കൊച്ചി: ബലാത്സംഗക്കേസില് പ്രതിയായ റാപ്പര് വേടന്റെ (ഹിരണ്ദാസ് മുരളി) മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്. മുന്കൂര് ജാമ്യാപേക്ഷയില് സിംഗിള് ബെഞ്ച് പരാതിക്കാരിയുടെയും വേടന്റെയും വാദം കേള്ക്കും.
റാപ്പര് വേടനെതിരായ തെളിവുകള് ഹാജരാക്കാന് പരാതിക്കാരിയോട് ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്ത് പൊലീസും നിലപാട് അറിയിക്കും. വേടന് സ്ഥിരം കുറ്റവാളിയാണെന്നാണ് പരാതിക്കാരിയുടെ വാദം. വേടനെതിരെ രണ്ട് പരാതികള് കൂടി മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. സര്ക്കാരില് സ്വാധീനമുള്ള ആളാണ് വേടനെന്നും പരാതിക്കാരി ഉന്നയിക്കുന്നു. താല്പര്യമില്ലെന്ന് പറഞ്ഞപ്പോഴും നിര്ബന്ധപൂര്വ്വം ലൈംഗികാതിക്രമം നടത്തിയെന്നുംപരാതിക്കാരി ആരോപിച്ചിരുന്നു.
എന്നാല് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു യുവതിയുമായി ഉണ്ടായിരുന്നതെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും മറ്റു പരാതികള് ഉണ്ടെന്ന വാദം നിയമത്തിന്റെ ദുരുപയോഗമാണെന്നും വേടന് വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന സുപ്രീംകോടതി ഉത്തരവുകളും ചൂണ്ടിക്കാട്ടിയിരുന്നു.
ഓരോ കേസും വസ്തുതകള് പരിശോധിച്ചുമാത്രമെ വിലയിരുത്താനാകൂവെന്ന് കോടതി വാക്കാല് അഭിപ്രായപ്പെട്ടു. കൂടുതല് രേഖകള് ഹാജരാക്കാന് പരാതിക്കാരിയോട് ആവശ്യപ്പെട്ട കോടതി ഹർജി ഇന്ന് പരിഗണിക്കാന് മാറ്റുകയായിരുന്നു. 2021-23 കാലയളവില് വിവിധ ഇടങ്ങളില് വെച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് റാപ്പര് വേടനെതിരായ കേസ്. ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നാണ് റാപ്പര് വേടന്റെ വാദം.
Content Highlights: Rapper Vedan's anticipatory bail application to be considered today