രാഹുലിനെ വിളിച്ചിട്ട് കിട്ടിയില്ല, മൂഡ് ഔട്ട് ആയിരിക്കും; ഇത്തരമൊരു വാർത്ത വരാൻ പാടില്ലായിരുന്നു: എ തങ്കപ്പൻ

'പുറത്തുവരുന്ന വാര്‍ത്തകളില്‍ പ്രവര്‍ത്തകര്‍ക്ക് സ്വാഭാവികമായും നിരാശയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് നമ്മള്‍'

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിഷമം തോന്നിയെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. തെറ്റോ ശരിയോ ആകട്ടെ ഇത്തരമൊരു വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു. കെപിസിസിയും പ്രതിപക്ഷ നേതാവും ഉന്നത നേതാക്കളും ആലോചിച്ച് വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും എ തങ്കപ്പന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

രാജിവെക്കുകയാണെങ്കില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യതയുണ്ടാവില്ലെന്നാണ് വിശ്വസിക്കുന്നത്. പാലക്കാട് കോണ്‍ഗ്രസിന്റെ മുന്‍തൂക്കം നഷ്ടപ്പെട്ടിട്ടില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞു. രാഹുലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. വിളിച്ചിട്ട് കിട്ടിയില്ല. മൂഡ് ഔട്ട് ആയിരിക്കാം. സമൂഹം നമ്മളെ വീക്ഷിക്കുന്നുണ്ടെന്ന് പൊതുപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും എ തങ്കപ്പന്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടി.

പുറത്തുവരുന്ന വാര്‍ത്തകളില്‍ പ്രവര്‍ത്തകര്‍ക്ക് സ്വാഭാവികമായും നിരാശയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് നമ്മള്‍. കെപിസിസി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ തങ്കപ്പന്‍ ആവര്‍ത്തിച്ചു.

അതേസമയം, രാഹുലിനെതിരായ നടപടി സംബന്ധിച്ച് കോണ്‍ഗ്രസില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ നിലപാടറിയിച്ചു. രാജി കൂടിയേ തീരൂവെന്ന വിട്ടുവീഴ്ചയില്ലാതെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും. ഇതോടെ രാഹുലിന്റെ രാജി ഉടനുണ്ടായെക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രാഹുലിന്റെ രാജിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാടാണ് ഇനി നിര്‍ണായകം.

Content Highlights: Palakkad DCC President A Thankappan Express disagreement over Rahul Mamkootathil Controversy

To advertise here,contact us