തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത് മാതൃകാപരമായ നടപടിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ രാജിവെച്ചതും ഇപ്പോൾ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കിയതും മാതൃകാപരമായ നടപടിയാണെന്ന് തിരുവഞ്ചൂർ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
സമാന സാഹചര്യമുണ്ടായ സമയത്ത് മറ്റേതെങ്കിലും പാർട്ടി ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും തിരുവഞ്ചൂർ ചോദിച്ചു. കേരളമാകെ ചർച്ച ചെയ്ത വിഷയമാണിത്. വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നതു കൊണ്ടാണ് നടപടിയുണ്ടായത്. പാർട്ടി എന്ന നിലയിൽ അന്തസ് ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം പാർട്ടി അംഗത്വത്തിൽനിന്നും നീക്കിയാലും എംഎൽഎയായി അദ്ദേഹം തുടരും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരാനാവുന്ന തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. അതേ സമയം മുഖം രക്ഷിക്കാൻ പേരിന് സസ്പെൻഷൻ നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുൽ രാജിവെച്ചാൽ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതേ സമയം ഇപ്പോഴത്തെ കെപിസിസി നിലപാടിൽ അമർഷം പുകയുകയാണ്.
രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് മുതിർന്ന നേതാക്കൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ അടക്കമുള്ള മുതിർന്ന നേതാക്കളെല്ലാം രാഹുൽ രാജിവെക്കണമെന്ന നിലപാടാണ് സൂക്ഷിക്കുന്നത്. എന്നാൽ ഈ ആവശ്യത്തെ തള്ളി രാഹുലിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
മാങ്കൂട്ടത്തിൽ എംഎൽഎ പദത്തിൽ തുടർന്നാൽ തിരിച്ചടി ഉറപ്പെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കെസ്യു, യൂത്ത് കോൺഗ്രസ് സംഘടനകളിലെ വനിതാ നേതാക്കളും ഷാനി മോൾ ഉസ്മാൻ, ഉമാ തോമസ് എംഎൽഎ അടക്കമുള്ള മുതിർന്ന വനിതാ നേതാക്കളും രാഹുൽ രാജിവെക്കണമെന്ന നിലപാട് തുറന്നു പറഞ്ഞിരുന്നു. യുഡിഎഫ് പക്ഷത്തോടൊപ്പം നിൽക്കുന്ന കെ കെ രമ എംഎൽഎയും രാഹുൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Congress party action against Rahul Mamkootathil is An exemplary action says Thiruvanchoor Radhakrishnan