മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടപടിക്രമങ്ങൾ വൈകിപ്പിച്ചതിന് പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

കേസിന്റെ പ്രധാന രേഖകള്‍ ഫയലില്‍ നിന്ന് മാറ്റിയെന്ന പരാതി ഉയര്‍ന്നിരുന്നു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിലെ നടപടിക്രമങ്ങള്‍ വൈകിപ്പിച്ചതിന് പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. മരട് എസ്‌ഐ കെ കെ സജീഷിനെ ട്രാഫിക് വെസ്റ്റ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. കേസിന്റെ പ്രധാന രേഖകള്‍ ഫയലില്‍ നിന്ന് മാറ്റിയെന്ന പരാതി ഉയര്‍ന്നിരുന്നു. കൊച്ചി ഡിസിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.

സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ കേസ് നടക്കുന്നത്. സിനിമയുടെ നിര്‍മാണത്തിനായി പല ഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതി ചേര്‍ക്കപ്പെട്ട നിര്‍മാതാക്കള്‍ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് ലാഭവിഹിതം നല്‍കാത്തതെന്നാണ് നിര്‍മാതാക്കളുടെ വാദം.

Content Highlights: Manjummel boys financial fraud case: Police officer transferred for delaying proceedings

To advertise here,contact us