വ്യാജനും കള്ളനും മാത്രമല്ല പേ പിടിച്ച സൈക്കോ പാത്ത്; രാഹുലിനെ കടന്നാക്രമിച്ച് പി എം ആര്‍ഷോ

'ഉമാ തോമസ്, കെ കെ രമ, ബിന്ദു കൃഷ്ണ…എന്നിവരെ പുലഭ്യം പറയുന്ന നിലയിലേക്ക് ഈ ത്രിസംഘത്തിൻ്റെ സൈബര്‍ വെട്ടുകിളികള്‍ മാറി'

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. പേ പിടിച്ച സൈക്കോ പാത്ത് ആണ് രാഹുല്‍ എന്ന് ആര്‍ഷോ കടന്നാക്രമിച്ചു. നാട്ടിലെ മനുഷ്യര്‍ക്ക് അസാമാന്യമായ ജനാധിപത്യബോധ്യം ഉള്ളതുകൊണ്ടാണ് പ്രതിഷേധം ജനകീയ വിചാരണ സദസ്സില്‍ ഒതുക്കുന്നതെന്നും ആര്‍ഷോ പറഞ്ഞു.

'പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നും മനസ്സിലാകും രാഹുല്‍ വ്യാജന്‍ മാത്രമല്ല, കള്ളന്‍ മാത്രമല്ല, സൈക്കോപ്പാത്ത് ആണെന്ന്. ഈ നാട്ടിലെ മനുഷ്യര്‍ക്ക് അസാമാന്യമായ ജനാധിപത്യബോധ്യം ഉള്ളതുകൊണ്ടാണ് മൈക്ക് കെട്ടി ജനകീയ വിചാരണ സദസ്സില്‍ ഒതുക്കുന്നതെന്ന് കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരും ഓര്‍ക്കണം. ഇല്ലായിരുന്നെങ്കില്‍ പേ പിടിച്ച സൈക്കോപാത്തിനെ തെരുവില്‍ എവിടെ കണ്ടാലും കല്ലെറിഞ്ഞ് ഓടിക്കുന്ന നിലയിലേക്ക് നാട്ടിലെ മനുഷ്യര്‍ എത്തുമായിരുന്നു', പി എം ആര്‍ഷോ പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തിലും ആര്‍ഷോ പ്രതികരിച്ചു. ഷാഫി പറമ്പില്‍-വി ഡി സതീശന്‍- രാഹുല്‍ മാങ്കൂട്ടം സംഘം ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന വെട്ടുകിളി സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പി എം ആര്‍ഷോ ആരോപിച്ചു.

'വീണിടത്ത് നിന്നും നിങ്ങള്‍ തിരിച്ചുവരേണ്ടതില്ലായെന്ന നിലയിലേക്ക് ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് എഴുതുകയാണ്. ഷാഫി പറമ്പില്‍-വി ഡി സതീശന്‍- രാഹുല്‍ മാങ്കൂട്ടം സംഘം ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന വെട്ടുകിളി സംഘമാണിത്. ഇന്നലെ നിലപാട് പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ മുഴുവന്‍ വനിതാ നേതാക്കളുടെയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നിങ്ങള്‍ പരിശോധിച്ചുനോക്കൂ. ഉമാ തോമസ്, കെ കെ രമ, ബിന്ദു കൃഷ്ണ…എന്നിവരെ പുലഭ്യം പറയുന്ന നിലയിലേക്ക് ഈ ത്രിസംഘത്തിന്റെ സൈബര്‍ വെട്ടുകിളികള്‍ മാറി', ആര്‍ഷോ പറഞ്ഞു.

അതിനിടെ സൈബര്‍ ആക്രമണത്തില്‍ ഉമാ തോമസിനെ പിന്തുണച്ച് കെഎസ്‌യു രംഗത്തെത്തി. സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കുകയും നേരിടുകയും ചെയ്യേണ്ടത് സംഘടനയുടെ ബാധ്യതയാണെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ആരെയും എന്തും പറയാം എന്നതിന്റെ ലൈസന്‍സ് ആര്‍ക്കും ഒരുഘട്ടത്തിലും ഒന്നിന്റെ പേരിലും നല്‍കിയില്ല എന്ന ബോധ്യം ഉണ്ടാവേണ്ടത് അനിവാര്യമാണ്. 'ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍' എന്ന രീതിയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഐഎം-ആര്‍എസ്എസ് ഏജന്റുമാരായ കള്ളനാണയങ്ങളെ സമൂഹം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട് എന്നും അലോഷ്യസ് ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights: Rahul Mamkootathil A Psycho Path Alleges PM Arsho

To advertise here,contact us