'ബന്ധപ്പെട്ട ആളുകള്‍ ചര്‍ച്ചചെയ്ത് അടിയന്തിരമായി തീരുമാനം പ്രഖ്യാപിക്കണം';രാഹുലിനെതിരായ ആരോപണത്തിൽ കെ സുധാകരൻ

വ്യക്തിപരമായ അഭിപ്രായം പറയുന്നതിന് അര്‍ത്ഥമില്ലെന്നും തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും സുധാകരന്‍

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണത്തില്‍ പ്രതികരിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. ഈ കേസ് എമര്‍ജന്‍സി അല്ലെന്നും പാര്‍ട്ടി നേതാക്കന്മാരുടെ സൗകര്യാര്‍ത്ഥം സംസ്ഥാന നേതാക്കന്മാരുടെ തീരുമാനം വരുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'വ്യക്തിപരമായ അഭിപ്രായം പറയുന്നതിന് അര്‍ത്ഥമില്ല. തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി തലത്തില്‍ ഉന്നത സ്ഥാനത്ത് ഇരിക്കുന്നയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു ആരോപണം വന്നാല്‍ എങ്ങനെ ഡീല്‍ ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിക്കണം. കെ സുധാകരനും വി ഡി സതീശനുമല്ല തീരുമാനിക്കേണ്ടത്. പാര്‍ട്ടി തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുന്നു', കെ സുധാകരന്‍ പറഞ്ഞു.

താന്‍ കെപിസിസി അധ്യക്ഷനായിരുന്ന സമയത്ത് ആരോപണങ്ങള്‍ വരുമ്പോള്‍ നേതാക്കന്മാരെ വിളിച്ച് ചര്‍ച്ച ചെയ്ത് പാര്‍ട്ടി തീരുമാനമെടുത്ത് പറയുമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്റെ കാലയളവില്‍ ഇത്തരം ആരോപണം വന്നിട്ടില്ലെന്നും രാഹുലിനെതിരായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

'ബന്ധപ്പെട്ട ആളുകള്‍ ചര്‍ച്ച ചെയ്ത് അടിയന്തിരമായി തീരുമാനം പ്രഖ്യാപിക്കണം. പാര്‍ട്ടി നേതൃത്വം അധികം നീട്ടാതെ പരിഹാരം ഉണ്ടാക്കണം. പാര്‍ട്ടി ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണം. എടുക്കേണ്ട ശരിയായ തീരുമാനം പാര്‍ട്ടിയെടുക്കണം. ആരോപണങ്ങളുടെ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. അന്വേഷിച്ച് ശരിയാണെന്ന് വന്നാല്‍ ശരിയായ നടപടിയെടുക്കും', അദ്ദേഹം പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടിത്തിലിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ അടിയന്തര നടപടി വേണമെന്ന് ഹൈക്കമാന്‍ഡിനോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടപടി വൈകുംതോറും അത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുലിനോട് എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടായിരുന്നു ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയത്.

കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായത്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. 'രാഹുല്‍ മാങ്കൂട്ടം-അനുഭവം' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരന്‍ തുറന്നെഴുതിയത്.

മാത്രവുമല്ല, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഗുരുതര ശബ്ദ സംഭാഷണം റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമായിരുന്നു റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. സ്വകാര്യത മാനിച്ച് ഫോണ്‍ സംഭാഷണത്തില്‍ യുവതിയുടെ ശബ്ദം എഡിറ്റ് ചെയ്താണ് റിപ്പോര്‍ട്ടര്‍ സന്ദേശം പുറത്തുവിട്ടത്.

Content Highlights: K Sudhakaran reaction about allegation against Rahul mamkoottathil

To advertise here,contact us