'തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗും MSFഉം വിശ്രമിക്കാൻ തീരുമാനിച്ചാൽ കഞ്ഞി മുക്കിയ ഖദറുമായി വീട്ടിലിരിക്കേണ്ടി വരും'

പ്രസ്ഥാനത്തെ ആക്ഷേപിച്ചാല്‍ തലയാട്ടി നില്‍ക്കില്ലെന്ന് യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി അംഗം അഷ്‌കര്‍ കണ്ണാടിപ്പറമ്പ്

കണ്ണൂര്‍: എംഎസ്എഫ്-കെഎസ്‌യു വാക്ക്‌പോരില്‍ കെഎസ്‌യുവിനെതിരെ യൂത്ത് ലീഗ്. പ്രസ്ഥാനത്തെ ആക്ഷേപിച്ചാല്‍ തലയാട്ടി നില്‍ക്കില്ലെന്ന് യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി അംഗം അഷ്‌കര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു. കാല് വാരാനല്ലാതെ കെഎസ്‌യു നേതാക്കള്‍ക്ക് ഈ ഉശിര് കാണാറില്ലെന്നും അഷ്‌കര്‍ വിമര്‍ശിച്ചു. എംഎസ്എഫിനെ അധിക്ഷേപിച്ച കെഎസ്‌യു ജില്ലാ സെക്രട്ടറി മുബാസ് സിഎച്ചിനെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു അഷ്‌കര്‍ കണ്ണാടിപ്പറമ്പ്.

'നെഹ്‌റുവിന് മറുപടി പറഞ്ഞ സിഎച്ചിന്റെ കുട്ടികള്‍ക്ക് ഈ ഞാഞ്ഞൂല്‍ പ്രശ്‌നല്ല. തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗും എംഎസ്എഫും വിശ്രമിക്കാന്‍ തീരുമാനിച്ചാല്‍ കഞ്ഞി മുക്കിയ ഖദറുമായി വീട്ടിലിരിക്കേണ്ടി വരും', അഷ്‌കര്‍ പറഞ്ഞു. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും അഷ്‌കര്‍ പരോഷമായി വിമര്‍ശിച്ചു.

ലോക്‌സഭ വിട്ട് നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങുന്ന നേതാക്കള്‍ ഇത്തരം കെഎസ്‌യു നേതാക്കളെ പിന്തുണക്കരുതെന്ന് അദ്ദേഹം പറഞ്ഞു. 'ഈ ഞാഞ്ഞൂലിനെയല്ല അവന്റെ ഗ്രൂപ്പ് മേലാളന്മാരെ വീട്ടിലിരുത്തും' എന്നും അഷ്‌കര്‍ പരോക്ഷമായി വിമര്‍ശിച്ചു. കുട്ടി വാനരന്മാരെ കൊണ്ട് ചുട്‌ച്ചോര്‍ വാരിക്കേണ്ടെന്നും യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം അഷ്‌ക്കര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു.

എംഎസ്എഫ് മതസംഘടനയാണെന്ന് മുബാസ് സി എച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മുഖം മറച്ച് ക്യാംപസില്‍ മതംപറഞ്ഞ് വിദ്യാര്‍ത്ഥികളെ വേര്‍തിരിക്കുന്നവരാണ് എംഎസ്എഫ് എന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്‌കാരം നാടിന് ആപത്താണെന്ന രൂക്ഷ വിമര്‍ശനമാണ് മുബാസ് ഉന്നയിച്ചത്.

അതേസമയം കണ്ണൂരില്‍ എംഎസ്എഫും കെഎസ്‌യുവും തമ്മിലുള്ള പോര് മുറുകുകയാണ്. നേരത്തെ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിനെതിരെ എംഎസ്എഫ് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെഎസ്യു മുന്നണി മര്യാദ ലംഘിച്ചെന്നും ജില്ലാ പ്രസിഡന്റ് വഞ്ചിച്ചെന്നും കാണിച്ചാണ് എംഎസ്എഫ് ഡിസിസിക്കും കെപിസിസിക്കും പരാതി നല്‍കിയത്.

എംഎസ്എഫ് മുന്നണി മര്യാദകള്‍ പാലിക്കുന്നില്ലെന്നും ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും കാണിച്ച് കെഎസ്യുവും പരാതി നല്‍കിയിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ക്കായിരുന്നു പരാതി നല്‍കിയത്.

Content Highlights: Youth league against KSU over attack against MSF

To advertise here,contact us