പാലക്കാട്: ആര്എസ്എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യാ പീഠം സ്കൂളിലെ സ്ഫോടനത്തില് ഗുരുതര ആരോപണവുമായി സിപിഐഎം. ആര്എസ്എസ് കാര്യാലയങ്ങള് ആയുധപ്പുരകളാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടി ഇ എന് സുരേഷ് ബാബു പറഞ്ഞു. ആര്എസ്എസ് കാര്യാലയങ്ങള് റെയ്ഡ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
'സ്കൂളില് നിന്ന് കണ്ടെത്തിയത് ബോംബാണ്. ആര്എസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിലാണ് ബോംബ് കണ്ടെത്തിയത്. സമാധാന അന്തരീക്ഷം തകര്ക്കാനുള്ള ആര്എസ്എസ് ശ്രമത്തിന്റെ ഭാഗമാണിത്. വര്ഗീയ സംഘര്ഷത്തിലേക്ക് ലക്ഷ്യം വെച്ചുള്ള പല കാര്യങ്ങളും പാലക്കാട് നടത്തിയിരുന്നു', ഇ എന് സുരേഷ് ബാബു പറഞ്ഞു.
മുന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില് എംഎല്എയുടെ വിഷയം പോലെ തന്നെ ഗൗരവം ഉള്ള വിഷയം ആയിരുന്നു ബോംബ് പ്രശ്നമെന്ന് സുരേഷ് ബാബു കൂട്ടിച്ചേര്ത്തു. രാഹുലിന്റെ ഓഫീസിലേക്ക് രാത്രി തന്നെ ആദ്യം ബിജെപി മാര്ച്ച് നടത്തിയത് ബോംബ് വിഷയം മറയ്ക്കാനാണെന്ന് സുരേഷ് ബാബു ആരോപിച്ചു.
20ന് വൈകിട്ടാണ് വ്യാസ വിദ്യാ പീഠം സ്കൂള് പരിസരത്ത് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില് പത്തുവയസുകാരനും വയോധികക്കും പരിക്കേറ്റിരുന്നു. പന്നിപ്പടക്കമായിരുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല് നാടന് ബോംബാണ് പൊട്ടിത്തെറിച്ചതെന്ന നിഗമനത്തില് പൊലീസ് എത്തുകയായിരുന്നു. പക്ഷേ, സ്ഫോടനത്തില് പിന്നിലാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
Content Highlights: CPIM Palakkad secretary against RSS on blast issue at Palakkad school