തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വി കെ ശ്രീകണ്ഠൻ എംപി നടത്തിയത് രാഷ്ട്രീയമായി തെറ്റായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അദ്ദേഹത്തെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം പരാമര്ശങ്ങള് കോൺഗ്രസിനകത്ത് പറ്റില്ല. വിളിച്ചതിന് പിന്നാലെ പ്രസ്താവന ശ്രീകണ്ഠന് എം പി തിരുത്തിയെന്നും സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ആരോപണം ഗൗരവമായി അന്വേഷിക്കുമെന്നും സതീശന് ആവർത്തിച്ചു. പരിശോധന ആദ്യഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിയുണ്ടാകുമെന്ന് ഞാൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം അദ്ദേഹം രാജിവെച്ചു. രാജിവെച്ചതായാലും വെപ്പിച്ചതായാലും ഫലം ഒന്നാണെന്നും സതീശന് പറഞ്ഞു.
അതേസമയം ആരോപണം ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരെ സമൂഹമാധ്യമത്തിലൂടെ ഒരു പ്രചാരണവും ആരും നടത്തരുതെന്നും നടത്തിയെന്ന് അറിഞ്ഞാൽ കോൺഗ്രസ് പ്രവർത്തകരെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും സതീശൻ പറഞ്ഞു. സ്ത്രീകളെ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുന്നതും വേട്ടയാടുന്നതും കോൺഗ്രസിന്റെ സംസ്കാരമല്ല. അത് തെറ്റാണ്. അത് അംഗീകരിക്കാനാവില്ലെന്നും സതീശൻ വ്യക്തമാക്കി.
ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തോട്, മറ്റ് പാർട്ടികളിൽ എത്രപേരുണ്ട് ആരോപണ വിധേയരെല്ലാം രാജിവെച്ചിട്ടുണ്ടോ എന്നായിരുന്നു സതീശന്റെ പ്രതികരണം. സിപിഐഎമ്മോ ബിജെപിയോ പറയുന്നത് കേട്ടല്ല ഞങ്ങൾ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധിയാണെങ്കിൽ തെളിയിക്കാനുള്ള ഉത്തരവാദിത്തം ആരോപണവിധേയനുണ്ട്. അദ്ദേഹത്തിന്റെ ഭാഗം കൂടി ഞങ്ങൾ കേൾക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. സിപിഐഎമ്മിനോ ബിജെപിക്കോ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാൻ അവകാശമില്ല. സിപിഐഎം നേതാക്കൾ കോഴിഫാം നടത്തുകയാണ്. ബിജെപിയുടെ ഒരു മുൻ മുഖ്യമന്ത്രി പോക്സോ കേസിൽ പ്രതിയായിട്ടും ഉന്നതാധികാര സമിതിയിലുണ്ട്. എന്നിട്ടാണ് അവർ സമരം നടത്തുന്നത്. ഒരു വിരൽ ഞങ്ങൾക്കെതിരെ ചൂണ്ടുമ്പോൾ മറ്റു വിരലുകൾ അവർക്കെതിരെയാണെന്ന് മനസിലാക്കണമെന്നും സതീശന് പറഞ്ഞു.
Content Highlights: VD Satheesan said that MP VK Sreekandan's statement against Actress is politically incorrect