തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജിവെയ്ക്കെണ്ടെന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാടിനെ വിമർശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഇന്നലെ മൂന്നുമണിവരെ രാജിവെക്കണം എന്ന് പറഞ്ഞവർ അതിനുശേഷം നിലപാട് മാറ്റിയെന്ന് ചൂണ്ടിക്കാണിച്ച പത്മജ വേണുഗോപാൽ ആരുടെ ഫോൺകോൾ വന്നിട്ടാണ് അവർ അങ്ങനെ ചെയ്തതെന്നും ചോദിച്ചു. ആരാണ് സമ്മർദ്ദം ചെലുത്തിയതെന്ന ചോദ്യവും പത്മജ ഉന്നയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പരാതി ഒക്കെ നന്നായി വന്നിട്ടുണ്ടെന്നും അത് പലരുടെയും കയ്യിലുണ്ടെന്നും പത്മജ വ്യക്തമാക്കി. തനിക്കും പലതും അറിയാമെന്ന് തന്നോട് പലരും വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും പത്മജ വെളിപ്പെടുത്തി. ഇതിൽ ഒരു അന്വേഷണ കമ്മീഷനെ ഇനി രൂപീകരിക്കും. അതോടെ എല്ലാം അവസാനിക്കും. പെൺകുട്ടി വി ഡി സതീശന് പരാതി നൽകി എന്നു പറഞ്ഞു. അതിൽ എന്ത് നടപടിയാണ് ഉണ്ടായതെന്നും പത്മജ ചോദിച്ചു. തങ്ങളുടെ തടി രക്ഷിക്കണം എന്ന് മാത്രമേ എല്ലാവർക്കും ഉള്ളൂ. ഇതിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഏത് സ്ത്രീക്കാണ് മാന്യമായി അവിടെ ചെന്നു കയറാൻ കഴിയുക. സ്ത്രീകൾ ഇനിയെങ്ങനെയാണ് എംഎൽഎയെ കാണാൻ പോകുകയെന്നും പത്മജ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന് എന്തെങ്കിലും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹത്തെ സംരക്ഷിക്കാൻ ആളുണ്ടെന്നും പത്മജ ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധി വന്നു പറഞ്ഞാൽ പോലും നടപടി ഉണ്ടാകില്ല. പരാതി പറഞ്ഞവർ മോശക്കാരും തെറ്റുകാരൻ വിശുദ്ധനും ആകും. അതാണ് കോൺഗ്രസ് പാരമ്പര്യമെന്നും പണ്ടൊന്നും അങ്ങനെയായിരുന്നില്ലെന്നും പത്മജ ചൂണ്ടിക്കാണിച്ചു.
കെ മുരളീധരൻ മാത്രമാണ് രാഹുൽ വിഷയത്തിൽ എന്തെങ്കിലും ഒന്ന് പറഞ്ഞതെന്നും ബാക്കി ആരും ഒന്നും മിണ്ടിയിട്ടില്ലെന്നും പത്മജ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെടില്ല എന്ന് ബിജെപി പറഞ്ഞിട്ടുണ്ട്. രാജി വേണ്ടെന്ന് തീരുമാനിക്കാൻ അതൊന്നും അല്ല കാരണം. പലരുടെയും തല പോകും എന്നതാണ് കാരണം. രാഹുലിന്റെ കയ്യിൽ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് കുറേനാളായി കേട്ട് തുടങ്ങിയിട്ട്. കേരളത്തിലെയും ഡൽഹിയിലെയും നേതാക്കളാണ് രാഹുലിനെ സംരക്ഷിക്കുന്നതെന്നും പത്മജ കുറ്റപ്പെടുത്തി.
രാഹുൽ രാജിവെക്കരുത് എന്നതാണ് സിപിഐഎമ്മിൻ്റെ ആവശ്യമെന്നും പത്മജ പറഞ്ഞു. ഇതിങ്ങനെ തന്നെ മുന്നോട്ട് പോകണം എന്നാണ് അവരുടെ ആഗ്രഹം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാൽ സിപിഐഎമ്മിന് ഗുണമുണ്ടാകില്ല എന്നവർക്കറിയാം. കോൺഗ്രസ് നേതാക്കളെ കുറിച്ച് ധാരണയുണ്ട്. എല്ലാം ഒന്നും തുറന്നു പറയാൻ കഴിയില്ല. പണ്ടൊക്കെ ഒന്നോ രണ്ടോ ഗ്രൂപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഇപ്പോൾ എല്ലാവർക്കും ഗ്രൂപ്പാണെന്നും പത്മജ കുറ്റപ്പെടുത്തി.
Content Highlights: Padmaja Venugopal criticizes Congress over Rahul Mangkootatil issue