ചിക്കാഗോ സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സര വേദിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

രാഹുലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടെന്നാണ് സംഘാടകരുടെ നിലപാട്

കൊച്ചി: യുവതികളുടെ ഗുരുതര വെളിപ്പെടുത്തലുകൾക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അമേരിക്കയിലെ പരിപാടിയില്‍ നിന്നും ഒഴിവാക്കി സംഘാടകര്‍. ചിക്കാഗോ സോഷ്യല്‍ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരവുമായി ബന്ധപ്പെട്ട പരിപാടിയിൽ നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്. രാഹുലായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. രാഹുലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടെന്നാണ് സംഘാടകരുടെ നിലപാട്.

ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് നഗരസഭയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്നും രാഹുല്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. ഇന്ന് നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് മുറിയിലെത്തിച്ചെത്തിച്ചുവെന്നാരോപിച്ചുള്ള മറ്റൊരു യുവതിയുടെ വെളിപ്പെടുത്തൽ ഇന്ന് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു. താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചെന്നും രാവിലെയും ഉച്ചയ്ക്കും രാത്രിയും ഫോണ്‍ വിളിക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം. റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പള്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലിനോടായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

'നല്ല രീതിയില്‍ സമയമെടുത്താണ് അദ്ദേഹം സമീപിച്ചത്. ആദ്യം താല്‍പര്യമില്ലെന്ന് പറഞ്ഞു. പുള്ളി തന്നെ ഇനീഷ്യേറ്റീവെടുത്ത് രാവിലെയും ഉച്ചയ്ക്കും രാത്രിയും കോള്‍ ചെയ്യുമായിരുന്നു. ഓക്കെയല്ലെങ്കില്‍ നിര്‍ത്താം ഞാന്‍ നിനക്ക് പറ്റുന്നയാളാണോയെന്ന് നോക്കാമെന്ന് പുള്ളി നിര്‍ബന്ധിച്ചു. കാണാം, സംസാരിക്കാമെന്ന് പറഞ്ഞ് സാഹചര്യമുണ്ടാക്കി. പുള്ളിയും ഫെനി നൈനാനും കൂടെയുണ്ടായിരുന്നു. അവനും കൂടി വന്നിട്ടാണ് എന്നെ കൂട്ടിക്കൊണ്ടുപോയത്. സംസാരിക്കാന്‍ എനിക്ക് അറിയാത്ത സ്ഥലം തെരഞ്ഞെടുത്തു. ആളുകള്‍ കാണും, മുറിയെടുത്ത് സംസാരിക്കാമെന്നും അതായിരിക്കും സേഫെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു', യുവതി പറഞ്ഞു.

2023ലാണ് രാഹുലിനെ പരിചയപ്പെടുന്നതെന്നും അതിന് മുമ്പ് തന്നെ രാഹുലിനെ അറിയാമായിരുന്നുവെന്നും യുവതി പറഞ്ഞു. ആദ്യം ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ചാറ്റ് ചെയ്തത്. അതിന് ശേഷം നമ്പര്‍ വാങ്ങിച്ചു. ടെലഗ്രാമിലൂടെ മെസേജ് അയക്കുമായിരുന്നുവെന്നും യുവതി. ഇന്‍സ്റ്റാഗ്രാമില്‍ ടൈമര്‍ സെറ്റ് ചെയ്തായിരുന്നു സംസാരിച്ചത്. മെസേജുകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്ന് പുള്ളിക്ക് ഉണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. ലൈംഗിക ബന്ധത്തിന് പിന്നാലെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞെന്നും യുവതി പറഞ്ഞു. തന്റെ ഒരു സീനിയറിനും ഇതേ അനുഭവം ഉണ്ടായി. പിന്നീടാണ് ഇക്കാര്യം അറിഞ്ഞത്. ഇനി മറ്റൊരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. അതുകൊണ്ടാണ് വെളിപ്പെടുത്തലിന് തയ്യാറായതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഭയമാണെന്നും യുവതി പറഞ്ഞു. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള്‍ ഐ ഡോണ്ട് കെയര്‍ എന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും യുവതി വെളിപ്പെടുത്തി.

രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ ഇന്നലെ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. സിനിമ നടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുലിനെതിരായ ശബ്ദം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്.തനിക്ക് അശ്ലീല സന്ദേശം അയക്കുകയും ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്‌തെന്നാണ് റിനി വെളിപ്പെടുത്തിയത്. കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡറും രാഹുലിനെതിരെ ഗുരുതരാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായി ഗുരുതര വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയായിരുന്നു. പരാതി ലഭിച്ചാല്‍ ഉടനെ നടപടിയിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. വെളിപ്പെടുത്തിയവരോ തെളിവുകള്‍ പുറത്തുവിട്ടവരോ നിലവില്‍ രാഹുലിനെതിരെ പരാതി നല്‍കിയിട്ടില്ല.

Content Highlights: Chicago Social Club removes Rahul Mamkootathil from International Tug of war competition

To advertise here,contact us