കോട്ടയം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം സിഎംഎസ് കോളേജിലുണ്ടായ സംഘർഷത്തെ ശക്തമായി അപലപിക്കുന്നതായി മാനേജ്മെന്റ്. തെരഞ്ഞെടുപ്പ് നടപടികൾക്ക് മാനേജ്മെന്റ് എതിരല്ല. എന്നാൽ ക്യാമ്പസിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനം ഹൈക്കോടതി നിരോധിച്ചതിനാൽ ഇത്തരം നടപടികളെ അനുവദിക്കാനാവില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇലക്ഷൻ നടപടികളിൽ മാനേജ്മെന്റും സ്റ്റാഫ് പ്രതിനിധികളും രാഷ്ട്രീയമായി ഇടപെടുന്നില്ല എന്നാൽ കോളേജിൽ നടന്ന അക്രമ രാഷ്ട്രീയത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് സിഎംഎസ് കോളേജിൽ അഞ്ച് മണിക്കൂറിലധികം നീണ്ട കനത്ത സംഘർഷമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
നേതാക്കളും എസ് പി അടക്കമുള്ളവരും പ്രശ്നപരിഹാരത്തിന് എത്തിയത് അഭിനന്ദാർഹമാണ്. സമാധാനപരമായി കോളേജിൽ അധ്യയനം നടക്കണം. വൈദികരെ കയ്യേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായി. പുറത്തുനിന്നുള്ളവർ ക്യാമ്പസിനുള്ളിൽ കയറി പ്രശ്നങ്ങൾ സൃഷ്ടിച്ചു. പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. സംഘർഷത്തിൽ എഫ്ഐആർ ഇട്ടിട്ടുണ്ടെന്നും സിഎംഎസ് കോളേജ് ലോക്കൽ മാനേജർ ബിഷപ്പ് മലയിൽ കോശി ചെറിയാൻ പറഞ്ഞു. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കെഎസ്യു നേതാവിനെതിരെ നടപടിയെടുത്തില്ലെന്നത് തെറ്റായകാര്യമാണ്. ആ വിദ്യാർഥിയെ മാനേജ്മെന്റ് പുറത്താക്കിയിരുന്നു. എന്നാൽ ഇലക്ഷൻ നടപടികൾ തുടങ്ങിയതിനാൽ യൂണിവേഴ്സിറ്റി പരസ്യപ്പെടുത്തുന്നതിന് തടസമുണ്ടായിരുന്നുവെന്നും മാനേജ്മെന്റ് അറിയിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണലിനു പിന്നാലെയുണ്ടായ വാക്കേറ്റങ്ങൾ എസ്എഫ്ഐ- കെഎസ്യു നേതാക്കളുടെ ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. സംഘർഷം കാരണം ഫലപ്രഖ്യാപനം മാറ്റിവെക്കുകയും പിറ്റേദിവസം പ്രഖ്യാപിക്കുകയുമാണുണ്ടായത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് സിഎംഎസ് കോളേജിൽ കെഎസ്യു ഭൂരിപക്ഷം നേടി യൂണിയൻ ഭരണം സ്വന്തമാക്കിയത്.
Content Highlights: Management strongly condemns the violence at CMS College, Kottayam