കത്ത് ചോർച്ചാ വിവാദം: ഷർഷാദിനെതിരെ വക്കീൽ നോട്ടീസയച്ച് എം വി ഗോവിന്ദൻ; പ്രതികരണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യം

മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു

തിരുവനന്തപുരം: കത്ത് ചോര്‍ച്ചാ വിവാദത്തിന് പിന്നാലെ ചെന്നൈയിലെ മലയാളി വ്യവസായി ബി മുഹമ്മദ് ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുതിര്‍ന്ന അഭിഭാഷകനായ രാജഗോപാലന്‍ നായര്‍ വഴിയാണ് നോട്ടീസ് അയച്ചത്. ഷര്‍ഷാദ് അകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് നോട്ടീസില്‍ പറയുന്നു. എം വി ഗോവിന്ദനെതിരെ നടത്തിയ പ്രതികരണങ്ങള്‍ പിന്‍വലിക്കണമെന്നും മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

അതേസമയം അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ഷര്‍ഷാദിനെതിരെ വ്യവസായിയും സിപിഐഎമ്മിന്റെ യുകെ ഘടകത്തിലെ നേതാവുമായ രാജേഷ് കൃഷ്ണ നല്‍കിയ മാനനഷ്ടക്കേസ് അടുത്ത മാസം ഒന്നിന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഷര്‍ഷാദിനും വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ക്കും ഗൂഗിള്‍, മെറ്റ എന്നിവയ്ക്കുമെതിരായാണ് രാജേഷിന്റെ ഹര്‍ജി. 10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ്.

രാജേഷ് കൃഷ്ണയ്ക്കെതിരെ ഷര്‍ഷാദ് പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ കത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2022ലായിരുന്നു ഷെര്‍ഷാദ് രാജേഷ് കൃഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയത്. ഈ കത്ത് ചോര്‍ന്നെന്നാണ് ആരോപണം. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെയും ഷര്‍ഷാദ് പരാതി നല്‍കിയിരുന്നു. ഷര്‍ഷാദ് സിപിഐഎം നേതൃത്വത്തിന് നല്‍കിയ കത്ത് കോടതിയില്‍ ഒരു രേഖയായി വന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസിലായിരുന്നു പരാതി രേഖയായി സമര്‍പ്പിച്ചത്. പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ പരാതി രാജേഷ് കൃഷ്ണയ്ക്ക് ചോര്‍ത്തി നല്‍കിയത് എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന ആരോപണവുമായി ഷര്‍ഷാദ് രംഗത്തെത്തിയിരുന്നു. എം വി ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഇയാള്‍ ഉന്നയിച്ചത്. രാജേഷ് കൃഷ്ണ കടലാസ് കമ്പനി ഉണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങള്‍ ഇയാള്‍ ഉന്നയിച്ചിരുന്നു. ശ്യാംജിത്തുമായി ചേര്‍ന്ന് രാജേഷ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും ഷര്‍ഷാദ് പറഞ്ഞിരുന്നു.

Content Highlights: M V Govindan send legal notice to Muhammad Sharshad on letter Controversy

To advertise here,contact us