പാലക്കാട്: എംഎല്എ സ്ഥാനത്തിരിക്കാന് യോഗ്യനാണോയെന്ന് രാഹുല് മാങ്കൂട്ടത്തില് സ്വയം ചിന്തിക്കണമെന്ന് എഴുത്തുകാരന് ബെന്യാമിന്. കേരള ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണിത്. സസ്പെന്ഡ് ചെയ്യാനുള്ള കോണ്ഗ്രസിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. എന്നാല് അതൊരു താല്ക്കാലിക നടപടിയായിട്ടാണ് തോന്നിയത്. മണ്ഡലത്തില് പ്രവര്ത്തിക്കേണ്ട ഒരാള് മാറി നില്ക്കുകയെന്നത് ജനങ്ങള്ക്ക് നഷ്ടമാണെന്നും ബെന്യാമിന് പറഞ്ഞു.
'ഖേദകരമായ സംഭവവികാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജനപ്രതിനിധികളില് നിന്നും ഉണ്ടാകാന് പാടില്ലാത്ത തരത്തിലുള്ള പ്രതികരണങ്ങള് ഉണ്ടാകുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന് കഴിയുന്നത്. നിജസ്ഥിതി അറിയില്ല. കാലം തെളിയിക്കേണ്ടതാണ്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണിത്. പൊതുപ്രവര്ത്തകര് എത്രത്തോളം സംശുദ്ധരായിരിക്കണം, നീതിബോധമുള്ളവരായിരിക്കണം, സ്ത്രീകളോടും സഹപ്രവര്ത്തകരോടും എങ്ങനെ പെരുമാറരുത് എന്നതിന്റെ സമാനതകളില്ലാത്ത അനുഭവം. ജനപ്രതിനിധിയായിരിക്കാന് യോഗ്യനായ വ്യക്തിയാണോയെന്ന് അദ്ദേഹം സ്വയം തീരുമാനിക്കേണ്ടതാണ്. സസ്പെന്ഷന് താല്ക്കാലിക നടപടിയായിട്ടാണ് തോന്നുന്നത്. മണ്ഡലത്തില് പ്രവര്ത്തിക്കേണ്ട ഒരാള് മാറി നില്ക്കുകയെന്നത് ജനങ്ങള്ക്ക് നഷ്ടമാണ്', ബെന്യാമിന് പറഞ്ഞു.
ഭരണഘടനാപരമായ ഉത്തരവാദിത്തത്തില് ഇരിക്കുന്നയാളാണ് ഇതെല്ലാം ചെയ്തത് എന്നതാണ്. ഒരുവിധത്തിലും ഒരു രാഷ്ട്രീയ കക്ഷികളും ഇത്തരം ആളുകളെ സംരക്ഷിക്കാന് പാടില്ല. പൊതുസമൂഹത്തിന് കൊടുക്കേണ്ട സന്ദേശം എന്താണെന്ന് ആലോചിക്കണം എന്നും ബെന്യാമിന് പറഞ്ഞു.
രാഹുലിനെ സസ്പെന്ഡ് ചെയ്തുവെന്നത് കോണ്ഗ്രസിന്റെ വലിയ നിലപാടായി കാണുന്നില്ല. എംഎല്എ സ്ഥാനം രാജിവെച്ചാല് മാത്രമെ നല്ല നിലപാടായി കാണാനാകൂ. കോണ്ഗ്രസിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. എന്നാല് ഇതെല്ലാം തേഞ്ഞുമാഞ്ഞുപോകുമ്പോള് അദ്ദേഹത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നുവെന്നും ബെന്യാമിന് വ്യക്തമാക്കി.
Content Highlights: Benyamin against Rahul Mamkootathil over suspension