തിരുവനന്തപുരം: പൊലീസിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ രണ്ട് വനിതാഎസ്ഐമാർ ഡിഐജിക്ക് പരാതി നൽകി. അശ്ലീല മെസേജുകൾ വാട്സാപ്പ് വഴി നിരന്തരം അയക്കുന്നുവെന്ന പരാതിയിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. തെക്കൻ കേരളത്തിലെ ഒരു ജില്ലയിൽ എസ്പി ആയിരിക്കെയായിരുന്നു കീഴ് ഉദ്യോഗസ്ഥരെ ശല്യം ചെയ്തത്.
കേരള രാഷ്ട്രീയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ ചർച്ചയായി നിൽക്കുമ്പോഴാണ് പ്രധാനപ്പെട്ട അധികാര സ്ഥാനത്തിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ രണ്ട് വനിതാ എസ് ഐമാർ പരാതി നൽകിയിക്കുന്നത്. അശ്ലീല സന്ദേശങ്ങൾ നിരന്തരം അയക്കുകയാണ്. മറുപടി നൽകാതെ ഒഴിവാക്കിയെങ്കിലും വീണ്ടും വീണ്ടും മെസേജ് അയക്കുന്ന സാഹചര്യത്തിലാണ് പരാതിയെന്ന് പറയുന്നു.
തിരുവനന്തപുരം റേഞ്ച് ഐജി അജിതാ ബീഗത്തിന് ലഭിച്ച പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൺഫേംഡ് ഐപിഎസ് സെലക്ഷൻ ലഭിച്ച ഉദ്യോഗസ്ഥൻ എസ്പി ആയിരിക്കേയാണ് നേരിട്ട് എസ്ഐമാരായ ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ചത്. ജോലി ചെയ്തിരുന്ന കാലയളവിൽ മറ്റ് പല വിവാദങ്ങളിലും ആരോപണ വിധേയനായ ഐപിഎസ് ഉദ്യോഗസ്ഥൻറെ പേര് ഉയർന്നിരുന്നു. തിരുവനന്തപുരത്ത് ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ അതിപ്രധാനമായ പദവിയിലാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ഇപ്പോൾ ജോലി ചെയ്യുന്നത്.
Content Highlights: Women SIs file complaint against IPS officer TVM