്യാറാകണം.
Content Highlights: CPIM Responsible for Sreeja's death Alleges K S Sabarinadhan