രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കും വരെ പ്രതിഷേധം തുടരും: ഡിവൈഎഫ്‌ഐ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതുകൊണ്ട് ഉയര്‍ന്ന പരാതികള്‍ക്ക് പരിഹാരമാകില്ലെന്നും ഡിവൈഎഫ്‌ഐ

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് ഡിവൈഎഫ്‌ഐ. എംഎല്‍എ സ്ഥാനം രാജിവെക്കും വരെ രാഹുലിനെ പാലക്കാട് ഒരു പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ആര്‍ ജയദേവന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതുകൊണ്ട് ഉയര്‍ന്ന പരാതികള്‍ക്ക് പരിഹാരമാകില്ലെന്നും ഡിവൈഎഫ്‌ഐ നേതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും തന്നെ ന്യായീകരിക്കേണ്ട ബാധ്യത പാർട്ടി പ്രവർത്തകർക്കില്ലെന്നും രാഹുൽ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാജി പ്രഖ്യാപിച്ചത്.

'1.25 വരെ ഞന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നതാണ് എന്റെ പദവി. കോണ്‍ഗ്രസിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് ഞാന്‍ തുടങ്ങുന്നത്. ആ പ്രതിനിധിയാണ് ഇപ്പോഴും. പാര്‍ട്ടിക്കെതിരായ കടന്നാക്രമണത്തെ ചെറുത്തുനില്‍ക്കും. അതിനാല്‍ ആവുന്നത്ര ശത്രുക്കളുണ്ട്. ഞാന്‍ വ്യക്തിപരമായി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അനുഭവിക്കും. തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണ്. 1.30 ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുന്നു'-എന്നാണ് രാഹുൽ പറഞ്ഞത്.

യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. അതിനുപിന്നാലെ  രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും ചാറ്റും പുറത്തുവന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റും പുറത്ത് വന്നിട്ടുണ്ട്.

Content Highlights: Protests will continue until Rahul Mamkoottathil resigns as MLA says DYFI

To advertise here,contact us