പി സി ജോർജിൻ്റെ വിദ്വേഷ പ്രസംഗം; പൊലീസ് നീക്കങ്ങളിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരൻ

ജാമ്യ വ്യവസ്ഥകളുടെ ലംഘനം ഉണ്ടായിട്ടും പൊലീസ് കാര്യമായി ഇടപെടുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു

കൊച്ചി: പി സി ജോർജിൻ്റെ തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ പൊലീസ് നടപടികൾ വൈകുന്നതിനെതിരെ പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് ടി അനീഷ്. ജാമ്യ വ്യവസ്ഥകളുടെ ലംഘനം ഉണ്ടായിട്ടും പൊലീസ് കാര്യമായി ഇടപെടുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു. പൊലീസ് നീക്കങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. എന്നാൽ നിയമോപദേശം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. കേരളത്തില്‍ വര്‍ഗീയത കൂടുന്നുവെന്നതടക്കമുള്ള പരാമർശങ്ങളായിരുന്നു പി സി ജോർജ് നടത്തിയത്. മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് മാറുന്നത് ഗുണകരമല്ലെന്ന് പി സി ജോർജ് പറഞ്ഞിരുന്നു.

ഇക്കാര്യം മുസ്‌ലിം സമൂഹം കൂടി പരിശോധിക്കണം. രാജ്യത്തെ സ്‌നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ട. ഇതിന്റെ പേരില്‍ വേണമെങ്കില്‍ പിണറായിക്ക് ഒരു കേസ് കൂടി തന്റെ പേരില്‍ എടുക്കാം. തനിക്ക് പ്രശ്‌നമില്ല. കോടതിയില്‍ തീര്‍ത്തോളാമെന്നും പി സി ജോർജ് പറഞ്ഞിരുന്നു. സമാന പരാമര്‍ശങ്ങള്‍ നടത്തിയതിന് പി സി ജോര്‍ജിനെതിരെ നേരത്തെ കേസെടുത്തതാണെന്നും കൃത്യമായ ശിക്ഷ നല്‍കാത്തതുകൊണ്ടാണ് പി സി ജോര്‍ജ് വീണ്ടും തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും അനീഷ് കാട്ടാക്കട നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Content Highlights: Youth Congress leader Aneesh complains about police delay in action over PC George's hate speech in Thodupuzha

To advertise here,contact us