'രാഹുലിൻ്റേത് ഒരു രോഗാവസ്ഥ, ചികിത്സിക്കണം'; ഡോക്‌ടറായതുകൊണ്ട് പറയുകയാണെന്ന് പി സരിന്‍

'രാഹുലിനെതിരെ ഷാഫി പറമ്പിലിന് പരാതി ലഭിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഒരു വരവ് കൂടി വരേണ്ടിവരും'

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയേയും കോണ്‍ഗ്രസ് നേതൃത്വത്തേയും വിമര്‍ശിച്ച് പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ഒരു രോഗാവസ്ഥയാണെന്നും ചികിത്സിക്കണമെന്നും സരിന്‍ പറഞ്ഞു. ഒരു ഡോക്ടറായതുകൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും സരിന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഷാഫി പറമ്പില്‍ എംപിയേയും പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും പി സരിന്‍ വിമര്‍ശിച്ചു. കൊണ്ടുനടന്നതും നീയേ ഷാഫി, കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ എന്നാണ് ഓര്‍മ വരുന്നതെന്ന് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഹുലുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍ തനിക്ക് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ കോള്‍ വന്നതായി സരിന്‍ പറയുന്നു. കുറേ പേര്‍ മൗനത്തിലായിരുന്നു. ആരും ചീത്ത പറഞ്ഞില്ല. പണ്ടൊക്കെ പാര്‍ട്ടിയെ ചതിച്ചുപോയി എന്ന് പറഞ്ഞ് ഭയങ്കര ചീത്തവിളിയായിരുന്നു. ഇന്ന് അവര്‍ക്ക് തോന്നുന്നത് പാര്‍ട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബലിയാടായ ഒരു മനുഷ്യനാണ് താന്‍ എന്നാണെന്നും സരിന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനിയും മൗനം നടിച്ചാല്‍ കേരളത്തില്‍ ഒരുപാട് അപകടങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയ എതിരാളികള്‍ മുതലെടുക്കും എന്ന് കരുതി നിങ്ങള്‍ അടക്കിവെയ്ക്കാനാണ് ശ്രമിക്കുന്നത് എങ്കില്‍ ഇതാണ് ഇതാണ് തുടര്‍ന്ന് ഉണ്ടാകാന്‍ പോകുന്ന അനുഭവം എന്നെങ്കിലും മനസിലാക്കണം. കാരണം അടച്ചുവെയ്ക്കും തോറും ആളുകള്‍ എത്തിച്ചേരുന്ന ഉയരം കൂടും, ഉയരം കൂടുംതോറും വീഴ്ചയുടെ ആഘാതവും കൂടും എന്നുള്ളതാണ് നമ്മള്‍ മനസിലാക്കുന്നതെന്നും സരിന്‍ പറഞ്ഞു. കേരളത്തിലെ പ്രജ്വൽ രേവണ്ണ ആരാണെന്ന് നാട്ടുകാർക്ക് മനസിലായെന്നും പി സരിൻ പരിഹസിച്ചു.

തനിക്ക് ഒന്ന് രണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും അത് ആരോപണവിധേയനായ മാന്യദ്ദേഹത്തോടല്ലെന്നും സരിന്‍ പറയുന്നു. മാന്യദ്ദേഹം എന്തായാലും ഒരുപാട് കേസുകളൊക്കെയായി വിചാരണ നേരിടേണ്ടി വരും. രണ്ട് കേസുകള്‍ ഇതിനോടകം ഫയല്‍ ചെയ്യപ്പെട്ടു. ഒന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ്. രണ്ട് രാഹുലിനെതിരെ ഉയര്‍ന്ന ഗര്‍ഭഛിദ്ര ആരോപണവുമായി ബന്ധപ്പെട്ടാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ അവസ്ഥയെ ബാലാവകാശ കമ്മീഷന്‍ നിയമത്തിന്‍ പരിധിയില്‍ വരും എന്നാണ് മനസിലാക്കുന്നതെന്നും സരിന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സെക്ഷ്വല്‍ ഒഫന്‍സുകളെക്കുറിച്ച് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിന് രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യം സരിന്‍ ഉന്നയിക്കുന്നുണ്ട്. രാഹുലിന്റെ ഈ അസാമാന്യ പെര്‍ഫോമന്‍സ് ഷാഫിക്ക് മുന്നേ അറിയാമായിരുന്നോ? അറിമായിരുന്നു എങ്കില്‍ അതിന്റെ പേരില്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിന് സംഘടനയ്ക്ക് അകത്തുനിന്നുള്ള യൂത്ത് കോണ്‍ഗ്രസുകാരുടെയും കെഎസ്‌യുക്കാരുടെയും എന്തെങ്കിലുമൊക്കെ പരാതി ലഭിച്ചിരുന്നോ?. ചിലപ്പോള്‍ ഓറല്‍ ആയിട്ടായിരിക്കാം, ചിലപ്പോള്‍ എഴുത്തായിട്ടായിരിക്കാം. പരാതി ലഭിച്ചോ എന്ന് വ്യക്തമാക്കണം. ഇനി ഇല്ലാ എന്ന് പറയാനാണെങ്കില്‍ ലഭിച്ചിരുന്നതിന്റെ കഥകള്‍ പറയാന്‍ താന്‍ ഒന്നുകൂടി നിങ്ങളുടെ മുമ്പിലേക്ക് വരാമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഹൂ കെയേഴ്സ് എന്ന ആറ്റിറ്റ്യൂഡുള്ള നേതാവാണ് മോശമായി പറഞ്ഞതെന്ന് റിനി ആൻ ജോർജ് വെളിപ്പെടുത്തിയിരുന്നു. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചിരുന്നതായും മാധ്യമപ്രവര്‍ത്തക പറഞ്ഞിരുന്നു. അയാളോട് അപ്പോള്‍ തന്നെ തുറന്നടിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാന്‍ പാടില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രമാദമായ സ്ത്രീപീഡനക്കേസുകളില്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് സംഭവിക്കും, അവര്‍ സുഖമായി ഇരിക്കുന്നില്ലേ എന്നാണ് തിരിച്ച് ചോദിച്ചതെന്നും റിനി പറഞ്ഞിരുന്നു. അയാള്‍ പൊയ്മുഖമുള്ള ആളാണ്. എപ്പോഴും 'ഹു കെയര്‍' എന്നാണ് ആറ്റിറ്റിയൂട്ട്. അയാളൊരു ഹാബിച്വല്‍ ഒഫന്‍ഡറാണെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും റിനി പറഞ്ഞിരുന്നു. ഇയാളില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പാര്‍ട്ടിയിലെ തന്നെ പലരോടും പറഞ്ഞിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും റിനി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് പറയില്ലെന്നും അയാള്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയിലെ ആളുകളുമായി നല്ല സൗഹൃദമാണുള്ളതെന്നും റിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക തുറന്നുകാട്ടിയ വ്യക്തി രാഹുല്‍ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്. സംഭവം വലിയ വിവാമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു.

മാധ്യമങ്ങളെ കണ്ട രാഹുല്‍ വിഷയത്തെ നിസാരവത്ക്കരിക്കുകയാണ് ചെയ്തത്. ആരോപണം തനിക്കെതിരെയാണെന്ന് കരുതുന്നില്ല എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. നടിയുമായി മികച്ച സൗഹൃദമാണുള്ളതെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്ന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി പോയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഷിന്റോ സെബാസ്റ്റ്യൻ എന്ന അഭിഭാഷകനാണ് പരാതി നല്‍കിയത്. റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട ഫോണ്‍ സംഭാഷണം കേസെടുക്കാന്‍ പര്യാപ്തമാണെന്ന് ഷിന്റോ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുല്‍ നടത്തിയത് എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

Content Highlights- P Sarin against rahul mamkootathil and congress leadership

To advertise here,contact us