താമരശ്ശേരി ചുരത്തില്‍ 'കൂട്ടയിടി'; ആറ് വാഹനങ്ങളെ ഇടിച്ച ശേഷം കാറിന് മുകളിലേയ്ക്ക് മറിഞ്ഞ് ചരക്ക് ലോറി

വളവില്‍ കടന്ന് പോകാനായി നിര്‍ത്തിയ വാഹനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഇടിക്കുകയായിരുന്നു

താമരശ്ശേരി: ചുരത്തിലെ എട്ടാം വളവില്‍ ചരക്ക് ലോറി വാഹനങ്ങളിലിടിച്ചു. ബ്രേക്ക് നഷ്ടപ്പെട്ട ചരക്ക് ലോറിയാണ് ആറ് വാഹനങ്ങളിലിടിച്ച ശേഷം കാറിന് മുകളിലേക്ക് മറിഞ്ഞത്. മൂന്ന് കാറുകള്‍, രണ്ട് ബൈക്കുകള്‍, ഒരു പിക്കപ്പ് വാന്‍, ഒരു ഓട്ടോ കാറിലുമാണ് ലോറി ഇടിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.

ആദ്യം ഇടിച്ച കാര്‍ തല കീഴായി മറിഞ്ഞതിന് പിന്നാലെ മുന്നിലെ കാറിലെ യാത്രക്കാര്‍ ഇറങ്ങി ഓടിയത് കാരണം പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വളവില്‍ കടന്ന് പോകാനായി നിര്‍ത്തിയ വാഹനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്, വൈത്തിരി താലൂക്ക് ആശുപത്രി, പുതുപ്പായി സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

റോഡില്‍ നിന്നും വാഹനങ്ങള്‍ നീക്കിയെങ്കിലും ഗതാഗതകുരുക്ക് ഇപ്പോഴും തുടരുകയാണ്. ഹൈവേ പൊലീസ്, ട്രാഫിക് പൊലീസ്, അടിവാരം ഔട്ട് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥര്‍, കല്‍പ്പറ്റയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ചുരം ഗ്രീന്‍ ബ്രിഗേഡ്, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ഗതാഗത നിയന്ത്രണം ഏറ്റെടുത്തത്.

Content Highlights: Goods lorry hits vehicles at Thamarassery pass

To advertise here,contact us