'കാലത്തിന്റെ കാവ്യനീതി'; രാഹുലിന്റെ രാജിവാര്‍ത്ത അച്ചടിച്ച പത്രത്തില്‍ പൊതിച്ചോര്‍ നല്‍കി ഡിവൈഎഫ്‌ഐയുടെ മറുപടി

'ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിന് പിന്നില്‍ നടക്കുന്നത് അനാശാസ്യ'മെന്നായിരുന്നു മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്

കണ്ണൂര്‍: ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പ്രതികരണം വീണ്ടും ചര്‍ച്ചയാക്കുകയാണ് ഇടത് സൈബറിടങ്ങള്‍.'ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിന് പിന്നില്‍ നടക്കുന്നത് അനാശാസ്യമെന്നാ'യിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍പ് പ്രതികരിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ചതോടെ ആ വാര്‍ത്ത അച്ചടിച്ച പത്രത്തിലാണ് ഇന്ന് പലയിടത്തും ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ വിതരണം നടത്തിയത്.

ഡിവൈഎഫ്‌ഐ നടത്തുന്ന സ്‌നേഹപൂര്‍വ്വം പൊതിച്ചോറിനെതിരെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ അവഹേളന പരാമര്‍ശവുമായി രംഗത്തെത്തിയത്. ലൈംഗിക ആരോപണം ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് അതേ പൊതിച്ചേര്‍ വിതരണത്തിലൂടെ ഡിവൈഎഫ്‌ഐ മറുപടി നല്‍കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ച വാര്‍ത്ത അച്ചടിച്ച പത്രങ്ങളിൽ പൊതിഞ്ഞ് പൊതിച്ചോര്‍ നല്‍കിയായിരുന്നു ഡിവൈഎഫ്‌ഐയുടെ മറുപടി. കാലത്തിന്റെ കാവ്യനീതിയെന്നായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നിലെ പൊതിച്ചോറ് വിതരണത്തിനിടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഷീമ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. 'രാവിലെ മുതല്‍ പിറ്റേന്ന് പുലരും വരെ അനാശ്യാസത്തെ കുറിച്ച് മാത്രം ചിന്തയുള്ള ഒരുവന് കാണുന്നതെല്ലാം അങ്ങനെ തോന്നാം. പക്ഷേ ഡിവൈഎഫ്‌ഐ ഒരു പതിറ്റാണ്ടിലേറെ കാലമായി ലക്ഷകണക്കിന് മനുഷ്യരുടെ ഒരു നേരത്തെ വിശപ്പടക്കുകയാണെന്നും' ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നേതാവിനെ പരിചയപ്പെട്ടത്. സൗഹൃദത്തിലായി കുറച്ചുനാളായപ്പോള്‍ തന്നെ അയാള്‍ തന്നോട് മോശമായി പെരുമാറി. അപ്പോള്‍ തന്നെ അയാളോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയര്‍' എന്നതായിരുന്നു ആറ്റിറ്റിയൂഡ്. ഇതേപ്പറ്റി പല നേതാക്കളോടും പരാതിപ്പെട്ടിരുന്നു. അവര്‍ക്കും ഹു കെയര്‍ എന്ന ആറ്റിറ്റിയൂഡായിരുന്നുവെന്നും റിനി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന ചോദ്യത്തിന് റിനി മറുപടി നല്‍കിയിരുന്നില്ല. ആ നേതാവ് ഉള്‍പ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളുമായി നല്ല ബന്ധമാണുള്ളതെന്നും അതുകൊണ്ട് പേര് പറയുന്നില്ലെന്നുമായിരുന്നു റിനി പറഞ്ഞത്.

ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക തുറന്നുകാട്ടിയ വ്യക്തി രാഹുല്‍ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

Content Highlights- Dyfi perfect reply to rahul mamkootathil over his statement against food distribution

To advertise here,contact us