കല്യാട്: 30 പവന് സ്വര്ണം മോഷണം പോയ വീട്ടിലെ മരുമകളെ കര്ണാടകയിലെ ലോഡ്ജ് മുറിയില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി സുഭാഷിന്റെ ഭാര്യ ദര്ശിത(22)യെയാണ് സാലിഗ്രാമിലെ ലോഡ്ജില് മരിച്ച നിലയില് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് സിദ്ധരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്യാട് മോഷണം നടന്ന വീട്ടില് നിന്ന് അന്നേദിവസം ദര്ശിത മകളെയും കൂട്ടി കര്ണാടകയിലെ സ്വന്തം വീട്ടിലേക്കാണ് പോയത്. മകളെ വീട്ടിലാക്കി യുവതി സുഹൃത്തിനൊപ്പം സാലിഗ്രാമത്തിലേക്ക് പോവുകയായിരുന്നു.
കല്യാട്ടെ വീട്ടില് നിന്ന് സ്വര്ണം നഷ്ടമായ വിവരം അറിഞ്ഞതിനുപിന്നാലെ പൊലീസ് ദര്ശിതയെ ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ദര്ശിത മകളെ വീട്ടിലാക്കി കര്ണാടക സ്വദേശിക്കൊപ്പം പോയി എന്ന വിവരം പൊലീസിന് പിന്നീട് ലഭിച്ചു. അതിനുപിന്നാലെ ഞായറാഴ്ച്ച ഉച്ചയോടെയാണ് യുവതിയെ ലോഡ്ജ് മുറിയില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. അവരുടെ മുഖം വികൃതമായ നിലയിലായിരുന്നു. മുറിയില് രക്തം തളംകെട്ടി കിടക്കുകയായിരുന്നു.
എന്നാല് കൊലപാതകത്തില് തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് കര്ണാടക പൊലീസിന് അറസ്റ്റിലായ യുവാവ് നല്കിയ മൊഴി. ഞായറാഴ്ച്ച രാവിലെ ഒന്നിച്ച് അമ്പലത്തില് പോയിരുന്നെന്നും അതിനുശേഷമാണ് ലോഡ്ജില് മുറിയെടുത്തത്, പിന്നീട് ഭക്ഷണം വാങ്ങാന് താന് പുറത്തുപോയി. തിരികെ വന്നപ്പോള് ദര്ശിത മുറി തുറന്നില്ലെന്നും ലോഡ്ജ് ജീവനക്കാരെത്തി വാതില് തകര്ത്ത് അകത്തുകയറിയപ്പോഴാണ് ദര്ശിതയെ മരിച്ച നിലയില് കണ്ടതെന്നുമാണ് യുവാവിന്റെ മൊഴി. എന്നാല് ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിലും മോഷണത്തിലും സിദ്ധരാജുവിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
വെളളിയാഴ്ച്ചയാണ് കല്യാട്ടെ വീട്ടില് നിന്ന് ദര്ഷിത മകള് അരുന്ധതിയുമൊത്ത് കര്ണാടകയിലെ സ്വന്തം നാടായ ഹുന്സുര് ബിലിക്കരെയിലേക്ക് പോയത്. അന്ന് വൈകീട്ടോടെയാണ് വീട്ടില് മോഷണം നടന്നത്. ഇവരുടെ ഭര്ത്താവ് വിദേശത്താണ്. ഭര്തൃമാതാവും സഹോദരനുമാണ് കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നത്. ഇരുവരും ജോലിക്ക് പോയ സമയത്താണ് വീട്ടില് മോഷണം നടന്നത്. വീടിന്റെ വാതില്ക്കല് ചവിട്ടിയുടെ അടിയില് സൂക്ഷിച്ചിരുന്ന താക്കോല് ഉപയോഗിച്ച് വാതില് തളളിത്തുറന്നാണ് കളളന് വീടിനകത്ത് കയറിയത്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Darshitha was murdered brutally: More details out on kannur robbery case and murder