വ്യക്തിയായാലും പ്രസ്ഥാനമായാലും തെറ്റുണ്ടെങ്കിൽ തിരുത്തണം: യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കുറിപ്പ്

'എനിക്ക് രണ്ട് പെൺമക്കളാണ്. പടയൊരുക്കമല്ല, കുതികാൽവെട്ടല്ല, ഒരു അച്ഛൻ്റെ ആശങ്കകൾ മാത്രം'

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പരോക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ. നിശബ്ദനായിരുന്നാൽ താൻ ആണല്ലാതാകുമെന്നും വ്യക്തിയായാലും പ്രസ്ഥാനമായാലും തെറ്റുണ്ടെങ്കിൽ തിരുത്തണമെന്നും വിഷ്ണു ഫേസ്ബുക്കിൽ കുറിച്ചു.സീസറിൻ്റെ ഭാര്യ സംശയത്തിന് അതീത ആയിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എനിക്ക് രണ്ട് പെൺമക്കളാണ്.

പിന്നെ ഭാര്യയും അമ്മയും.

വീട്ടിൽ ഞാൻ മാത്രമേ ആണായുള്ളു.

നിശബ്ദനായിരുന്നാൽ ഞാൻ ആണല്ലാതാകും.

എത്രയോ സഹപ്രവർത്തകർമാർ

ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.

അവർക്ക് ഞങ്ങളിൽ ഒരു വിശ്വാസമുണ്ട്.

അവർക്ക് മാത്രമല്ല, അവരുടെ രക്ഷിതാക്കൾക്കും.

നിശബ്ദനായിരുന്നാൽ

വിശ്വാസത്തിന്റെ സ്നേഹചങ്ങലകൾ

അർത്ഥശൂന്യമാകും.

ആനേകം പേരുടെ ചോര,

അനേകം പേരുടെ വിയർപ്പ്,

എത്രയോ പേരുടെ ജീവൻ.

നിശബ്ദനായിരുന്നാൽ പോർനിലകളിൽ-

പടർന്ന ചോരയിൽ വെള്ളം കലർത്തലാകും.

രക്തസാക്ഷിത്വങ്ങളുടെ കഴുത്തറുക്കലാകും.

പടയൊരുക്കമല്ല,

കുതികാൽവെട്ടല്ല,

ഒരു അച്ഛന്റെ ആശങ്കകൾ മാത്രം

വിശ്വാസത്തിന്റെ

സ്നേഹചങ്ങല തകരരുതെന്ന

പ്രാർത്ഥന മാത്രം.

സീസറിൻ്റെ ഭാര്യ സംശയത്തിന് അതീത ആയിരിക്കണം.

തെറ്റുണ്ടെങ്കിൽ തിരുത്തണം

അത് വ്യക്തിയായാലും

പ്രസ്ഥാനമായാലും.

അഡ്വ.വിഷ്ണു സുനിൽ

#YouthCongressKerala

നേരത്തെ യുവ നേതാവിനെതിരെ മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഹൂ കെയേഴ്സ് എന്ന ആറ്റിറ്റ്യൂഡുള്ള നേതാവാണ് മോശമായി പറഞ്ഞതെന്ന് റിനി ആൻ ജോർജ് വെളിപ്പെടുത്തിയിരുന്നു. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചിരുന്നതായും മാധ്യമപ്രവർത്തക പറഞ്ഞിരുന്നു. അയാളോട് അപ്പോൾ തന്നെ തുറന്നടിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാൻ പാടില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ പ്രമാദമായ സ്ത്രീപീഡനക്കേസുകളിൽ ഉൾപ്പെടുന്ന രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിക്കും, അവർ സുഖമായി ഇരിക്കുന്നില്ലേ എന്നാണ് തിരിച്ച് ചോദിച്ചതെന്നും റിനി പറഞ്ഞിരുന്നു. അയാൾ പൊയ്മുഖമുള്ള ആളാണ്.

എപ്പോഴും 'ഹു കെയർ' എന്നാണ് ആറ്റിറ്റിയൂട്ട്. അയാളൊരു ഹാബിച്വൽ ഒഫൻഡറാണെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും റിനി പറഞ്ഞിരുന്നു. ഇയാളിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പാർട്ടിയിലെ തന്നെ പലരോടും പറഞ്ഞിരുന്നു. എന്നാൽ നടപടിയുണ്ടായില്ലെന്നും റിനി പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് പറയില്ലെന്നും അയാൾ ഉൾപ്പെടുന്ന പാർട്ടിയിലെ ആളുകളുമായി നല്ല സൗഹൃദമാണുള്ളതെന്നും റിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തക തുറന്നുകാട്ടിയ വ്യക്തി രാഹുൽ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയർന്നിരുന്നു.

തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കർ പറഞ്ഞത്. സംഭവം വലിയ വിവാമായി മാറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണം റിപ്പോർട്ടർ പുറത്തുവിട്ടു. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു.

മാധ്യമങ്ങളെ കണ്ട രാഹുൽ വിഷയത്തെ നിസാരവത്ക്കരിക്കുകയാണ് ചെയ്തത്. ആരോപണം തനിക്കെതിരെയാണെന്ന് കരുതുന്നില്ല എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. നടിയുമായി മികച്ച സൗഹൃദമാണുള്ളതെന്നും രാഹുൽ പറഞ്ഞിരുന്നു. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്ന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി പോയിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഷിന്റോ സെബാസ്റ്റ്യൻ എന്ന അഭിഭാഷകനാണ് പരാതി നൽകിയത്. റിപ്പോർട്ടർ ടിവി പുറത്തുവിട്ട ഫോൺ സംഭാഷണം കേസെടുക്കാൻ പര്യാപ്തമാണെന്ന് ഷിന്റോ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുൽ നടത്തിയത് എന്നും പരാതിയിൽ പറഞ്ഞിരുന്നു.

Content Highlights: youth congress vice president adv vishnu sunil against rahul mamkootathil

To advertise here,contact us