തിരുവനന്തപുരം: നിമിഷപ്രിയ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ എ പോൾ. നിമിഷപ്രിയയെ ഇത്ര കാലം മോചിപ്പിക്കാത്തതില് വിദേശകാര്യ മന്ത്രി മറുപടി പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിമിഷപ്രിയക്ക് വേണ്ടി എന്ത് ചെയ്തുവെന്നും പോൾ ചോദിച്ചു. 11 വർഷമായി ഭരിക്കുന്ന മോദിക്ക് എന്ത് കൊണ്ട് നിമിഷ പ്രിയയെ മോചിപ്പിക്കാൻ കഴിഞ്ഞില്ല. നിമിഷപ്രിയ വിഷയത്തിൽ എന്ത് നിലപാടാണ് സർക്കാരുകൾ സ്വീകരിച്ചതെന്നും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു.
നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരിൽ വ്യാജപണപ്പിരിവ് നടത്തുന്നുവെന്ന് ആരോപിച്ച് കെ എ പോളിനെതിരെ നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ആക്ഷൻ കൗൺസിൽ ലീഗൽ അഡൈ്വസറും സുപ്രീംകോടതി അഭിഭാഷകനുമായി അഡ്വ സുഭാഷ് ചന്ദ്രനാണ് പരാതി നൽകിയത്. നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് പോൾ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോളിന്റെ പരസ്യ പ്രതികരണം.
വ്യാജനെന്നടക്കം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പോൾ തള്ളിക്കളഞ്ഞു. എനിക്ക് ഒന്നും മറയ്ക്കാനില്ല. ഞാൻ വ്യാജനാണെന്ന് മാധ്യമങ്ങൾ വരെ എഴുതി. അത്തരം പരാമർശങ്ങൾ അങ്ങേയറ്റം വേദനിപ്പിച്ചെന്നും പോൾ പറഞ്ഞു. നിമിഷ പ്രിയയുടെ മകളും ഭർത്താവും യെമനിൽ പോയതിനു പണം ചെലവഴിച്ചത് ഞാനാണ്. ഞാൻ ഒന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞ് ആളാവാൻ നോക്കിയിട്ടില്ല. ജൂലൈ 10 മുതൽ മാധ്യമങ്ങളെ സമീപിക്കാതെ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സഹായിക്കാൻ മുന്നിട്ട് നിൽക്കുന്നതിൽ എംപിമാരായ കെസി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും തന്നെ അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.
നിമിഷയുടെ മോചനത്തിനായി കാന്തപുരം ശ്രമിച്ച് പരാജയപ്പെട്ടു. നിമിഷപ്രിയയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെയെല്ലാം അഭിനന്ദിക്കുന്നുവെന്നും പോൾ പറഞ്ഞു. യെമനിലെ നേതാക്കളുമായി തനിക്ക് ബന്ധമുണ്ട്. നിമിഷപ്രിയയുടെ മോചന ദൗത്യത്തിലേക്ക് തന്നെ കൊണ്ട് വന്നത് ദൈവവും ഡൽഹിയിലെ മാധ്യമ പ്രവർത്തകനായ ഗോപിയുമാണെന്നും പോൾ പറഞ്ഞു.
Content Highlights: Nimisha Priya case KA Paul reaction