'കൊല്ലാൻ എത്ര സമയം വേണമെന്നാണ് കരുതുന്നത്'; യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും രാഹുൽ

രാഹുല്‍ ഗര്‍ഭഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തി ആദ്യം രംഗത്തുവന്ന യുവതിയുമായുള്ള ഫോൺ സംഭാഷണമാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരിക്കുന്നത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഗര്‍ഭഛിദ്രം ചെയ്യാന്‍ യുവതിയെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടറിന്. ഗര്‍ഭഛിദ്രം ചെയ്തില്ലെങ്കില്‍ തന്റെ ജീവന്‍ തകരുമെന്ന് രാഹുല്‍ പറയുന്നത് കേൾക്കാം. യുവതി സമ്മതിക്കാതെ വരുമ്പോള്‍ രാഹുല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഫോൺ സംഭാഷണത്തിലുണ്ട്.

രാഹുല്‍ ഗർഭഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തി ആദ്യം രംഗത്തുവന്ന യുവതിയുമായുള്ള രാഹുലിന്റെ ഫോൺ സംഭാഷണമാണിത്. കുഞ്ഞുണ്ടായാലുള്ള പ്രത്യഘാതം ഒറ്റയ്ക്ക് അഭിമുഖീകരിക്കുമെന്ന് യുവതി പറയുമ്പോഴും വീണ്ടും യുവതിയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും രാഹുല്‍ സംസാരം തുടരുകയാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ യുവതിക്ക് അയച്ച വാട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകള്‍ റിപ്പോര്‍ട്ടര്‍ പുറത്തു വിട്ടിരുന്നു. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും മരുന്ന് കഴിച്ചാല്‍ മതിയെന്നും പറയുന്ന ചാറ്റായിരുന്നു അത്. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാമോയെന്നും ഒരിക്കലും ഡോക്ടറെ കാണാതെ അത്തരത്തില്‍ മരുന്നുകള്‍ കഴിക്കരുതെന്നും യുവതി പറയുമ്പോള്‍ ഡോക്ടര്‍ ഉണ്ടായാല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളുമുണ്ടാകുമെന്ന് യുവതി ചൂണ്ടിക്കാട്ടുമ്പോള്‍ ഡോക്ടറെ കാണണം എന്നൊന്നുമില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. ഈ സന്ദേശം പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു രാഹുലിന്റെ രാജി.

യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയര്‍' എന്നതായിരുന്നു യുവനേതാവിന്റെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമര്‍ശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

സംഭാഷണത്തിന്റെ പൂര്‍ണരൂപം

യുവതി- എന്റെ അനുവാദം ഇല്ലാതെ അത് ഇല്ലാതാക്കണമെന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണ്?

രാഹുല്‍ മാങ്കൂട്ടത്തില്‍- അത് താന്‍ ആലോചിക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇതിന്റെ പ്രത്യാഘാതത്തെ കുറിച്ച് തനിക്ക് ബോധമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.

യുവതി- ഇതിന്റെ പ്രത്യാഘാതം ഞാന്‍ ഒറ്റയ്ക്ക് അഭിമുഖീകരിക്കാമെന്ന് പറഞ്ഞല്ലോ.

രാഹുല്‍ മാങ്കൂട്ടത്തില്‍- അത് ഒറ്റയ്ക്ക് അഭിമുഖീകരിക്കാന്‍ പറ്റാത്തത് കൊണ്ടല്ലേ ഞാന്‍ പറയുന്നത്. തന്നെക്കൊണ്ട് ഒറ്റയ്ക്ക് അഭിമുഖീകരിക്കാന്‍ പറ്റില്ലെന്ന് എനിക്ക് ബോധ്യമുണ്ടല്ലോ.

യുവതി- അത് താന്‍ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ്. എന്നെക്കുറിച്ച് ചിന്തിച്ചിട്ടില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍- അത് സ്വാഭാവികമല്ലേ, താന്‍ ഇപ്പോള്‍ തന്നെ പറ്റി മാത്രമല്ലേ ആലോചിക്കുന്നത്.

യുവതി- ഒരിക്കലുമല്ല, ഒരിക്കലുമല്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍- താന്‍ എന്നെപ്പറ്റി ആലോചിച്ചിട്ടാണോ ഇങ്ങനെ തീരുമാനമെടുക്കുന്നത്.

യുവതി- ഞാന്‍ തന്നെക്കുറിച്ച് ആലോചിച്ചില്ല എന്നായിരുന്നെങ്കില്‍ എന്റെ സുഹൃത്തുക്കളോട് എപ്പോഴെ തന്റെ പേര് പറയാമായിരുന്നു. അവര്‍ എത്രയോ വട്ടം എന്നോട് ചോദിച്ചെന്ന് അറിയാമോ. പറയ് പറയ്. ഇത്രയും ദിവസമായി പറഞ്ഞില്ലല്ലോ.

രാഹുല്‍ മാങ്കൂട്ടത്തില്‍- താന്‍ ഇതിന്റെ സീരിയസ്‌നസ് മനസ്സിലാക്കാതെ, എന്റെ ടെമ്പര്‍ തെറ്റുന്നതിലും ദേഷ്യം വരുന്നതിലും പ്രത്യാഘാതത്തെക്കുറിച്ചും തനിക്ക് ഒരു ബോധവുമില്ല.

യുവതി- തന്റെ ടെമ്പര്‍ തെറ്റുമ്പോള്‍ തനിക്ക് എന്തെങ്കിലുമൊക്കെ വിളിച്ചു പറയാന്‍ പറ്റുന്ന വസ്തു അല്ല ഞാന്‍ കേട്ടോ. താനാണ് എന്റെ ടെമ്പര്‍ തെറ്റിച്ചത്. താന്‍ എന്റെ ടെമ്പര്‍ ആണ് തെറ്റിച്ചത്. ഞാന്‍ തന്നെ ഒരു ചീത്തയും വിളിച്ചിട്ടില്ല. ഈ നിമിഷം വരെ മോശമായി ഒരു വാക്കുപോലും പറഞ്ഞില്ല. പത്ത് വട്ടം വിളിക്കാനുള്ള അവസരമുണ്ട്. പക്ഷേ ഞാന്‍ അത് ചെയ്യുന്നില്ല.

രാഹുല്‍ മങ്കൂട്ടത്തില്‍- തന്റെ പ്രവര്‍ത്തി പോരേ.

യുവതി- എന്റെ പ്രവര്‍ത്തിയെന്ന് പറഞ്ഞ് എന്റെ കൂടെ ഉണ്ടായെന്ന് താന്‍ വിചാരിക്കേണ്ട. ഞാന്‍ ഒരു പെണ്ണാണല്ലോ, ഇതാണോ തന്റെ ആദര്‍ശം, വലിയ ആദര്‍ശമാണോ? ഇതൊക്കെയാണോ ആദര്‍ശം, ലൈഫില്‍ കൊണ്ടുവാടോ ആദര്‍ശം. ഞാന്‍ ഒരിക്കലും അതിനോട് തെറ്റ് ചെയ്യില്ല, താന്‍ ചെയ്യുന്ന തെറ്റ് ഞാന്‍ അതിനോട് ചെയ്യില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍- താന്‍ എന്താണ് ഉദ്ദേശിക്കുന്നത്, താന്‍ എങ്ങനെയാണ് അത് മാനേജ് ചെയ്യുക?

യുവതി- ഞാന്‍ അത് മാനേജ് ചെയ്യുമെന്ന് പറഞ്ഞതല്ലേ.

രാഹുല്‍ മാങ്കൂട്ടത്തില്‍- ഞാന്‍ ചാടി ചവിട്ട് തരും, കേട്ടോ..., എടോ അത് ഉണ്ടായതിന് ശേഷം താന്‍ എന്ത് ചെയ്യും?

യുവതി- അത് ഉണ്ടായാല്‍ എനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ

രാഹുല്‍ മാങ്കൂട്ടത്തില്‍- താന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്. താന്‍ എന്തെന്ന് പറഞ്ഞു കൊണ്ടുവരും.

യുവതി- ഞാന്‍ കൊണ്ടുവരില്ല. അത് സേഫ് ആയിരിക്കും. അതിനെ ഇവിടെ കൊണ്ടുവന്നാല്‍ താന്‍ കൊന്നു കളയുമെന്ന് എനിക്കറിയാം.

രാഹുല്‍ മാങ്കൂട്ടത്തില്‍- താന്‍ എന്താ സിനിമ കാണുകയാണോ ഇത്?

യുവതി- സമ്മതിച്ചു, ഇത്രയും കണ്ടുകൊണ്ടിരുന്നതെല്ലാം സിനിമയാണല്ലോ. താന്‍ ഭയങ്കര പ്രാക്ടിക്കല്‍ ആയിട്ടുള്ള ഒരാളാണ്. അവര്‍ എന്താണ് ചിന്തിക്കുന്നത്, അവര്‍ക്ക് ഇങ്ങനെ സംഭവം ഉണ്ടാകുമ്പോള്‍ എന്ത് ബോണ്ടിംഗ് ആണ് ഉണ്ടാവുക അതൊന്നും തനിക്ക് അറിയേണ്ടതില്ല. തനിക്ക് തന്റെ ജീവിതം, തന്റെ ഫ്യൂച്ചര്‍, തന്റെ കാര്യം, എല്ലാം തന്റെ കാര്യം. അത് മാത്രം. നാട്ടില്‍ നില്‍ക്കാന്‍ പോലും പറ്റാഞ്ഞിട്ട് വേറൊരു സ്ഥലത്ത് നില്‍ക്കുന്ന കാര്യമാണ് ഞാന്‍ പറയുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍- ഞാന്‍ ഇപ്പോഴും തന്റെ കാര്യമല്ലേ പറഞ്ഞുകൊണ്ടിരിക്കുന്നത്.

യുവതി- എന്നെക്കാള്‍ പ്രാധാന്യം എന്റെ ലൈഫില്‍ വരുന്ന ഒരു കുഞ്ഞിന് ഞാന്‍ കൊടുക്കുന്നുണ്ട്. അത് എന്റെ സ്‌നേഹമാണ്. അത് തന്റെ പോലത്തെ സ്‌നേഹമല്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍- ആ കുഞ്ഞ് എങ്ങനെയാണ് വളരുന്നത്.

യുവതി- അത് ഞാന്‍ നോക്കിക്കോളാം, എനിക്ക് അന്തസ്സായി വളര്‍ത്താന്‍ കഴിയും. തന്റെ ഒരു സഹായവും അതിന് ആവശ്യമില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍- എങ്ങനെ വളരും എന്നാണ് താന്‍ പറയുന്നത്, താന്‍ എന്തൊക്കെ ഭ്രാന്താണ് കാണിക്കുന്നത്?

യുവതി- ഭ്രാന്ത് ഉണ്ടാക്കി തന്നിട്ട് ഞാന്‍ ഭ്രാന്ത് കാണിക്കുന്നു എന്നാണോ?

രാഹുല്‍ മാങ്കൂട്ടത്തില്‍- നമ്മള്‍ ഇങ്ങനെയാണോ പ്ലാന്‍ ചെയ്തത്, താന്‍ എന്താടോ എന്നോട് ഇങ്ങനെ ചെയ്യുന്നത്?

യുവതി- തന്നോട് എന്താടോ ചെയ്തത്?. താനല്ലേ എന്നോട് ചെയ്യുന്നത്, ഇങ്ങനെയൊന്നും ഒരാളോടും ചെയ്യരുത്. ഓപ്പോസിറ്റ് നില്‍ക്കുന്നത് മനുഷ്യരാണെന്ന് ചിന്ത വേണം. ഞാന്‍ എന്ത് ചെയ്‌തെന്നാണ് താന്‍ പറയുന്നത്. ഞാന്‍ ചെയ്തത് എന്റെ മനുഷ്യത്വത്തില്‍ എന്റെ ശരിയാണ്. തന്നെ ബാധിക്കാന്‍ വേണ്ടി ഞാൻ എന്തെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടോ?

രാഹുല്‍ മാങ്കൂട്ടത്തില്‍- എന്റെ ലൈഫില്‍ ഇത് ഉറപ്പായും ബാധിക്കും, എന്റെ ലൈഫ് തകരുമെന്ന് തനിക്ക് അറിയില്ലേ…

യുവതി- തന്റെ ലൈഫ് തകരില്ലേ?

രാഹുല്‍ മാങ്കൂട്ടത്തില്‍- ഉറപ്പായും എന്റെ ലൈഫ് തകരും. തകരുന്ന പണിയാണ് നീ ചെയ്യുന്നത്

യുവതി- തന്റെ ലൈഫ് തകരുന്ന ഒരു പണിയും ഞാന്‍ ചെയ്യില്ല

രാഹുല്‍ മാങ്കൂട്ടത്തില്‍- എനിക്ക് തന്നെ ഒന്ന് കാണണം, എന്റെ തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്, എനിക്ക് പറ്റുന്നില്ല.

യുവതി- എന്നെ സ്‌നേഹം കൊണ്ടല്ല താന്‍ കാണാന്‍ വരുന്നതെന്ന് എനിക്കറിയാം. എനിക്ക് നല്ലതുപോലെ അറിയാം. തന്റെ ടെന്‍ഷന്‍ മാറി കിട്ടണം. അതിന് ഞാന്‍ ഒരു വസ്തുവാണ്. എന്നിട്ട് എന്തെങ്കിലും കലക്കി തന്ന് കൊല്ലാനാണോ..

രാഹുല്‍ മാങ്കൂട്ടത്തില്‍- എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ കരുതുന്നത്. എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ വിചാരിക്കുന്നത്?

യുവതി- എന്നാല്‍ കൊന്നേര്, അതാണ് തനിക്ക് ഏറ്റവും സേഫ് ആയിട്ടുള്ള കാര്യം

രാഹുല്‍ മാങ്കൂട്ടത്തില്‍- തന്നെ കൊല്ലാന്‍ ആണെങ്കില്‍ എനിക്ക് എത്ര സമയം വേണമെന്നാണ് കരുതുന്നത് ?

യുവതി- എന്നിട്ട് താന്‍ അങ്ങ് മിടുക്കന്‍ ആയിട്ട് പോകുമോ

രാഹുല്‍ മാങ്കൂട്ടത്തില്‍ (ചിരിക്കുന്നു)

യുവതി- എന്താണെന്ന് വെച്ചാല്‍ ചെയ്യൂ, തനിക്ക് കൊല്ലാന്‍ ആണ് തോന്നുന്നതെങ്കില്‍ കൊല്ല്.

Content Highlights: Rahul Mamkoottathil phone message to force abortion

To advertise here,contact us