തിരുവന്തപുരം: റിപ്പോര്ട്ടര് ടിവിക്കെതിരെ ഭീഷണിയുമായി യൂത്ത് കോണ്ഗ്രസ് നേതാവ്. രാഹുല് മാങ്കൂട്ടത്തില് എംഎല്എ സ്ഥാനം രാജിവെച്ചാല് റിപ്പോര്ട്ടര് ടിവി അടിച്ച് തകര്ക്കുമെന്ന ഭീഷണിയുമായി യൂത്ത് കോണ്ഗ്രസ് പാറശ്ശാല മണ്ഡലം സെക്രട്ടറി കൊല്ലയില് ശ്യാംലാല് ആണ് രംഗത്തെത്തിയത്. തിരുവനന്തപുരത്തെ യൂത്ത് കോണ്ഗ്രസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് യൂത്ത് കോണ്ഗ്രസ് നേതാവിന്റെ ഭീഷണി സന്ദേശം വന്നത്.
'രാഹുല് മാങ്കൂട്ടത്തില് രാജിവെക്കുകയാണെങ്കില് നമ്മള് 20 പേര് കയറി റിപ്പോര്ട്ടര് ചാനലിന്റെ ഓഫീസ് അടിച്ചുപൊട്ടിക്കും. അതിനിപ്പോ റിമാന്ഡ് ആയാലും കുഴപ്പമില്ല', എന്നാണ് ശ്യാംലാല് പറയുന്നത്. 312 പേരുള്ള ഗ്രൂപ്പിലാണ് യൂത്ത് കോണ്ഗ്രസ് നേതാവിന്റെ ഭീഷണി സന്ദേശം എത്തിയത്. യൂത്ത് കോണ്ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന് നേമം ഷജീര് അടക്കമുള്ളവര് ഈ ഗ്രൂപ്പിലുണ്ട്. എന്നാല് ആരും ഇതിനെതിരെ പ്രതികരിച്ചില്ല.
യുവതിയെ ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്ന രാഹുല് മാങ്കൂട്ടത്തിലിന്റെ നിര്ണായ ഫോണ് സംഭാഷണം അടക്കം പുറത്തുകൊണ്ടുവന്നത് റിപ്പോര്ട്ടര് ടിവിയായിരുന്നു. യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല് മാങ്കൂട്ടത്തിന്റെ രാജിക്ക് കാരണമായത് ഈ ഫോൺ സന്ദേശമായിരുന്നു. യുവതിയെ ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുകയും ഭീഷണിപ്പെടുത്തുന്നതുമടക്കം ഫോണ് സംഭാഷണത്തില് വ്യക്തമായിരുന്നു. 'കൊല്ലാന് എത്രസമയം വേണമെന്നാണ് കരുതുന്നത്, ചവിട്ടും' എന്നതടക്കമായിരുന്നു രാഹുല് പറഞ്ഞത്. ഈ ഫോണ് സംഭാഷണം പുറത്തുവന്നതോടെ രാഹുല് കൂടുതല് പ്രതിരോധത്തിലായിരുന്നു. രാഹുല് മാങ്കൂട്ടത്തിലിന്റെ രാജി മുതിര്ന്ന നേതാക്കള് ആവശ്യപ്പെട്ടതായായിരുന്നു റിപ്പോര്ട്ടുകള്.
യുവ നേതാവിനെതിരെ മാധ്യമപ്രവര്ത്തകയും അഭിനേതാവുമായി റിനി ആന് ജോര്ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്ത്തക പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയര്' എന്നതായിരുന്നു യുവനേതാവിന്റെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമര്ശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളില് ഉയര്ന്നിരുന്നു.
തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്ശനവുമായി എഴുത്തുകാരി ഹണി ഭാസ്കരനും രംഗത്തെത്തിയിരുന്നു. രാഹുല് മാങ്കൂട്ടത്തില് തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്ഗ്രസ് നേതാക്കള് തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്കരന് പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല് മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള് രംഗത്തെത്തി. രാഹുല് മാങ്കൂട്ടത്തില് ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്ന ഫോണ് സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്ഡും കൈയൊഴിഞ്ഞതോടെ രാഹുല് മാങ്കൂട്ടത്തില് യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.
Content Highlights- youth congress leader threaten against reporter tv over rahul mamkootathil issue