'ഒരു സ്ത്രീകളെയും അപമാനിച്ചില്ല'; മലക്കം മറിഞ്ഞ് വി കെ ശ്രീകണ്ഠന്‍

പരാതി പറഞ്ഞവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ലെന്നും വി കെ ശ്രീകണ്ഠന്‍

പാലക്കാട്; യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എം പി. പരാതി പറഞ്ഞവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ലെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നായിരുന്നു വി കെ ശ്രീകണ്ഠന്‍ പ്രതികരിച്ചത്. മന്ത്രിമാരോടൊപ്പം നില്‍ക്കുന്ന ഫോട്ടോ വന്നില്ലേ. അതിനാല്‍ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. രാഹുലിനെ എവിടെയും വെള്ളപൂശിയിട്ടില്ല എന്നുമായിരുന്നു ശ്രീകണ്ഠന്റെ ന്യായീകരണം.

'രാഹുലിനെതിരായ പരാതി പുകമറയാണ്. ഞാന്‍ ആരെയും സംരക്ഷിക്കുകയോ ന്യായീകരിക്കുകയോ ചെയ്തിട്ടില്ല. ഒരിക്കലും പരാതി പറയുന്നവരെ കോണ്‍ഗ്രസ് അധിക്ഷേപിക്കില്ല. കോണ്‍ഗ്രസിന്റെ നടപടി വളരെ വേഗത്തിലായിരുന്നു. പരാമര്‍ശം തെറ്റായി തോന്നുന്നുവെങ്കില്‍ പിന്‍വലിക്കുന്നു. അല്‍പവസ്ത്രധാരികളെന്ന് സമൂഹ മാധ്യമത്തില്‍ വന്നു എന്നാണ് പറഞ്ഞത്. ഒരു സ്ത്രീകളെയും അപമാനിക്കുന്ന സമീപനം എന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.' വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

മൂന്നര വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന് ഇപ്പോള്‍ എന്തുകൊണ്ട് പരാതി വന്നു എന്ന് അന്വേഷിക്കണമെന്നും ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ആരോപണം ഉന്നയിച്ചവര്‍ അര്‍ധ വസ്ത്രം ധരിച്ച് നില്‍ക്കുന്നത് എന്നുമായിരുന്നു വി കെ ശ്രീകണ്ഠൻ മുന്നേ മാധ്യമങ്ങളോട് പ്രതികരിക്കവെ വ്യക്തമാക്കിയത്. 'മൂന്നര വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് ഇപ്പോള്‍ എന്തുകൊണ്ട് പരാതി വന്നു എന്ന് അന്വേഷിക്കണം. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം കണ്ടല്ലോ. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ആരോപണം ഉന്നയിച്ചവര്‍ അര്‍ധ വസ്ത്രം ധരിച്ച് നില്‍ക്കുന്നത്. എന്താണ് ഇതിന് പിന്നില്‍. ഈ ആരോപണമുന്നയിച്ചവരുടെ രീതിയും നടപ്പും മന്ത്രിമാരെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ വന്നല്ലോ. ഇതിനൊക്കെ പിന്നില്‍ ആരാണെന്ന് അന്വേഷിക്കണം. എല്ലാ കാര്യങ്ങളും പുറത്ത് വരും', വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

'എല്ലാം പുകമറ മാത്രം. രാഹുലിന്റെ രാജി പാര്‍ട്ടി തീരുമാനമാണ്. രാജി അച്ചടക്ക നടപടിയുടെ ഭാഗമാണ്. പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി. ആരോപണം വന്നയുടന്‍ പാര്‍ട്ടി നടപടി എടുത്തു. രാഹുലിന് ജാഗ്രത കുറവുണ്ടായോ എന്ന് പാര്‍ട്ടി പരിശോധിക്കും. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നത് വരെ രാഹുല്‍ കുറ്റക്കാരനല്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിനെതിരെ പരാതിയുണ്ടോയെന്നും വി കെ ശ്രീകണ്ഠന്‍ ചോദിച്ചു. പരാതി കൊടുത്താല്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. അതേസമയം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എതിരെ ആരോപണം ഉന്നയിക്കുന്നുവെന്ന് എംപിക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിമാരുടെ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്ത് വിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. യുവ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പടിയിറക്കത്തില്‍ എത്തിച്ചത്. പേര് പറയാതെ ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. സ്ത്രീകള്‍ക്ക് രാഹുല്‍ അയച്ച ചാറ്റുകളും പുറത്ത് വന്നിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയായിരുന്നു.

Content Highlight; VK Sreekandan Retracts Remarks Against Women Who Alleged Against Rahul Mamkoottathil

To advertise here,contact us