'രാഹുൽ മാങ്കൂട്ടത്തിൽ രാജിവെയ്ക്കണം'; പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് നടന്ന ബിജെപി മാര്‍ച്ചിൽ സംഘര്‍ഷം

ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്

പാലക്കാട്: അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്കാണ് ബിജെപി മാ‍ർച്ച് നടത്തിയത്.

ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. മാര്‍ച്ചിൽ പങ്കെടുത്ത സി കൃഷ്ണകുമാറിനെയും പൊലീസ് തടഞ്ഞു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

കേരളത്തിന് മുഴുവന്‍ അപമാനമായി മാറിയിരിക്കുകയാണെന്നും എംഎൽഎക്കെതിരെ നേരത്തെയും ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ വന്നിട്ടുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ പറഞ്ഞു. ഇയാളുടെ ചരിത്രം പരിശോധിച്ച് നോക്കിയ മതിയെന്നും ശ്രീകണ്ഠപുരത്ത് ഒരു ഫ്ലാറ്റുണ്ടെന്നും അതിൻ്റെ ചരിത്രം ഒന്ന് പരിശോധിച്ച് നോക്കണമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. പെങ്ങന്മാരുടെ മാനം സംരക്ഷിക്കാൻ ഇവിടുത്തെ ജനത തെരുവിൽ ഇറങ്ങുക തന്നെ ചെയ്യുമെന്നും പ്രശാന്ത് പറഞ്ഞു.

അതേസമയം രാഹുലിനെതിരെ അതിരൂക്ഷ പരാമർശങ്ങളുമായി സി കൃഷ്ണകുമാർ രം​ഗത്തെത്തി. ഒരു കോലിൽ സാരി ചുറ്റിയാൽ രാഹുൽ മാങ്കൂട്ടത്തിൽ അങ്ങോട്ട് പോകുമെന്ന് സി കൃഷ്ണകുമാർ പരിഹസിച്ചു. എംഎൽഎ രാത്രി ആക്റ്റീവാകുന്ന ആളാണ്. കോൺഗ്രസ് പാർട്ടിയിലെ സ്ത്രീകൾ രാഹുൽ ഉള്ള പരിപാടിക്ക് വരാൻ മടിക്കുന്നുവെന്നും 7 മുതൽ 70 വരെയുള്ള സ്ത്രീകളോട് ഒരേ മനോഭാവമാണെന്നും കൃഷ്ണകുമാർ പറഞ്ഞു.

Content Highlight : 'Rahul should resign in the crowd'; Clashes during BJP march to MLA's office in Palakkad

To advertise here,contact us