കോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാത്ത ഷാഫി പറമ്പിൽ എംപിക്കെതിരെ ഡിവൈഎഫ്ഐ. ഷാഫി പറമ്പിലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനം. ഷാഫി ജയിച്ച വടകര ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വഭാവ ദൂഷ്യങ്ങളെക്കുറിച്ച് നേതാക്കൾക്ക് അറിയാമെന്നും ലഭിക്കുന്ന പരാതികൾ എങ്ങുമെത്താതെ പോകുകയാണെന്നും രാഹുലിനെതിരായ ആരോപണം ഉന്നയിച്ച എഴുത്തുകാരി ഹണി ഭാസ്കരൻ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഷാഫിയെ ലക്ഷ്യമിട്ട് ഡിവൈഎഫ്ഐ രംഗത്തെത്തുന്നത്. കള്ളന് കഞ്ഞി വെച്ചവനാണ് ഷാഫിയെന്ന് ഡിവൈഎഫ്ഐ വിമർശിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കും.
വിവാദ വിഷയങ്ങളിൽ രാഹുലിനെ ഷാഫി സംരക്ഷിച്ചുവെന്ന് കോൺഗ്രസിനുള്ളിൽ തന്നെ വിമർശനമുണ്ട്. പാലക്കാട് എംഎൽഎ സ്ഥാനം രാജിവെച്ച് വടകരയിൽനിന്ന് ലോക്സഭയിലെത്തിയപ്പോൾ ഷാഫിയാണ് രാഹുലിനെ സ്ഥാനാർഥിയാക്കാൻ നിർദേശിച്ചത്.
രാഹുലിനെതിരെ നിരവധി സ്ത്രീകളാണ് ആരോപണവുമായി രംഗത്ത് വന്നത്. മുൻ മാധ്യമപ്രവർത്തകയും യുവനടിയുമായ റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിസന്ധിയിലായത്. എന്നാൽ റിനി പേര് വെളിപ്പെടുത്താതെ യുവ നേതാവ് എന്നായിരുന്നു പരാമർശിച്ചത്. റിനി ഉദ്ദേശിച്ചത് രാഹുലിനെയാണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയുണ്ടായിരുന്നു. പിന്നാലെയാണ് രാഹുലിനെതിരെ പേരെടുത്ത് വിമർശിച്ച് എഴുത്തുകാരി ഹണി ഭാസ്കരൻ രംഗത്തെത്തിയത്.
രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്കരൻ പറഞ്ഞത്. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മറ്റൊരു യുവതിയോട് ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണമടക്കം പുറത്തുവന്നു. സ്ത്രീകൾക്ക് രാഹുൽ അയച്ച ചാറ്റുകളും പുറത്ത് വന്നിരുന്നു. പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
Content Highlights: DYFI planning to conduct protest against Shafi Parambil