ഗുരുവായൂർ ക്ഷേത്രക്കുളത്തിലും നടപ്പന്തലിലും റീൽസ് ചിത്രീകരണം; ജാസ്മിൻ ജാഫറിനെതിരെ പൊലീസിൽ പരാതി

വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തിയ തീര്‍ത്ഥക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്ന് പരാതിയിൽ പറയുന്നു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫറിനെതിരെ പൊലീസില്‍ പരാതി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി നൽകിയത്. വിലക്ക് മറികടന്ന് ഗുരുവായൂർ തീർത്ഥക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസിന് ലഭിച്ച പരാതി കോടതിക്ക് കൈമാറിയതായാണ് വിവരം.

വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്ന് പരാതിയിൽ പറയുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദു പ്രവേശനത്തിന് വിലക്കുണ്ട്. ഇത് മറികടന്നാണ് ദൃശ്യം ചിത്രീകരിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഉണ്ടായതെന്നും പരാതിയിലുണ്ട്.

അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജാസ്മിൻ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധിപേരാണ് കണ്ടത്. അതേസമയം വിഷയത്തോട് ജാസ്മിൻ പ്രതികരിച്ചിട്ടില്ല. പരാതിക്കുമേൽ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Content Highlights: reels created from Guruvayur temple case filed against Jasmin Jaffer

To advertise here,contact us