പല തവണ തൃശൂർ എടുക്കുമെന്ന് പറഞ്ഞു, സുരേഷ് ഗോപി ബിജെപിയുടെ കൂട്ടത്തിലെ സത്യസന്ധനായ കള്ളൻ: രാഹുൽ മാങ്കൂട്ടത്തിൽ

'പിക്യുആര്‍എസ് അച്ഛന് കചതടപ അമ്മയിലുണ്ടായ കുറെ അക്ഷരലിപികളായ കുഞ്ഞുങ്ങളാണ് ബിജെപിയുടെ നരേന്ദ്ര മോദി മുതല്‍ സുരേഷ് ഗോപി വരെയുള്ളവരെ ജയിപ്പിച്ചത്'

പാലക്കാട്: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ ബിജെപിക്കും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കുമെതിരെ ആഞ്ഞടിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപിയുടെ കൂട്ടത്തിലെ സത്യസന്ധനായ കള്ളന്‍ സുരേഷ് ഗോപിയാണെന്ന് അദ്ദേഹം പരിഹസിച്ചു. സുരേഷ് ഗോപി പല തവണ തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞപ്പോള്‍ നമ്മള്‍ വിശ്വസിച്ചില്ലെന്ന് രാഹുല്‍ പറഞ്ഞു.

'ബിജെപിയിലെ കള്ളന്മാരുടെ കൂട്ടത്തില്‍ സത്യസന്ധനായ കള്ളന്‍ സുരേഷ് ഗോപിയാണ്. പല കുറി തൃശൂര്‍ എടുക്കുകയാണെന്ന് അദ്ദേഹം കേരളത്തോട് പറഞ്ഞതാണ്. അന്നേരം നമ്മള്‍ വിശ്വസിച്ചില്ല. പതിവ് പോലെ വിടുവായിത്തം പറയുകയാണെന്ന് നമ്മള്‍ കരുതി. പക്ഷേ, അദ്ദേഹം സത്യസന്ധനായ കള്ളനായത് കൊണ്ട് ജയിക്കുകയല്ല, കട്ടെടുക്കുകയാണെന്ന് നിരവധ തവണ പറഞ്ഞു. പ്രധാനമന്ത്രി പദവി തൊട്ട് ബിജെപിക്കാര്‍ കയ്യാളുന്ന മുഴുവന്‍ പദവികളും ജനാധിപത്യത്തെ മോഷ്ടിച്ച് നേടിയ വിജയമാണ്. അതിനെതിരായി രാഹുല്‍ ഗാന്ധിയെന്ന പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിന്റെ സമരം നടക്കുകയാണ്', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കുറേ അക്ഷരലിപികളായ കുഞ്ഞുങ്ങളാണ് ബിജെപിയുടെ നരേന്ദ്ര മോദി മുതല്‍ സുരേഷ് ഗോപി വരെയുള്ളവരെ ജയിപ്പിച്ചതെന്ന ഏറ്റവും ഭീതിജനമായ വാര്‍ത്തകളാണ് പുറത്ത് വരുന്നുവെന്നും രാഹുല്‍ പരിഹസിച്ചു. 'വോട്ടര്‍ പട്ടികയില്‍ നമ്മള്‍ അഭിമാനത്തോടെ നമ്മുടെ പേര് എഴുതി. അച്ഛന്റെയും അമ്മയുടെയും പേര് ചോദിച്ചപ്പോള്‍ അതിനും അഭിമാനത്തോടെ അവരുടെ പേരെഴുതി. എന്നാല്‍ നരേന്ദ്രമോദിയെയും സുരേഷ് ഗോപിയെയും ജയിപ്പിച്ച ബിജെപിക്കാരുടെ അച്ഛന്റെ കോളത്തില്‍ പിക്യുആര്‍എസ് എന്നാണ് പേര്. അമ്മയുടെ പേര് കചതടപ. പിക്യുആര്‍എസ്ടി അച്ഛന് കചതടപ അമ്മയിലുണ്ടായ കുറെ അക്ഷരലിപികളായ കുഞ്ഞുങ്ങളാണ് ബിജെപിയുടെ നരേന്ദ്ര മോദി മുതല്‍ സുരേഷ് ഗോപി വരെയുള്ളവരെ ജയിപ്പിച്ചതെന്ന ഏറ്റവും ഭീതിജനമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്', അദ്ദേഹം പറഞ്ഞു.

വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളായിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

കാര്യമായ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉത്തരം നല്‍കിയില്ലെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു. ഭരണകക്ഷിയെ വെല്ലുവിളിക്കുന്നവരെ ഭീഷണിപ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം കണ്ടെന്നും തന്റെ ഒരു ചോദ്യത്തിന് പോലും മറുപടിയില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വോട്ട് മോഷണം ഇനി അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Content Highlights: Rahul Mamkoottathil about BJP Suresh Gopi and Votechori

To advertise here,contact us