തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്-സ്കീം തൊഴിലാളികള്ക്ക് നല്കുന്ന ഉത്സവബത്ത 250 രൂപ വര്ധിപ്പിച്ചു. ആശാ വര്ക്കര്മാരുടെ ഉത്സവബത്ത 1,200 രൂപയില് നിന്ന് 1,450 രൂപയായി ഉയര്ത്തി. അങ്കണവാടി, ബാലവാടി ഹെല്പര്മാര്, ആയമാര് എന്നിവര്ക്കും 1,450 രൂപ വീതം ലഭിക്കും. പ്രീ-പ്രൈമറി അധ്യാപകര്, ആയമാര് എന്നിവര്ക്ക് 1,350 രൂപ ലഭിക്കും.
ബഡ്സ് സ്കൂള് അധ്യാപകരും ജീവനക്കാരും, പാലിയേറ്റീവ് കെയര് നഴ്സുമാര്, മഹിളാസമാഖ്യ സൊസൈറ്റി മെസഞ്ചര്മാര്, കിശോരി ശക്തിയോജന സ്കൂള് കൗണ്സിലര്മാര് തുടങ്ങിയവര്ക്കും 1,450 രൂപ ലഭിക്കും. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികള്ക്ക് 1,550 രൂപയാകും ഉത്സവബത്ത. പ്രേരക്മാര്, അസിസ്റ്റന്റ് പ്രേരക്മാര് എന്നിവര്ക്ക് 1,250 രൂപ വീതം ലഭിക്കും.
സ്പെഷ്യല് സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാര്ക്ക് 1,250 രൂപ ലഭിക്കും. എസ്സി എസ്ടി പ്രൊമോട്ടര്മാര്, ടൂറിസം വകുപ്പിലെ ലൈഫ് ഗാര്ഡുകള്, ആഭ്യന്തര വകുപ്പിന് കീഴിലെ ഹോം ഗാര്ഡുകള് ഉള്പ്പെടെയുള്ളവര്ക്ക് 1,460 രൂപ വീതം ലഭിക്കും. കഴിഞ്ഞ വര്ഷം ഉത്സവബത്ത ലഭിച്ച മുഴുവന് പേര്ക്കും 250 രൂപ വര്ധനവ് സഹിതം ഇത്തവണയും ആനുകൂല്യത്തിന് അര്ഹതയുണ്ടാകും.
Content Highlights: Onam festival allowance increased for contract-scheme workers In Kerala