നാദാപുരം: മരിച്ചതിനാല് വോട്ടര്പട്ടികയില് നിന്ന് പേരുവെട്ടാനായുള്ള പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരില് നിന്ന് നോട്ടീസ് ഏറ്റുവാങ്ങിയത് 'മരിച്ച' സ്ത്രീ തന്നെ. നാദാപുരത്താണ് സംഭവം. നാദാപുരം പഞ്ചായത്തിലെ കല്ലുള്ളതില് കല്യാണി എന്ന സ്ത്രി മരിച്ചതിനാല് ഇവരുടെ പേര് വോട്ടര്പട്ടികയില് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് പരാതി നല്കിയതിനെ തുടര്ന്നായിരുന്നു ഉദ്യോഗസ്ഥര് അന്വേഷണത്തിനെത്തിയത്. വോട്ടര്പട്ടികയില് നിന്ന് പേര് നീക്കം ചെയ്യാനുള്ള നോട്ടീസ് കൈപ്പറ്റിയതും കല്യാണി തന്നെയായിരുന്നു.
ഇതോടെ വോട്ടര്പട്ടിക ക്രമക്കേടിന്റെ പേരില് നേര്ക്കുനേര് പോരാടിയിരുന്ന നാദാപുരത്ത് യുഡിഎഫ്, എല്ഡിഎഫിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വ്യാജരേഖകള്നല്കി നാദാപുരം പഞ്ചായത്തിലെ വോട്ടര്മാരെ പട്ടികയില്നിന്ന് ഇല്ലാതാക്കാനുള്ള സിപിഎം നീക്കം പരാജയഭീതികൊണ്ടാണെന്ന് യുഡിഎഫ് ആരോപിച്ചു. വോട്ടുകള് വ്യാജ പരാതിനല്കി നീക്കംചെയ്യിക്കാനുള്ള ശ്രമത്തെയും ജീവിച്ചിരിക്കുന്നവര് മരിച്ചു എന്ന് ആക്ഷേപിക്കുന്നതിനെതിരേയും കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് യുഡിഎഫ് കണ്വീനര് കെ എം രഘുനാഥ് പറഞ്ഞു.
Content Highlight; Nadapuram Voter List Name Removal Notice Sparks Controversy