ഒരു വ്യക്തിക്കെതിരെ പരാതിയുണ്ടെങ്കിൽ പ്രസ്ഥാനത്തിലെ മുഴുവൻ ആളുകളേയും സംശയത്തിൽ നിർത്താതെ പേര് പറയണം:ജിൻ്റോ ജോൺ

വ്യക്തമായ പരാതിയും തെളിവുകളും ഇല്ലാത്ത സ്ഥിതിക്ക് കൂട്ടത്തിലൊരാളെ കൊത്തിപ്പറിക്കാന്‍ ഇട്ടുതരികയില്ലെന്നും ജിന്റോ പറഞ്ഞു

കൊച്ചി: യുവ നേതാവിനെതിരായ പരാതികളില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. പരാതി മൂടിവച്ച് ഒരാള്‍ക്കും പരവതാനി വിരിക്കുകയില്ലെന്ന് ജിന്റോ ഫേസ്ബുക്കില്‍ കുറിച്ചു. വ്യക്തമായ പരാതിയും തെളിവുകളും ഇല്ലാത്ത സ്ഥിതിക്ക് കൂട്ടത്തിലൊരാളെ കൊത്തിപ്പറിക്കാന്‍ ഇട്ടുതരികയില്ലെന്നും ജിന്റോ പറഞ്ഞു. വേട്ടക്കാരന്‍ ആരായാലും എക്‌സ്‌പോസ് ചെയ്യപ്പെടണം എന്ന് ആ പെണ്‍കുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് പേര് സഹിതം വെളിപ്പെടുത്തണമെന്ന് അദ്ദേഹം കുറിച്ചു.

'നമ്മള്‍ വ്യക്തിപരമായി കൊടുക്കുന്ന ക്ഷമയുടെ, വിട്ടുവീഴ്ചകളുടെ പ്രിവിലേജുകളില്‍ നിന്ന് ഇത്തരക്കാര്‍ സൗകര്യം കൊള്ളുന്നുണ്ട് എന്നുകൂടി മനസ്സിലാക്കേണ്ടതാണ്. അയാള്‍ക്ക് തിരുത്താന്‍ അവസരം കൊടുക്കുമ്പോള്‍ മറ്റ് ഒരുപാട് ചെറുപ്പക്കാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടല്ല അത് ചെയ്യേണ്ടത്. ഒരു പ്രസ്ഥാനത്തെ ആകെ ആക്ഷേപിച്ചുകൊണ്ടുമല്ല അങ്ങനെ ഉണ്ടാകേണ്ടത്', ജിന്റോ പറഞ്ഞു.

താന്‍ 100% ആ നടിയുടെ ധൈര്യത്തെയും ആര്‍ജ്ജവത്തെയും പിന്തുണയ്ക്കുന്നുവെന്നും പക്ഷേ ഇനിയും പേര് വെളിപ്പെടുത്താതെ കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പാടില്ലെന്നും അദ്ദേഹം കുറിച്ചു. കാടടച്ച് വെടിവക്കുന്നതിലും നല്ലത് കളകളെ തെരഞ്ഞുപിടിച്ചു പറിച്ചു മാറ്റുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ പരാതിയുണ്ടെങ്കില്‍ പ്രസ്ഥാനത്തിലെ മുഴുവന്‍ ആളുകളേയും സങ്കടത്തിന്റെ, സംശയത്തിന്റെ നിഴലില്‍ നിര്‍ത്താതെ വ്യക്തിയുടെ പേര് പറയണം, തെളിവുകള്‍ പറയണം. എന്റെ പാര്‍ട്ടിയിലെയടക്കം സാധാരണക്കാരും പ്രവര്‍ത്തകരും ഒരു സങ്കടം പറയാന്‍ വിളിക്കുമ്പോള്‍ ഒന്ന് ഫോണ്‍ എടുക്കാന്‍ പോലും നേരമില്ലാത്ത ജനപ്രതിനിധികള്‍ ആരെങ്കിലും പാതിരായ്ക്ക് ഉറക്കമൊഴിച്ചിരുന്ന് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയക്കുന്ന വിനോദത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെങ്കില്‍ അത് ഓഡിറ്റ് ചെയ്യപ്പെടേണ്ടത് തന്നെയാണ്. തൊണ്ടയില്‍ പുഴുത്തതെല്ലാം നമുക്ക് വിഴുങ്ങാനുള്ളതല്ല. അതെല്ലാം തുപ്പിക്കളയുന്നത് തന്നെയാണ് നല്ല ക്ലാരിറ്റിയുള്ള നിലപാട്', ജിന്റോ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:I do care.

I Always Do Care Politics and Politricks.

കാരണം ഞാനൊരു കോണ്‍ഗ്രസുകാരനാണ്. കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട ഏതോ ഒരു യുവ നേതാവിനെതിരെ എന്റെ കൂടി ഫേസ്ബുക്ക് സുഹൃത്തായ പെണ്‍കുട്ടി ഉന്നയിച്ച ആരോപണമാണ് ഈ കുറിപ്പിന് ആധാരം. കഴിഞ്ഞ ദിവസം വന്ന ഒരു യൂട്യൂബ് ഇന്റര്‍വ്യൂവിനെ തുടര്‍ന്നുള്ള ആരോപണം മാത്രമാണ് ഇത്. എങ്കിലും ഇത് കേരളത്തില്‍ ഇന്നുണ്ടാക്കിയ സംശയങ്ങള്‍ വലുതാണെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ആ പെണ്‍കുട്ടിക്ക് നേരിട്ടിട്ടുള്ള അശ്ലീലവും അധിക്ഷേപകരവുമായ അനുഭവം പരസ്യമായി പറയാന്‍ അവര്‍ തയ്യാറായത് പിന്തുണക്കേണ്ടതാണെന്ന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ കരുതുന്നു.

നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ അവര്‍ നേരിടേണ്ടി വരുന്ന വേട്ടക്കാരുടെ പേര് ധൈര്യമായി പറയാനുള്ള ആര്‍ജ്ജവം ഉള്ളവരായി മാറണം. എന്റെ അറിവില്‍ കൗമുദിയിലെ ഇന്റര്‍വ്യൂ പുറത്തു വരുന്നതുവരെ ഒരു മാധ്യമപ്രവര്‍ത്തകയും കലാകാരിയും കോണ്‍ഗ്രസ് അനുഭാവിയുമായി ഞാന്‍ കണ്ടിരുന്ന ഒരു പെണ്‍കുട്ടി ഒറ്റദിവസം കൊണ്ട് എനിക്കറിയാവുന്ന പലരുടേയും മുന്‍പില്‍ മറ്റൊരു സരിതയായി ചിത്രീകരിക്കപ്പെടുന്നത് എനിക്ക് യോജിക്കാന്‍ പറ്റാത്ത കാര്യമാണ്. എന്റെ വ്യക്തിപരമായതെങ്കിലും ഈ അഭിപ്രായം ഞാന്‍ പറഞ്ഞില്ലെങ്കില്‍ നീതികേടിന്റെ ഓരം പറ്റി നില്‍ക്കുന്നുവെന്ന കുറ്റബോധം വേട്ടയാടും. തുറന്നു പറയാത്തവര്‍ മോശക്കാര്‍ ആണെന്നല്ല ഇതിനര്‍ത്ഥം. പലര്‍ക്കും പ്രശ്‌നങ്ങളെ നേരിടാനുള്ള രീതികള്‍ പലതാണല്ലോ. ചിലപ്പോള്‍ പരസ്യ നിലപാടിനേക്കാള്‍ ശക്തമായ സന്ദേശമാകാം അനാവശ്യ സംരക്ഷണം നല്‍കാത്ത ചില മൗനങ്ങളും.

ആ പെണ്‍കുട്ടി അവര്‍ നേരിട്ടുള്ള ആക്ഷേപത്തെക്കുറിച്ച് പൊതുസമൂഹത്തിന്റെ മുമ്പില്‍ ധൈര്യപൂര്‍വ്വം വിളിച്ച് പറയുമ്പോള്‍, അവര്‍ എന്തുകൊണ്ട് മുന്‍പ് പറഞ്ഞില്ലെന്നും എന്തുകൊണ്ട് പരാതി ഇത്രയും വൈകിയെന്നുമൊക്കെ ചോദിക്കുന്നത് അവനവനും അവനവന് വേണ്ടപ്പെട്ടവര്‍ക്കും നേരിട്ട് അനുഭവമുണ്ടാകുന്നത് വരേയുള്ളൂ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ആയുസ്സ് എന്ന് മനസ്സിലാകാത്തത് കൊണ്ടാണ്. എപ്പോള്‍ പരാതി പറയണമെന്നും എപ്പോളത് പരസ്യമാക്കണമെന്നും തീരുമാനിക്കാനുള്ള അവകാശമെങ്കിലും മാനത്തിന് വില പറയപ്പെട്ട് ആക്ഷേപിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് നമ്മള്‍ വിട്ടുകൊടുക്കണം. അതും കൂടി കൈപ്പിടിയില്‍ ഒതുക്കി സ്ത്രീസമത്വവും സ്വാതന്ത്ര്യവും പറഞ്ഞാല്‍ അത് ഒരുതരം ആത്മവഞ്ചനയാകും.

ഒരു യുവനേതാവിനെതിരെ ഈ ആക്ഷേപം പരസ്യമായി ഉന്നയിക്കുമ്പോള്‍ അവര്‍ പറഞ്ഞത് അയാള്‍ തിരുത്തണം എന്നാണ്. പക്ഷേ എനിക്ക് അവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. അവര്‍ സംശയത്തിന്റെ കുന്തമുന നീട്ടിവെച്ചിരിക്കുന്ന വ്യക്തി എക്‌സ്‌പോസ് ചെയ്യണമെന്നുള്ള ആഗ്രഹത്തിലാണ് ഇതൊക്കെ പറയുന്നത് എന്ന് അവരുടെ ഇന്നത്തെ മാധ്യമ പ്രസ്താവനയില്‍ കേട്ടു. വേട്ടക്കാരന്‍ ആരായാലും എക്‌സ്‌പോസ് ചെയ്യപ്പെടണം എന്ന് ആ പെണ്‍കുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആരെയാണ് ഉദ്ദേശിക്കുന്നത് പേര് സഹിതം വെളിപ്പെടുത്തണം. അല്ലെങ്കില്‍ ഒരുപാട് നല്ല ചെറുപ്പക്കാര്‍ ആക്ഷേപത്തിന്റെ, സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടും. നിരപരാധിയായ ഒരാളെപ്പോലും സംശയ നിഴലില്‍ നിര്‍ത്താതെ നമുക്ക് സ്ത്രീപക്ഷ നിലപാട് പറയാന്‍ പറ്റുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ വ്യക്തി തിരുത്തപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനുള്ള അവസരം കൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ അയാള്‍ക്ക് തിരുത്താന്‍ അവസരം കൊടുക്കുമ്പോള്‍ മറ്റ് ഒരുപാട് ചെറുപ്പക്കാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടല്ല അത് ചെയ്യേണ്ടത്. ഒരു പ്രസ്ഥാനത്തെ ആകെ ആക്ഷേപിച്ചുകൊണ്ടുമല്ല അങ്ങനെ ഉണ്ടാകേണ്ടത്.

ആ പെണ്‍കുട്ടി തന്നെ പറഞ്ഞത് അയാള്‍ക്ക് തിരുത്താന്‍ പല അവസരങ്ങളും കൊടുത്തു എന്നാണ്. അങ്ങനെയെങ്കില്‍ സ്വകാര്യ സമയങ്ങളില്‍ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു മോശപ്പെട്ട വ്യക്തിക്ക് സ്വയം പല അവസരങ്ങള്‍ കൊടുക്കുന്നതില്‍ അല്ല നമ്മുടെ നീതിബോധം ഉണ്ടായിരിക്കേണ്ടത്. അയാളെ തുറന്നെതിര്‍ക്കാനോ അയാള്‍ക്കെതിരെ നിയമപരമായോ മറ്റേതെങ്കിലുമോ നടപടികളിലേക്കോ പോയിരുന്നുവെങ്കില്‍ അത് കുറേക്കൂടി നന്നായേനെ എന്ന് തോന്നി. അയാള്‍ക്ക് തിരുത്താന്‍ അവസരങ്ങള്‍ നല്‍കിയപ്പോള്‍ മറ്റൊരുപാട് സ്ത്രീകള്‍ക്കും സമാനമായ അനുഭവം നേരിട്ടു എന്നാണ് ആ നടിയുടെ വാക്കുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്.

അങ്ങനെയാണെങ്കില്‍ നമ്മള്‍ വ്യക്തിപരമായി കൊടുക്കുന്ന ക്ഷമയുടെ, വിട്ടുവീഴ്ചകളുടെ

പ്രിവിലേജുകളില്‍ നിന്ന് ഇത്തരക്കാര്‍ സൗകര്യം കൊള്ളുന്നുണ്ട് എന്നുകൂടി മനസ്സിലാക്കേണ്ടതാണ്. നടി ഉദ്ദേശിക്കുന്ന വ്യക്തി ആരായാലും അയാളെ തിരുത്തി ചേര്‍ത്തു പിടിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ മറ്റനേകം സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു എന്നാണ് നടിയുടെ തന്നെ വാക്കുകള്‍ വ്യക്തമാക്കുന്നത്. അവര്‍ക്ക് നിഷേധിക്കപ്പെട്ട നീതിയുടെ, അവര്‍ നേരിട്ട ആക്ഷേപത്തിന്റെ, അധിക്ഷേപത്തിന്റെ പലതിലൊരു കാരണവും ഒരുപക്ഷേ ഇത്തരം ക്ഷമകളാണ്. ചില മൗനങ്ങള്‍ വേട്ടക്കാരന്‍ ഇരതേടാനുള്ള സമ്മതമായി കാണും.

ഞാന്‍ 100% ആ നടിയുടെ ധൈര്യത്തെ, ആര്‍ജ്ജവത്തെ പിന്തുണയ്ക്കുന്നു. പക്ഷേ ഇനിയും പേര് വെളിപ്പെടുത്താതെ കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പാടില്ല. അതേസമയം തന്നെ ഒരു പെണ്‍കുട്ടി നേരിടുന്ന അധിക്ഷേപങ്ങളുടെ തീവ്രത നോക്കിയല്ലല്ലോ നിലപാടുകള്‍ എടുക്കപ്പെടേണ്ടത്. പാര്‍ട്ടികള്‍ക്ക് സ്വാഭാവികമായും ധാര്‍മ്മികതയുടെ പുറത്തുള്ള സംഘടനാപരമായ നടപടികളെ സ്വീകരിക്കാന്‍ പറ്റൂ. അത് ഒരുപക്ഷേ പരാതിക്കാരിക്ക് 100% നീതി കിട്ടുന്നത് ആകണമെന്നുമില്ല. അപ്പോള്‍ നീതി ഉറപ്പാക്കപ്പെടാന്‍ നിയമത്തെ ആശ്രയിക്കുന്നതാണ് കുറേക്കൂടി നല്ല വഴിയെന്ന് കരുതുന്നു. അതും ആ പെണ്‍കുട്ടിയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് തന്നെയാണ്. എന്നാലും കാടടച്ച് വെടിവക്കുന്നതിലും നല്ലത് കളകളെ തെരഞ്ഞുപിടിച്ചു പറിച്ചു മാറ്റുന്നതാണ്.

പ്രതിപക്ഷ നേതാവ് അച്ഛനെ പോലെയാണെന്നും മറ്റു പല നേതാക്കന്മാരെയും കണ്ട് പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ല, വിഗ്രഹങ്ങള്‍ ഉടയപ്പെട്ടു എന്നും നടി പറയുമ്പോള്‍ അതിലൊരു രാഷ്ട്രീയം ആളുകള്‍ സംശയിച്ചേക്കാം. കാരണം കുറച്ചു കാലം മുന്നേ ഉമ്മന്‍ ചാണ്ടിയും അച്ഛനെ പോലെയാണെന്ന് പറഞ്ഞു വന്നിട്ട് അവസാനം അതേ അച്ഛനെ പോലെയുള്ള ആള്‍ക്കെതിരെ പോലും ലൈംഗിക അധിക്ഷേപ പരാതി കൊടുത്ത സരിത നായരുടെ മുന്‍ അനുഭവമുള്ളതുകൊണ്ട് കാര്യങ്ങള്‍ക്ക് വ്യക്തത നിര്‍ബന്ധമാണ്. ആ കള്ളപ്പരാതി കത്ത് വായിച്ച് കണ്ണ് നനഞ്ഞവര്‍ക്ക് അതൊക്കെ ഓര്‍മ്മ വരാനിടയുണ്ട്.

അത്തരം അധിക്ഷേപങ്ങളില്‍ ഒരക്ഷരം പോലും മിണ്ടാതെ മാധ്യമ വിചാരണയ്ക്ക് വിധേയപ്പെട്ട്, ചെയ്യാത്ത കുറ്റത്തിന് മൗനമായി ശിക്ഷ അനുഭവിച്ച്, നീതി നിഷേധിക്കപ്പെട്ട് മരണപ്പെട്ടുപോയ ഒരു നീതിമാനായ ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടി കൂടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ പരാതിയുണ്ടെങ്കില്‍ പ്രസ്ഥാനത്തിലെ മുഴുവന്‍ ആളുകളേയും സങ്കടത്തിന്റെ, സംശയത്തിന്റെ നിഴലില്‍ നിര്‍ത്താതെ വ്യക്തിയുടെ പേര് പറയണം. തെളിവുകള്‍ പറയണം. അങ്ങനെയുള്ള വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കപ്പെടണം. നിങ്ങള്‍ സ്വകാര്യമായി തിരുത്തല്‍ വരുത്തി കോംപ്രമൈസ് ആക്കുമ്പോള്‍ സംശയ നിഴലില്‍പ്പെട്ട പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടെയും സങ്കടങ്ങള്‍ക്ക് ആരു പരിഹാരം പറയും. നീതി നിരപരാധികള്‍ക്ക് കൂടിയുള്ളതാണല്ലോ. പരസ്യമായി വിഴുപ്പലക്കിയിട്ട് ഇനി മുന്നോട്ട് പോകാന്‍ ഉദ്ദേശമില്ല എന്ന് പറയുന്നത് ശരിയല്ല.

ഇടക്ക് വച്ചു ഇട്ടിട്ട് പോകേണ്ടതല്ല സ്ത്രീപക്ഷ നിലപാടുകള്‍. അത് നീതിക്കര്‍ഹരായ മറ്റ് സ്ത്രീകളെ പോലും വിശ്വാസ്യത ഇല്ലാത്തവരാക്കും. അത് പാടില്ല. ഇന്നുച്ചയ്ക്ക് ശേഷം എനിക്കേറെ പ്രിയപ്പെട്ട ചിലര്‍ ആ നടിയെ മറ്റൊരു സരിതയായി ഉപമിക്കുന്നത് കണ്ടു. അതൊരു തെറ്റായ നടപടിയായി ആണ് എനിക്ക് തോന്നുന്നത്. നമുക്ക് അപ്രിയകരമായ അഭിപ്രായം പറയുന്ന മുഴുവന്‍ മനുഷ്യരും സരിതയാക്കപ്പെടേണ്ടവരല്ല. ഒരുതരത്തിലും സരിതയോട് ഉപമിക്കാന്‍ സാധിക്കുന്ന ഒരു വ്യക്തിയായി ഞാന്‍ അവരെ കാണുന്നുമില്ല. അവര്‍ വേട്ടക്കാരന്റെ പേര് വെളിപ്പെടുത്താത്ത സ്ഥിതിക്ക്, സിപിഎം നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അവരുടെ ഐഡന്റിറ്റി മോശമായി ചിത്രീകരിക്കേണ്ട കാര്യവുമില്ല. പേര് വെളിപ്പെടുത്തിയാലും പരാതിക്കാരിയേക്കാള്‍ വേട്ടക്കാരനേയും വിഷയത്തേയുമാണ് ഓഡിറ്റ് ചെയ്യേണ്ടത്. തെരഞ്ഞെടുപ്പുകള്‍ ആസന്നമാകുമ്പോള്‍ പല സരിതമാരും ചിലപ്പോള്‍ രംഗത്ത് വന്നേക്കാം. എന്നാല്‍ പരാതിക്ക് കാരണമാകുന്ന വ്യക്തിയെ കൂടി നമ്മള്‍ ഓഡിറ്റ് ചെയ്യേണ്ടതാണ് എന്നതാണ് എന്റെ ബോധ്യം. കാരണം എന്റെ പാര്‍ട്ടിയിലെയടക്കം സാധാരണക്കാരും പ്രവര്‍ത്തകരും ഒരു സങ്കടം പറയാന്‍ വിളിക്കുമ്പോള്‍ ഒന്ന് ഫോണ്‍ എടുക്കാന്‍ പോലും നേരമില്ലാത്ത ജനപ്രതിനിധികള്‍ ആരെങ്കിലും പാതിരായ്ക്ക് ഉറക്കമൊഴിച്ചിരുന്ന് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയക്കുന്ന വിനോദത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെങ്കില്‍ അത് ഓഡിറ്റ് ചെയ്യപ്പെടേണ്ടത് തന്നെയാണ്.

തൊണ്ടയില്‍ പുഴുത്തതെല്ലാം നമുക്ക് വിഴുങ്ങാനുള്ളതല്ല. അതെല്ലാം തുപ്പിക്കളയുന്നത് തന്നെയാണ് നല്ല ക്ലാരിറ്റിയുള്ള നിലപാട്. ഏത് തലമുതിര്‍ന്ന നേതാവായാലും ഏത് പ്രോമിസിങ്ങായ യുവനേതാവായാലും തൊണ്ടയില്‍ പുഴുത്തത് കാര്‍ക്കിച്ചു തുപ്പിയാലെ മനസ്സും നിലപാടും മലിനമാക്കപ്പെടുന്ന എതിര്‍ ചേരിയിലുള്ളവരെ നോക്കി ചോദ്യശരങ്ങളെറിയാന്‍ കഴിയൂ. എന്നാലേ ആകമാനം ചീഞ്ഞുനാറുന്ന അപ്പുറത്തുള്ളവനോട് ആഞ്ഞു സംസാരിക്കാന്‍ നമ്മുടെ നാവുകള്‍ക്കും ശേഷിയുണ്ടാകൂ. അതുകൊണ്ട് ക്ലാരിറ്റി വേണം. ഒരു പ്രവര്‍ത്തകനോ നേതാവോ ഒരു ജനപ്രതിനിധിയോ പോലും സംശയ നിഴലില്‍ നിന്നു കൂടാ. അവര്‍ക്കില്ലാത്ത ഒരു പ്രിവിലേജും അടക്കമില്ലാത്ത മറ്റാര്‍ക്കും ഇന്നും നാളെയും കിട്ടേണ്ടതില്ല. സിപിഎം നേതാക്കളായ പി ശശിയും പി കെ ശശിയും മുകേഷും മന്ത്രി ഗണേഷുമടക്കം നിരവധി നേതാക്കള്‍ ഇത്തരം ആക്ഷേപങ്ങള്‍ക്ക് വിധേയമായപ്പോഴും കേസില്‍ പ്രതിയായപ്പോഴും നമ്മളെടുത്ത നിലപാട് എന്താണെന്ന് ഓര്‍ക്കണം. നമുക്ക് നാളെയും അവരെ തുടര്‍ന്ന് എതിര്‍ക്കണമെങ്കില്‍ തൊണ്ടയിലെ പഴുപ്പുകള്‍ തുപ്പി നാവ് വൃത്തിയാക്കിയതിന് ശേഷമാകണം. അല്ലെങ്കില്‍ ഇതൊരു ശങ്കരാടി സിദ്ധാന്തത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സ്വയമാശ്വസിക്കാമെന്ന് മാത്രം. അവരുമായി താരതമ്യം ചെയ്തതല്ല കേരളത്തിലെ പൊതുജനങ്ങളും യുവജനങ്ങളും സ്ത്രീകളും നമ്മളെ വിലയിരുത്തേണ്ടത്. എന്റെ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാന്യതയുടെ, മര്യാദയുടെ അളവുകോല്‍ സിപിഎം നേതാക്കന്മാരുടെ മൊറാലിറ്റിയില്‍ അല്ല എന്നുള്ള ബോധ്യമെനിക്ക് ഉള്ളതുകൊണ്ടാണ് ഈ അഭിപ്രായം രേഖപ്പെടുത്തുന്നത്. അവരുമായി ഇക്വേറ്റ് ചെയ്തിട്ട് മെച്ചപ്പെട്ടവന്‍ ആണ് എന്ന് തെളിയിക്കേണ്ട ബാധ്യത നമുക്കാര്‍ക്കും ഉണ്ടായിക്കൂടാ. അതൊരു ദുര്യോഗമാണെന്നുള്ള തിരിച്ചറിവും ഉണ്ടാകണം. അപ്പോഴാണ് നമ്മള്‍ കുറേക്കൂടി മികച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആകുന്നത്.

ഏതെങ്കിലും ഒരു നേതാവ് ചെയ്യുന്ന വ്യക്തിപരമായ തോന്നിവാസങ്ങളുടെ പേരില്‍ എന്റെ പ്രസ്ഥാനത്തെ മാധ്യമ വിചാരണയ്ക്ക് മേശപ്പുറത്ത് വച്ചു കൊടുക്കപ്പെടുന്നത് കണ്ടുനില്‍ക്കാന്‍ കഴിയില്ല. ഞാനുള്‍പ്പെടെ ഈ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ ഉന്നത നേതാക്കള്‍ വരെ സോഷ്യലി ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണ് എന്ന് കരുതുന്നു. കാരണം എന്റെ സ്വകാര്യതയുടെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. സ്വകാര്യതയില്‍ ഞാനെടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്തം പ്രസ്ഥാനം പറയേണ്ടി വന്നാല്‍ അന്ന് തീര്‍ന്ന് പോകും പ്രസ്ഥാനസ്‌നേഹം. ഓരോ വ്യക്തിയുടെയും സ്വകാര്യത തന്നെയാണ് അയാളുടെ ലൈംഗികതയും മറ്റ് പല കാര്യങ്ങളും. അതയാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമായിരിക്കുമ്പോള്‍ തന്നെ അതിന്റെ ഉത്തരവാദിത്തവും അയാള്‍ക്ക് മാത്രമാണ്. അതൊരു പാര്‍ട്ടിയുടെ ആകെ ഉത്തരവാദിത്തമായി നമ്മള്‍ തെറ്റിദ്ധരിക്കാന്‍ പാടില്ല. അങ്ങനെ നമ്മള്‍ വിചാരിച്ചാല്‍ മാസപ്പടി കേസില്‍ വീണ തൈക്കണ്ടിയിലിനെ വെള്ളപൂശാന്‍ നോക്കുന്ന സിപിഐഎമ്മുകാരില്‍ നിന്നും നമുക്കൊരു വ്യത്യാസവും ഉണ്ടാകില്ല.

ഏതെങ്കിലും നേതാക്കന്മാര്‍ രാത്രിയാമങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും ഹോട്ടലുകളിലേക്ക് ക്ഷണിക്കുന്നതും പാര്‍ട്ടിയുടെ കമ്മിറ്റി ചേര്‍ന്ന് ആലോചിച്ചിട്ടല്ല. അതുകൊണ്ടുതന്നെ വൃത്തികേടുകളുടെ വിഴുപ്പ് ഭാണ്ഡം പാര്‍ട്ടിയൊന്നാകെ ഏറ്റെടുക്കേണ്ടതുമില്ല. അങ്ങനെയുള്ള വ്യക്തികളെ ഓഡിറ്റ് ചെയ്തും കറക്റ്റ് ചെയ്തും മുന്നോട്ടു നീങ്ങുമ്പോഴാണ് പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ ഉന്നത ജനാധിപത്യ - നീതി ബോധമുള്ളതാകുന്നത്. അപ്പോഴല്ലേ മുഴുവന്‍ സ്ത്രീകള്‍ക്കും മുഴുവന്‍ വ്യക്തികള്‍ക്കും തുല്യനീതി ഉറപ്പുനല്‍കുന്ന ഒരു സംഘടനയാണെന്ന് എന്റേതെന്ന് എനിക്കുറച്ച് പറയാന്‍ സാധിക്കുകയുള്ളൂ.

ആരോപണ വിധേയന്‍ ആരാണെന്ന് അറിയാതിരിക്കുമ്പോള്‍ തന്നെ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ ആണെങ്കില്‍ നമ്മളെടുക്കുന്ന നിലപാട് എന്തായിരിക്കുമെന്നും ആലോചിക്കാം. സിപിഎം - ഡിവൈഎഫ്‌ഐ നേതാക്കന്മാരുടെ എണ്ണിയാലൊടുങ്ങാത്ത ഇത്തരം വൃത്തികേടുകള്‍ക്കെതിരെ നിരന്തരം സംസാരിച്ച നമ്മുടെ നാവുകൊണ്ട് ഒരു പെണ്‍കുട്ടിക്ക് പോലും നീതി നിഷേധിക്കപ്പെടുന്ന ഒരു വാക്ക് പോലും ഉച്ചരിക്കാന്‍ പാടില്ല. സത്യം വെളിവാക്കപ്പെടട്ടെ. ശരിയായ അന്വേഷണത്തിലൂടെ പാര്‍ട്ടിയുടെ സംഘടനാപരമായ ധാര്‍മികത ഉയര്‍ത്തപ്പെടട്ടെ.

നിയമപരമായ അന്വേഷണത്തിലൂടെ ഈ രാജ്യത്തെ നിയമം ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്ന നീതി ഉറപ്പാക്കപ്പെടട്ടെ. എന്നുവച്ചാല്‍ നമ്മുടെ ഒരു നേതാവിനേയും ഉത്തരവാദിത്തമില്ലാത്ത വിഴുപ്പലക്കലുകള്‍ പോലുള്ള വിചാരണക്ക് വിട്ടുകൊടുക്കാനും പാടില്ല. തെളിവ് കിട്ടാത്തത് കൊണ്ട് പ്രവര്‍ത്തകര്‍ ചോരവിയര്‍ത്ത് തെരുവില്‍ കവചമൊരുക്കുന്നത് തോന്നിവാസങ്ങള്‍ക്കുള്ള ലൈസന്‍സായി ഒരാളും കാണേണ്ടതുമില്ല. കാരണം ഒരുപാട് സാധാരണക്കാര്‍ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചും വെയിലില്‍ വിയര്‍ത്തൊലിച്ചും മഴനനഞ്ഞും മഞ്ഞുകൊണ്ടും പോസ്റ്റര്‍ ഒട്ടിച്ചും പോലീസിന്റെ തല്ലു മേടിച്ചും സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും ബിജെപിയുടെയും അതിക്രൂര അധിക്ഷേപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വിധേയപ്പെട്ടും ഉയര്‍ത്തിപ്പിടിച്ച മൂവര്‍ണ്ണക്കൊടിയുടെ തണലില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് പോലും നാളെ ഒരു പെണ്‍കുട്ടിക്കെതിരേയും അപമാര്യാദ ചെയ്യാന്‍ തോന്നരുത്.

സാധാരണ പ്രവര്‍ത്തകരുടെ ഫോണെടുക്കാന്‍ പോലും നേരമില്ലാത്ത തിടുക്കപ്പെട്ട പ്രവര്‍ത്തനം നടത്തുന്നവര്‍ പെണ്‍കുട്ടികളുടെ മാനത്തിന് വില പറയുന്ന പണിയാണ് എടുക്കുന്നതെങ്കില്‍ മാറ്റിനിര്‍ത്തപ്പെടണം. ഏതെങ്കിലും നേതാവിന്റെ തോന്നിവാസത്തെ പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കുന്നതില്‍ അല്ല, വേട്ടക്കാരായ സെക്ഷ്വല്‍ സൈക്കോപാത്തുകളെ തുറന്നെതിര്‍ത്ത് മാറ്റിനിര്‍ത്തുമ്പോഴാണ്, എതിര്‍ത്തു നില്‍ക്കുന്നവരുടെ പോലും പിന്തുണ കിട്ടുന്ന അവസരമുണ്ടാകുമ്പോഴാണ് എന്റെ പാര്‍ട്ടി ജയത്തിലേക്ക് കുതിക്കുന്നത്. ഓരോ കോണ്‍ഗ്രസ് നേതാവിനേയും വീട്ടിലേക്ക് ക്ഷണിക്കാനും അവരുടെ ഭാര്യയെയും മകളെയും സഹോദരിയെയും അമ്മയെയുമൊക്കെ പരിചയപ്പെടുത്താനും നാട്ടിലെ ഓരോ പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസുകാര്‍ അല്ലാത്തവര്‍ക്കും തോന്നാനും പറ്റണമെങ്കില്‍ നമ്മള്‍ കുറേക്കൂടി വ്യക്തതയോടെ വിഷയത്തെ അഡ്രസ്സ് ചെയ്യണം. വ്യക്തിപരമായ സന്തോഷത്തിന് സ്വകാര്യതയില്‍ വൃത്തികേടുകള്‍ കാണിച്ചു കൂട്ടുന്ന ലൈംഗിക മനോരോഗികളെ കാത്തുപിടിച്ചു കൊണ്ടല്ല ഈ പ്രശ്‌നത്തെ കാണേണ്ടത്.

കാലം മാറിയതറിയാതെ തൊണ്ടയില്‍ പുഴുത്തത് വിഴുങ്ങുന്നത് ജനാധിപത്യ രീതിയല്ല. നീതി നിഷേധത്തെ ഒളിച്ചുവയ്ക്കാന്‍ പാകത്തിനൊത്തവണ്ണം അധികാരത്തിന്റെ അധികബലം ഒന്നുമില്ലാത്ത വിധം പ്രയാസത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. പാര്‍ട്ടിയെ ഇനിയും ദ്രോഹിക്കുന്ന രാത്രിഞ്ചരന്മാരെ നിലയ്ക്ക് നിര്‍ത്താന്‍ നമുക്കാവണം. നാളെ ഞാന്‍ ഉള്‍പ്പെടെയുള്ള ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റേയുമൊഒപ്പം ഒരു പെണ്‍കുട്ടിയേയോ സ്ത്രീയേയോ കണ്ടാല്‍ മറ്റൊരാളും മോശപ്പെട്ട വാക്ക് പറയാതിരിക്കാന്‍ മാത്രമെങ്കിലുമുള്ള നൈതികത പുലര്‍ത്തണം. അത് നമ്മള്‍ ഉള്‍പ്പാര്‍ട്ടി ഓഡിറ്റിലൂടെ ചെയ്യേണ്ടതാണ്. തന്നെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനെന്നുള്ള ആക്ഷേപം നേരിടാന്‍ ഒരു പ്രവര്‍ത്തകനേയും തെരുവില്‍ നമ്മള്‍ വിട്ടുകൊടുത്തുകൂടാ.

പിന്നെ, മുകേഷിനേയും ശ്രീരാമകൃഷ്ണനേയും തോമസ് ഐസക്കിനേയും കടകംപള്ളി സുരേന്ദ്രനേയും പി ശശിയും പി കെ ശശിയും ഗോപി കോട്ടമുറിക്കലും അടക്കമുള്ളവരേയും ശശീന്ദ്രനെയും വൈശാഖനേയും ഗണേഷ് കുമാറിനേയുമൊക്കെ ചുമലില്‍ ചുമക്കുന്ന സിപിഎം ഈ വിഷയത്തിലെ മെറിറ്റിന് മാര്‍ക്കിടണ്ട. തീവ്രത നോക്കി പീഡനമളക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് പോലീസ് സ്റ്റേഷനും കോടതിയുമൊന്നുമില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടത്ത് വച്ചിട്ട് പീഡകര്‍ക്കും രാത്രി വാതില്‍ മുട്ടുന്നവര്‍ക്കും കൂട്ടുനിന്ന, സ്വപ്ന സുരേഷിന്റെ നിരന്തര ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്ത പിണറായിസ്റ്റുകളും നീതിയുടെ ട്യൂഷനെടുക്കണ്ട. പ്രജ്വല്‍ രേവണ്ണയെ വോട്ട് പിടിച്ച് ജയിപ്പിച്ച, ഉന്നവിലേയും ഹത്രസിലേയും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സ്ത്രീപീഡകരെ കാവിക്കൊടി കൊണ്ട് പൊതിഞ്ഞു പിടിക്കുന്ന മോദിയുടെ ബിജെപിയും കിട്ടിയ ലാക്ക് മുതലാക്കാന്‍ ദണ്ഡ ചുഴറ്റാന്‍ ഇറങ്ങണ്ട. ആരാണ് അയാള്‍ എന്ന് തെളിവുകളോടെ ആ നടി പറയും വരെ കാത്തിരിക്കാം.

ആ സംശയത്തിന്റെ ആനുകൂല്യമെടുത്താല്‍ അത് നിങ്ങളില്‍ പെട്ടവരും ആകാമല്ലോ. ആളാരായാലും പരാതിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടപടിയുണ്ടാകും. ഏതോ ഒരു യുവനേതാവെന്ന് ഒരാള്‍ പറയുമ്പോഴേക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചാട്ടുളിപോലെ സമര സാന്നിധ്യമാകുന്ന സംഘടനയില്‍ കുറ്റവാളിയെ തെരയാന്‍ കാണിക്കുന്ന ജാഗ്രത ഒരുതരം ശങ്കരാടി സിന്‍ഡ്രോമാണ്. പ്രതിപക്ഷത്തെ കൊള്ളാവുന്ന ചെറുപ്പക്കാരെ ഗര്‍ഭക്കേസിലും പെണ്ണുകേസിലും കള്ളക്കേസിലും പെടുത്തുന്ന പെടപ്പാട്. അതിവിടെ എടുക്കണ്ട. പരാതി മൂടിവച്ച് ഒരാള്‍ക്കും പരവതാനി വിരിക്കുകയുമില്ല, വ്യക്തമായ പരാതിയും തെളിവുകളും ഇല്ലാത്ത സ്ഥിതിക്ക് കൂട്ടത്തിലൊരാളെ കൊത്തിപ്പറിക്കാന്‍ ഇട്ടുതരികയുമില്ല.

കൊത്തിവലിക്കാന്‍ നല്ലൊരു ശരീരം കിട്ടിയെന്നുള്ള ആര്‍ത്തിയോടെ പായുന്ന ചില മാധ്യമകഴുകന്മാരോടും ചിലത് പറയാനുണ്ട്. പണ്ട് നിങ്ങളിതുപോലെ ഒരാളെ കൊത്തിവലിച്ച് കക്കൂസിന്റെ വാതില്‍പ്പുറത്ത് വരെ ക്യാമറ വെച്ചും കോയമ്പത്തൂര്‍ക്ക് ക്യാമറയാത്ര നടത്തിയതിനെ കുറിച്ചും ഓര്‍ക്കണം. നിങ്ങള്‍ ഒരുപാട് കൊത്തിവലിച്ചിട്ട ആ മനുഷ്യന്‍ മൗനമായി അതെല്ലാം സഹിച്ച് മരണത്തിലേക്ക് പോയപ്പോഴാണ് അയാളൊരു നീതിമാന്‍ ആയിരുന്നുവെന്ന് ജനങ്ങള്‍ പറഞ്ഞത്. അപ്പോഴും തെറ്റിപ്പോയെന്ന് നിങ്ങള്‍ ഏറ്റുപറഞ്ഞില്ല.

Content Highlights: Youth Congress leader about allegation towards Young leader

To advertise here,contact us