കൊച്ചി: രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരെ ഗുരുതര ആരോപണവുമായി ട്രാന്സ് വുമണും ബിജെപി നേതാവുമായ അവന്തിക. രാഹുല് മാങ്കൂട്ടത്തില് ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില് ഏര്പ്പെടണമെന്ന് അയാള് പറഞ്ഞതായും അവന്തിക പറഞ്ഞു. ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള് തനിക്ക് അയച്ചതെന്നും അവന്തിക പറഞ്ഞു. ഡിബേറ്റ് വിത്ത് ഡോ. അരുണ്കുമാറിലായിരുന്നു അവന്തികയുടെ വെളിപ്പെടുത്തല്.
രാഹുലുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കാലത്താണ് പരിചയപ്പെടുന്നതെന്ന് അവന്തിക പറഞ്ഞു. ഒരു ചര്ച്ചയ്ക്കിടെയായിരുന്നു പരിചയപ്പെടുന്നത്. അതിന് ശേഷം സോഷ്യല് മീഡിയയില് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അതിന് ശേഷം നല്ല സുഹൃത്തുക്കളായിരുന്നു. തുടക്കത്തില് രാത്രി പതിനൊന്ന് മണിക്ക് ശേഷമായിരുന്നു വിളിച്ചിരുന്നത്. പിന്നീട് രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഇടവേളകളില്ലാതെ വിളിച്ചു തുടങ്ങി. രാഷ്ട്രീയ കാര്യങ്ങള് സംസാരിക്കാനായിരുന്നില്ല അയാള് വിളിച്ചിരുന്നത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളാണ് അയച്ചിരുന്നത്. ഇതിനിടെയാണ് റേപ്പ് ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില് ഏര്പ്പെടണമെന്ന് പറഞ്ഞത്. കോണ്ഗ്രസിലെ ചില നേതാക്കളോട് ഇക്കാര്യങ്ങള് പറഞ്ഞിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കള്ക്കും ഇക്കാര്യങ്ങള് അറിയാമെന്നും അവന്തിക പറഞ്ഞു.
രാഹുല് മാങ്കൂട്ടത്തില് ഒരു റേപ്പിസ്റ്റാണെന്ന് തോന്നുന്നുവെന്നും ഇവര് പറയുന്നു. റേപ്പ് ചെയ്യണം എന്ന് പറയുന്നതിലൂടെ അയാള് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. റേപ്പ് ചെയ്യണം എന്ന് പറഞ്ഞ് നടക്കുന്ന ആള് എങ്ങനെ സമൂഹത്തിന് മാതൃകയാകുമെന്നും അവന്തിക ചോദിക്കുന്നു. ഇന്ന് പത്രസമ്മേളനം നടത്തുന്നതിന് മുന്പ് അയാള് വിളിച്ചിരുന്നു. അയാള്ക്കെതിരെ താന് പറയും എന്ന് മനസിലാക്കിയാകും വിളിച്ചത്. അതിന് ശേഷം സംസാരിക്കണം എന്ന് പറഞ്ഞ് സന്ദേശം അയച്ചിരുന്നുവെന്നും അവന്തിക പറഞ്ഞു. താന് പറഞ്ഞ ആരോപണങ്ങള് തെറ്റാണെന്ന് അയാള് തെളിയിക്കട്ടെ. രാഹുല് മാങ്കൂട്ടത്തിലിനെ താന് വെല്ലുവിളിക്കുകയാണെന്നും അവന്തിക കൂട്ടിച്ചേര്ത്തു.
നേരത്തെ യുവ നേതാവിനെതിരെ മാധ്യമപ്രവര്ത്തകയും നടിയുമായ റിനി ആന് ജോര്ജ് നടത്തിയ വെളിപ്പെടുത്തലില് വലിയ ചര്ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഹൂ കെയേഴ്സ് എന്ന ആറ്റിറ്റ്യൂഡുള്ള നേതാവാണ് മോശമായി പറഞ്ഞതെന്ന് റിനി ആൻ ജോർജ് വെളിപ്പെടുത്തിയിരുന്നു. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാര് ഹോട്ടലിലേയ്ക്ക് ക്ഷണിച്ചിരുന്നതായും മാധ്യമപ്രവര്ത്തക പറഞ്ഞിരുന്നു. അയാളോട് അപ്പോള് തന്നെ തുറന്നടിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാന് പാടില്ലെന്നും പറഞ്ഞിരുന്നു. എന്നാല് പ്രമാദമായ സ്ത്രീപീഡനക്കേസുകളില് ഉള്പ്പെടുന്ന രാഷ്ട്രീയ നേതാക്കള്ക്ക് എന്ത് സംഭവിക്കും, അവര് സുഖമായി ഇരിക്കുന്നില്ലേ എന്നാണ് തിരിച്ച് ചോദിച്ചതെന്നും റിനി പറഞ്ഞിരുന്നു. അയാള് പൊയ്മുഖമുള്ള ആളാണ്. എപ്പോഴും 'ഹു കെയര്' എന്നാണ് ആറ്റിറ്റിയൂട്ട്. അയാളൊരു ഹാബിച്വല് ഒഫന്ഡറാണെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും റിനി പറഞ്ഞിരുന്നു. ഇയാളില് നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പാര്ട്ടിയിലെ തന്നെ പലരോടും പറഞ്ഞിരുന്നു. എന്നാല് നടപടിയുണ്ടായില്ലെന്നും റിനി പറഞ്ഞിരുന്നു. രാഹുല് മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന് മാധ്യമപ്രവര്ത്തകര് ചോദിച്ചപ്പോള് അത് പറയില്ലെന്നും അയാള് ഉള്പ്പെടുന്ന പാര്ട്ടിയിലെ ആളുകളുമായി നല്ല സൗഹൃദമാണുള്ളതെന്നും റിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവര്ത്തക തുറന്നുകാട്ടിയ വ്യക്തി രാഹുല് മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയര്ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്ശനവുമായി എഴുത്തുകാരി ഹണി ഭാസ്കരനും രംഗത്തെത്തി. രാഹുല് മാങ്കൂട്ടത്തില് തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്ഗ്രസ് നേതാക്കള് തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്കര് പറഞ്ഞത്. സംഭവം വലിയ വിവാമായി മാറി. രാഹുല് മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള് രംഗത്തെത്തി. രാഹുല് മാങ്കൂട്ടത്തില് ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്ന ഫോണ് സംഭാഷണം റിപ്പോര്ട്ടര് പുറത്തുവിട്ടു. പിന്നാലെ രാഹുല് മാങ്കൂട്ടത്തില് യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു.
മാധ്യമങ്ങളെ കണ്ട രാഹുല് വിഷയത്തെ നിസാരവത്ക്കരിക്കുകയാണ് ചെയ്തത്. ആരോപണം തനിക്കെതിരെയാണെന്ന് കരുതുന്നില്ല എന്നായിരുന്നു രാഹുല് മാങ്കൂട്ടത്തില് പറഞ്ഞത്. നടിയുമായി മികച്ച സൗഹൃദമാണുള്ളതെന്നും രാഹുല് പറഞ്ഞിരുന്നു. ഗര്ഭഛിദ്രത്തിന് നിര്ബന്ധിച്ചു എന്ന ആരോപണത്തില് രാഹുല് മാങ്കൂട്ടത്തിലിനെതിരെ പരാതി പോയിട്ടുണ്ട്. എറണാകുളം സെന്ട്രല് പൊലീസ് സ്റ്റേഷനില് ഷിന്റോ സെബാസ്റ്റ്യൻ എന്ന അഭിഭാഷകനാണ് പരാതി നല്കിയത്. റിപ്പോര്ട്ടര് ടിവി പുറത്തുവിട്ട ഫോണ് സംഭാഷണം കേസെടുക്കാന് പര്യാപ്തമാണെന്ന് ഷിന്റോ പരാതിയില് ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതര വകുപ്പുകള് ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുല് നടത്തിയത് എന്നും പരാതിയില് പറഞ്ഞിരുന്നു.
Content Highlights- Trans woman avanthika allegation against rahul mamkootathil mla