ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസ് കൂടിയാലോചനയ്ക്ക് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കൂടിയാലോചനയ്ക്ക് സമയം കൊടുക്കണം. ശേഷം കൃത്യമായ സമയത്ത് ഉചിതമായ തീരുമാനം നേതൃത്വം സ്വീകരിക്കും. ഇതുവരെയുള്ള നടപടികളിൽ ലീഗിന് തൃപ്തിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയം കെ സി വേണുഗോപാലുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും താനും സംസാരിച്ചിരുന്നു. ഇക്കാര്യത്തിൽ ലീഗിന്റെ സംതൃപ്തിയോ അഭിപ്രായമോ തേടേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഹുൽ രാജിവെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന ആശങ്കയുണ്ടോ എന്ന ചോദ്യത്തോട് ഉപതെരഞ്ഞെടുപ്പിനെ യുഡിഎഫ് ഭയക്കുന്നില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. തുമ്മിയാൽ തെറിക്കുന്ന മൂക്ക് അല്ല യുഡിഎഫ്. ഇത്തരമൊരു വിഷയത്തിൽ മറ്റേതെങ്കിലും പാർട്ടി ഇത്രയും വേഗത്തിൽ തീരുമാനം എടുത്തിട്ടുണ്ടോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ഡൽഹിയിലെ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ക്ഷണിച്ച എല്ലാവരുടെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. പ്രിയങ്കാ ഗാന്ധിയെ അതിഥിയായാണ് ക്ഷണിച്ചത്. പരിപാടിയിലേക്ക് എത്താനാകില്ലെന്നത് പ്രിയങ്ക സന്ദേശത്തിലൂടെ അറിയിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേതാക്കളുടെ അസൗകര്യങ്ങൾ മനസിലാക്കാവുന്നതേ ഉള്ളൂ. ഇൻഡ്യ മുന്നണിയിലെ പാർട്ടി പ്രതിനിധികൾ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്തതിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കെ സി വേണുഗോപാലാണ് കോണ്ഗ്രസിന് വേണ്ടി ഉദ്ഘാടന ചടങ്ങിന് എത്തിയത്. ഡൽഹിയിലെ ദരിയാഗഞ്ചിൽ നിർമ്മിച്ച ലീഗിന്റെ പുതിയ ദേശീയ ആസ്ഥാനത്തിൻ്റെ ഉദ്ഘാടനം മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്മാന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളായിരുന്നു നിര്വ്വഹിച്ചത്.
Content Highlights: P K Kunhalikutty says Congress will take appropriate decision on Rahul Mamkootathil issue after consultation