എസ്എഫ്‌ഐ നേതാക്കളെ 'സംഘി' ചാപ്പ കുത്തിയ എംഎസ്എഫുകാര്‍ കെഎസ്‌യു നേതാവിനെയും 'സംഘി' ചാപ്പ കുത്തുമോ?: വി വസീഫ്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുന്ന കാലം അതിവിദൂരമല്ല എന്നും കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.

കണ്ണൂര്‍: എംഎസ്എഫ് മതസംഘടനയാണെന്ന കെഎസ്‌യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുബാസ് സി എച്ചിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എംഎസ്എഫ് മതസംഘടന തന്നെയാണ് എന്നാണ് മുബാസ് പറഞ്ഞതെന്നും എസ് എഫ് ഐ നേതാക്കളെ സംഘി ചാപ്പ കുത്തിയ എം എസ്എഫും എംഎസ്എഫിന്റെ ഉപദേശകരായ മൗദൂദികളും കെ എസ് യു നേതാവിനെയും സംഘി ചാപ്പ കുത്തുമോ എന്നാണ് വസീഫ് ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു വി വസീഫിന്റെ പ്രതികരണം.

'കെഎസ് യു കണ്ണൂര്‍ ജില്ല സെക്രട്ടറി മുബാസ് സി എച്ച് എംഎസ്എഫിനെ കുറിച്ച് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്

"MSF മത സംഘടന തന്നെയാണ്. മുഖം മറച്ച് ക്യാമ്പസ്സിൽ മതം പറഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ വേർ തിരിക്കുന്നവർ. കണ്ണൂരിലെ ക്യാമ്പസ്സിൽ നിന്നും അകറ്റി നിർത്താം ഈ കൂട്ടരേ". എസ്എഫ്ഐ നേതാക്കളെ സംഘി ചാപ്പ കുത്തിയ എംഎസ്എഫും എംഎസ്എഫിന്റെ ഉപദേശകരായ മൗദൂദികളും കെഎസ് യു നേതാവിനെയും `സംഘി’ചാപ്പകുത്തുമോ?'-വി വസീഫ് ഫേസ്ബുക്കിൽ കുറിച്ചു.

എംഎസ്എഫ് മത സംഘടനതന്നെയാണെന്നും സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണെന്നുമുളള രൂക്ഷ വിമർശനമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി ഉയർത്തിയത്.

മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിക്കണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്. കണ്ണൂരിലെ ക്യാംപസിൽ നിന്നും എംഎസ്എഫിനെ അകറ്റി നിർത്താം. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുന്ന കാലം അതിവിദൂരമല്ല എന്നും കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.

എം എം കോളേജിൽ കെഎസ്‌യു സ്ഥാനാർത്ഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് അതിൽ നിന്ന് പിന്മാറാൻ എംഎസ്എഫ് പ്രേരിപ്പിച്ചുവെന്നും കെഎസ്‌യു ജില്ലാ സെക്രട്ടറി ആരോപിച്ചു. എംഎസ്എഫ് ക്യാമ്പസുകളിൽ വർഗീയ ചിന്തകളുടെ അപ്പസ്തോലൻന്മാരായി പ്രവർത്തിക്കുകയാണെന്നും മുബാസ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. ക്യാംപസുകളിൽ വിദ്യാർത്ഥികൾ രാഷ്ട്രീയം തെരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്‌ച്ചപാടുകൾക്ക് അനുസരിച്ചാണ് അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ലെന്നും കെഎസ്‌യു ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തിയിരുന്നു.

വി വസീഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

കെ.എസ്.യു കണ്ണൂര്‍ ജില്ല സെക്രട്ടറി മുബാസ്.സി.എച്ച് എം.എസ്.എഫിനെ കുറിച്ച് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്

``MSF മത സംഘടന തന്നെയാണ്. മുഖം മറച്ച് ക്യാമ്പസ്സിൽ മതം പറഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ വേർ തിരിക്കുന്നവർ. കണ്ണൂരിലെ ക്യാമ്പസ്സിൽ നിന്നും അകറ്റി നിർത്താം ഈ കൂട്ടരേ...``

എസ്.എഫ്.ഐ നേതാക്കളെ സംഘി ചാപ്പ കുത്തിയ എം.എസ്.എഫും എം.എസ്.എഫിന്റെ ഉപദേശകരായ മൗദൂദികളും കെ.എസ്.യു നേതാവിനെയും `സംഘി’ചാപ്പകുത്തുമോ? . വി വസീഫ്

Content Highlights: V Vaseef about ksu kannur district secretary mubas remark against msf

To advertise here,contact us