കണ്ണൂരില്‍ നോമിനേഷന്‍ നല്‍കാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകനെ എംഎസ്എഫ് മര്‍ദ്ദിച്ചെന്ന് പരാതി

നോമിനേഷന്‍ നല്‍കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചെന്നാണ് പരാതി

കണ്ണൂര്‍: കെഎസ്‌യു പ്രവര്‍ത്തകനെ എംഎസ്എഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കണ്ണൂര്‍ തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കെഎസ്‌യു പ്രവര്‍ത്തകനായ അജ്മല്‍ റോഷനാണ് മര്‍ദ്ദനമേറ്റത്. കോളേജ് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കാന്‍ എംഎസ്എഫ് അനുവദിച്ചില്ലെന്ന് കെഎസ്‌യു ആരോപിച്ചു. നോമിനേഷന്‍ നല്‍കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചെന്നാണ് പരാതി.

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിനെതിരെ എംഎസ്എഫ് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പരാതിക്ക് പിന്നാലെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ എംഎസ്എഫ് ആക്രമണം നടത്തിയതെന്നാണ് പരാതി. കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെഎസ്‌യു മുന്നണി മര്യാദ ലംഘിച്ചെന്നും ജില്ലാ പ്രസിഡന്റ് വഞ്ചിച്ചെന്നും കാണിച്ചാണ് എംഎസ്എഫ് ഡിസിസിക്കും കെപിസിസിക്കും പരാതി നല്‍കിയത്.

എംഎസ്എഫ് മുന്നണി മര്യാദകള്‍ പാലിക്കുന്നില്ലെന്നും ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും കാണിച്ച് കെഎസ്‌യുവും പരാതി നല്‍കിയിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ക്കായിരുന്നു പരാതി നല്‍കിയത്.

Content Highlights: MSF attack KSU worker in Kannur

To advertise here,contact us